കേരളത്തിന്‍റെ കലാസാംസ്‌കാരിക മണ്ഡലത്തില്‍ കേരള സ്‌കൂള്‍ കലോത്സവം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരു കാലത്ത് കലോത്സവ വേദികളില്‍ നിറഞ്ഞു നിന്നിരുന്ന പലരും കേരളത്തിന്‍റെ കലാസാംസ്‌കാരിക മേഖലകളിൽ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.
കേരളത്തിന്‍റെ കൗമാര കലോത്സവം കേവലം കലയുടെ ഉത്സവം മാത്രമല്ല, മറിച്ച് കേരളത്തിന്‍റെ ഒരു മഹാമേളയാണ്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവം കലാകേരളത്തിന് സമ്മാനിച്ച പ്രതിഭകള്‍ നിരവധിയാണ്. ഒരുകാലത്ത് കലോത്സവ വേദികളില്‍ നിറഞ്ഞ് നിന്നിരുന്ന പലരും പിന്നീട് സിനിമ അടക്കമുള്ള വിനോദ- സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മഞ്ജു വാര്യരും ദിവ്യാ ഉണ്ണിയും അടക്കമുള്ള മലയാളത്തിലെ പല സിനിമാ താരങ്ങളും, യേശുദാസും, ജയചന്ദ്രനും, ചിത്രയും അടക്കമുള്ള പാട്ടുകാരും യുവജനോത്സവങ്ങളുടെ സംഭാവനയാണ്.
- സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ തിരുവനന്തപുരത്ത് നടന്ന രണ്ടാം പതിപ്പിലാണ് യേശുദാസും ജയചന്ദ്രനും ജേതാക്കളായത്. യേശുദാസ് ലളിത ഗാനത്തില്‍ സമ്മാനം നേടിയപ്പോള്‍ ജയചന്ദ്രന്‍ മൃദംഗവാദനത്തിലായിരുന്നു മാറ്റുരച്ചത്. പിന്നീട് സമ്മാനദാന ചടങ്ങില്‍ വിജയികള്‍ പ്രകടനം കാഴ്‌ച വച്ചപ്പോള്‍ യേശുദാസിന്‍റെ കച്ചേരിക്ക് മൃദംഗം വായിച്ചത് ജയചന്ദ്രനായിരുന്നു എന്നതും 1958ലെ ഈ കലോത്സവത്തിന്‍റെ പ്രത്യേകതയയായി.
- 1978 ല്‍ തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവമാണ് മലയാളികള്‍ക്ക് കെ എസ് ചിത്ര എന്ന വാനമ്പാടിയെ സമ്മാനിച്ചത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച് 48 -ാമത്തെ കോഡ് നമ്പറായി പാടിയ ആ പെണ്‍കുട്ടി ഒന്നാംസ്ഥാനക്കാരി ആകുകയായിരുന്നു.
മലയാളത്തിലെ ഒട്ടു മിക്ക ചലചിത്ര സംവിധായകരും തങ്ങളുടെ പല മികവുറ്റ നായികമാരെയും കണ്ടെത്തിയത് കലോത്സവ വേദികളില്‍ നിന്നായിരുന്നു. സംവിധായകന്‍ ലോഹിതദാസ് കലോത്സവ വേദിയിലെ നിത്യ സന്ദര്‍ശകനായിരുന്നു. ഇവിടെ നിന്ന് അദ്ദേഹം തന്‍റെ പല നായികമാരെയും കണ്ടെത്തുകയും ചെയ്‌തു.
- 1986ല്‍ തൃശൂരില്‍ നടന്ന കലോത്സവത്തിലാണ് ആദ്യമായി കലാതിലക, പ്രതിഭ പട്ടങ്ങള്‍ ഏര്‍പ്പെടുത്തിയത്. കവി ചെമ്മനം ചാക്കോ ആയിരുന്നു പട്ടങ്ങളുടെ പേര് നിര്‍ദ്ദേശിച്ചത്. ആദ്യ കലാപ്രതിഭാ പട്ടം കണ്ണൂര്‍ സ്വദേശി ആര്‍ വിനീതും, കലാതിലക പട്ടം കൊല്ലം സ്വദേശി പൊന്നമ്പിളിയും സ്വന്തമാക്കി. ഇരുവരും പിന്നീട് അറിയപ്പെടുന്ന ചലച്ചിത്രതാരങ്ങളായി മാറി.
- 1990 ലെ കലാതിലകമായ ദിവ്യ ഉണ്ണി പിന്നീട് ചലച്ചിത്രരംഗത്ത് ശ്രദ്ധേയ താരമായി. 1992 ലെയും 95 ലെയും കലാതിലകമായിരുന്നു മഞ്ജു വാര്യര്‍.
- നൃത്ത ഇനങ്ങളില്‍ തിളങ്ങിയ മഞ്ജുവിലെ നര്‍ത്തകിയെ രൂപപ്പെടുത്തിയതും കലോത്സവമാണ്. ഭരതനാട്യം, മോഹിനിയാട്ടം, കുപ്പിപ്പുടി, നാടോടി നൃത്തം, എന്നീ ഇനങ്ങളിലാണ് മഞ്ജു ചിലങ്ക കെട്ടിയത്.
- ജില്ലാതല കലാതിലകമായിരുന്ന കാവ്യ മാധവനും കലോത്സവ വേദിയിലൂടെയാണ് ചലച്ചിത്ര മേഖലയിലേക്ക് എത്തിയത്. 14ാം വയസില്‍ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായികയായി അരങ്ങേറ്റം നടത്തിയത്. എന്നാല്‍ അതിനു മുന്‍പും കാവ്യ സിനിമയില്‍ എത്തിയിരുന്നു. ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് അഴകിയ രാവണന് എന്ന ചിത്രത്തില്‍ ബാലതാരമായാണ് കാവ്യയുടെ സിനിമാ പ്രവേശം. ഭരതനാട്യം, കുച്ചിപ്പുടി എന്നിവയായിരുന്നു കാവ്യയുടെയും മത്സര ഇനങ്ങള്‍.
- 2001 ലെ കലാതിലകമായിരുന്ന അമ്പിളി ദേവിയും പിന്നീട് സിനിമാ സീരിയല്‍ രംഗത്ത് എത്തി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ ഇനങ്ങളിലാണ് അമ്പിളി മികവ് കാട്ടിയത്.
- നവ്യാ നായരും കലോത്സവ വേദികളുടെ സംഭാവനയാണ്. സിനിമയില്‍ എത്തും മുമ്പേ അരങ്ങില്‍ നിറഞ്ഞാടിയ താരമാണ് നവ്യ. എന്നാല്‍ ധന്യ എന്നായിരുന്നു നവ്യയുടെ അന്നത്തെ പേര്. ഭരതനാട്യം, മോഹിനിയാട്ടം, കേരള നടനം എന്നിവയായിരുന്ന നവ്യ നായരുടെ നൃത്ത ഇനങ്ങള്‍. കലാതിലകപ്പട്ടം നഷ്‌ടമായപ്പോള്‍ കരഞ്ഞ് കൊണ്ട് വേദി വിട്ട നവ്യ നായരെ മലയാളികള്‍ ഇന്നും ഓര്‍ക്കും.
- കലോത്സവ വേദിയിലെ നൃത്തങ്ങളില്‍ നിന്നാണ് സിനിമയ്ക്ക് നായികമാരെ കിട്ടിയതെങ്കില്‍ നാടകങ്ങളും നടിമാരെ സംഭാവന ചെയ്‌തിട്ടുണ്ട്. അതിലെ പ്രധാന താരമാണ് മുത്തുമണി സോമസുന്ദരം. ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം തുടങ്ങിയ ചിത്രങ്ങളില്‍ നടിയായി തുടക്കമിട്ട മുത്തുമണി ഇപ്പോള്‍ തിരക്കുള്ള താരമാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിള്‍ പലതവണ മികച്ച നടിയായും മുത്തുമണി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
- 1988ലെ കലാപ്രതിഭയാണ് വീനിത് കുമാര്‍. 2000 ത്തില്‍ മാപ്പിള പാട്ടില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥി ആയിരുന്നു പിന്നീട് നടനും സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവും ഒക്കെയായി മാറിയ വിനീത് ശ്രീനിവാസന്‍.
- 1991ലെ കലാതിലകമായ വിന്ദുജ മേനോനും കലോത്സവ വേദിയിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തിയത്. വിന്ദുജ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം എന്നീ വിഭാഗങ്ങളിലാണ് തിളങ്ങിയത്. ചലച്ചിത്ര രംഗത്ത് വില്ലന്‍ വേഷങ്ങളില്‍ തിളങ്ങുന്ന ഡോ. ശ്രീഹരി 1996 ല്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് കലോത്സവത്തില്‍ പങ്കെടുക്കുകയും കലാപ്രതിഭ പട്ടം സ്വന്തമാക്കുകയും ചെയ്‌തിരുന്നു. 1998 ലെയും 99 ലെയും കലാപ്രതിഭ ആയിരുന്ന ശിവജിത് പത്മനാഭനും പിന്നീട് സിനിമയിലെത്തി.
- മലയാളത്തില്‍ വളരെ കുറച്ച് കാലം മാത്രം നായികയായി തിളങ്ങിയ ജോമോളുടെ വരവ് കലോത്സവ വേദികളില്‍ നിന്നുമാണ്. കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂളിലെ നൃത്ത സംഘത്തിലെ പ്രധാന താരമായിരുന്നു ജോമോള്‍. ഒരു വടക്കന്‍ വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയുടെ ചെറുപ്പകാലം അവതരിപ്പിച്ച് സിനിമ അരങ്ങേറ്റം നടത്തി.
- ലാല്‍ ജോസ് ചിത്രം ഏഴു സുന്ദര രാത്രികള്‍ എന്ന ചിത്രത്തിലൂടെ എത്തിയ പാര്‍വതി നമ്പ്യാര്‍ പ്ലസ്ടു വരെ കലോത്സവത്തിന്‍റെ ഭാഗമായിരുന്നു. കൂടിയാട്ടമായിരുന്നു പ്രധാന ഇനം.
- കൊല്ലം ജില്ലയില്‍ നിന്നുള്ള സഹോദരിമാരായ ദ്രൗപദിയും പത്മിനിയും കലോത്സവങ്ങളില്‍ തുടര്‍ച്ചയായി കലാതിലക പട്ടം സ്വന്തമാക്കിയവരാണ്. ചലച്ചിത്ര രംഗത്തേക്ക് എത്തിയില്ലെങ്കിലും ഇന്നും ഇവര്‍ കലാ സപര്യ തുടരുന്നുണ്ട്. ഡോക്‌ടര്‍മാരായ ഇരുവരും നൃത്തവേദികളില്‍ സജീവമാണ്. കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചും ഇവര്‍ കലാരംഗത്ത് നിറസാന്നിധ്യമാണ്. കൊല്ലം ജില്ലയില്‍ നിന്നുള്ള രമ്യാ രമണന്‍ തുടര്‍ച്ചയായി കലാതിലകമായി. നൃത്തവേദികളില്‍ ഇപ്പോഴും സജീവമാണ്.
- മന്ത്രിമാരായ ആര്‍ ബിന്ദുവും വീണാ ജോര്‍ജും ഒരു കാലത്ത് കലോത്സവ വേദികളിലെ മിന്നും താരങ്ങളായിരുന്നു എന്നതും വിസ്‌മരിക്കാനാകില്ല.
മത്സരം അനാരോഗ്യകരമായ പ്രവണത കാട്ടിത്തുടങ്ങുകയും, രക്ഷകര്‍ത്താക്കള്‍ തമ്മിലും പലയിനങ്ങളും അഭ്യസിപ്പിക്കുന്ന അധ്യാപകരും തമ്മിലുള്ള കിടമത്സരത്തിലേക്കും കയ്യാങ്കളികളിലേക്കും വരെ സംസ്ഥാന സ്‌കൂള്‍ കലാമേള എത്തുകയും ചെയ്‌തതോടെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു തുടങ്ങി. ഇതോടെ തിലക, പ്രതിഭ പുരസ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്നൊരു ആവശ്യവും ഉയര്‍ന്നു. 2006 മുതല്‍ ഗ്രേഡിങ് സമ്പ്രദായം നടപ്പാക്കിത്തുടങ്ങിയതോടെ കലാതിലക-പ്രതിഭാ പട്ടങ്ങള്‍ ഇല്ലാതായി.