ഇസ്ലാമാബാദ്: 'എരിതീയില്‍ നിന്ന് നേറെ വറചട്ടിയിലേക്ക്' എന്ന സ്ഥിതിയാണ് അഫ്‌ഗാനിസ്ഥാനില്‍ നിന്ന് പാകിസ്ഥാനിലേക്ക് പലായനം ചെയ്‌ത അഭയാർഥികള്‍ക്കെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകള്‍. അഫ്‌ഗാനിലെ താലിബാന്‍ ഭരണത്തില്‍ നിന്ന് രക്ഷപ്പെട്ട് പാകിസ്ഥാനില്‍ അഭയം പ്രാപിച്ചവരുടെ അവസ്ഥ കൂടുതൽ ദയനീയമായിരിക്കുകയാണെന്ന് അന്താരാഷ്‌ട്ര മാധ്യമമായ എഎഫ്‌പി പറയുന്നു.
പാകിസ്ഥാന്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് കൊടിയ പീഡനങ്ങളാണ് ഏല്‍ക്കേണ്ടി വരുന്നതെന്നാണ് അഭയാര്‍ഥികള്‍ പറയുന്നത്. 'അഫ്‌ഗാനികളെ സംബന്ധിച്ചിടത്തോളം, ഇവിടുത്തെ സാഹചര്യം ഭയാനകമാണ്. പാകിസ്ഥാൻ പൊലീസിന്‍റെ പെരുമാറ്റം താലിബാന്‍റെ പെരുമാറ്റം പോലെ തന്നെയാണ്'- പാകിസ്ഥാനിലെ അഫ്‌ഗാന്‍ അഭയാര്‍ഥിയായ ഷഹര്‍സാദ് പറയുന്നു.
പാകിസ്ഥാനിലെ ഒരു ഗസ്റ്റ് ഹൗസിന്‍റെ മുറ്റത്താണ് ഷഹര്‍സാദ് കുട്ടികളുമായി കഴിയുന്നത്. കഴിഞ്ഞ ദിവസം പാര്‍ക്കിലൂടെ നടന്ന ഷഹര്‍സാദിന്‍റെ മകനോട് രേഖകൾക്ക് പകരം പൊലീസ് പണം ആവശ്യപ്പെട്ടു. അതില്ലാത്തതിനാല്‍ കസ്റ്റഡിയിലെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാകിസ്ഥാൻ താലിബാൻ എന്നറിയപ്പെടുന്ന തെഹ്രീക്-ഇ-താലിബാൻ കഴിഞ്ഞ വേനൽകാലത്ത് ഏകദേശം 7,50,000 അഫ്‌ഗാനികളെ കുടിയൊഴിപ്പിച്ചതായി പാകിസ്ഥാന്‍ സർക്കാർ പറയുന്നു. ഇതൊന്നും രേഖകളിലില്ലതാനും. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലടച്ചതിനെ തുടർന്ന്, സമീപ മാസങ്ങളില്‍ നടന്ന പ്രതിപക്ഷ പ്രക്ഷോഭത്തിൽ അഫ്‌ഗാനിസ്ഥാന് പങ്കുണ്ടെന്നും പാകിസ്ഥാന്‍ ആരോപിക്കുന്നുണ്ട്.
സംഘര്‍ഷങ്ങളില്‍ ബലിയാടാകുന്നവര്‍
തങ്ങള്‍ രാഷ്‌ട്രീയ സംഘർഷങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് പാശ്ചാത്യ രാജ്യങ്ങളിലേക്ക് താമസം മാറാൻ കാത്തിരിക്കുന്ന അഫ്‌ഗാനികൾ പറയുന്നത്. 'ഇവിടെ വന്നതിനു ശേഷവും ദുരിതം മാത്രമാണ്. അറസ്റ്റ് ഭയന്ന് തന്‍റെ കുടുംബത്തിന് പലചരക്ക് സാധനങ്ങളും മരുന്നുകളും വാങ്ങാൻ പോലും പുറത്തിറങ്ങാൻ സാധിക്കുന്നില്ല.'- അമേരിക്കയിലേക്കുള്ള വിസയ്ക്കായി കുടുംബത്തോടൊപ്പം കാത്തിരിക്കുന്ന അഫ്‌ഗാൻ സ്വദേശി മുസ്‌തഫ പറഞ്ഞു.
വിസ ഉണ്ടെങ്കിലും ഇല്ലെങ്കിലും അഫ്‌ഗാനിയാണെന്ന് അറിഞ്ഞാൽ പാകിസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാബൂളിൽ താലിബാൻ അധികാരം പിടിച്ചെടുത്ത് മൂന്ന് വർഷത്തിലേറെയായിട്ടും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇതുവരെ അവിടെ എംബസികൾ തുറന്നിട്ടില്ല.
ഇതിനാല്‍ അഫ്‌ഗാനികള്‍ പാകിസ്ഥാനിൽ നിന്ന് തന്നെ അപേക്ഷകൾ പൂർത്തിയാക്കേണ്ട സാഹചര്യമാണ്. അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ജർമ്മനി, ബ്രിട്ടൻ എന്നിവിടങ്ങളിലേക്ക് താമസം മാറാൻ കാത്തിരിക്കുന്ന 44,000-ത്തില്‍ അധികം അഫ്‌ഗാനികളെ മാറ്റിപ്പാർപ്പിക്കുന്നത് വേഗത്തിലാക്കണമെന്ന് ജൂലൈയിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
നാല് പതിറ്റാണ്ടായി തുടരുന്ന യാത്ര
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ദശലക്ഷക്കണക്കിന് അഫ്‌ഗാനികളാണ് പാകിസ്ഥാനിലേക്ക് പലായനം ചെയ്‌തിട്ടുള്ളത്. സോവിയറ്റ് അധിനിവേശം, ആഭ്യന്തര യുദ്ധം, 9/11 ന് ശേഷം യുഎസ് നേതൃത്വത്തിലുള്ള അധിനിവേശം എന്നിവയുൾപ്പെടെയുള്ള തുടർച്ചയായ സംഘർഷങ്ങളിൽ നിന്ന് രക്ഷനേടാനായിരുന്നു അഫ്‌ഗാനികളുടെ പലായനം.
2021 ആഗസ്റ്റിൽ താലിബാൻ സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷം മാത്രം ഏകദേശം 6,00000 അഫ്‌ഗാനികൾ പാകിസ്ഥാനിലേക്ക് പലായനം ചെയ്‌തിട്ടുണ്ട് എന്നാണ് കണക്ക്. യുഎൻഎച്ച്സിആറിന്‍റെ കണക്കനുസരിച്ച് പാകിസ്ഥാനിൽ നിലവിൽ ഏകദേശം 1.5 ദശലക്ഷം അഫ്‌ഗാൻ അഭയാർഥികളുണ്ട്.
കൂടാതെ വ്യത്യസ്‌ത നിയമ പദവികളുള്ള 1.5 ദശലക്ഷത്തിലധികം അഫ്‌ഗാനികളും രാജ്യത്തുണ്ട്. അയൽ സർക്കാരുകൾ തമ്മിലുള്ള രാഷ്‌ട്രീയ ബന്ധം വഷളാവുകയും പാകിസ്ഥാന്‍റെ സാമ്പത്തിക, സുരക്ഷാ പ്രശ്‌നങ്ങൾ വഷളാവുകയും ചെയ്‌തതോടെ രേഖകളില്ലാത്ത അഫ്‌ഗാനികളെ നാടുകടത്താന്‍ പാകിസ്ഥാന്‍ ക്യാമ്പയിൻ ആരംഭിക്കുകയായിരുന്നു.
പ്രതിഷേധത്തിന്‍റെ മറപറ്റി ഉന്മൂലനം
ജയിലിലടയ്ക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഖാനെ പിന്തുണച്ച് കഴിഞ്ഞ മാസം തലസ്ഥാനത്ത് നടന്ന രാഷ്‌ട്രീയ പ്രതിഷേധത്തില്‍ ഏകദേശം 30 അഫ്‌ഗാൻ പൗരന്മാർ അറസ്റ്റിലായതായി ഉദ്യോഗസ്ഥർ പറയുന്നു. അഫ്‌ഗാൻ പഷ്‌തൂണുകളുമായി സാംസ്‌കാരികവും ഭാഷാപരവുമായി അടുത്ത ബന്ധം പങ്കിടുന്ന ഖൈബർ പഖ്‌തൂൺഖ്വയിലെ വംശീയ പഷ്‌തൂൺ ബെൽറ്റാണ് ഇമ്രാന്‍ ഖാന്‍റെ സ്വദേശം.
പ്രതിഷേധങ്ങൾ അഫ്‌ഗാനികളെ ഭയപ്പെടുത്താനുള്ള ഒരു മറയായി പാകിസ്ഥാന്‍ ഉപയോഗിച്ചുവെന്ന് ഇസ്ലാമാബാദിലെ അഫ്‌ഗാൻ കമ്മ്യൂണിറ്റി നേതാവായ മുഹമ്മദ് ഖാൻ പറഞ്ഞു. പല ദിവസങ്ങളിലായി, ഗസ്റ്റ് ഹൗസുകളിലടക്കം റെയ്‌ഡുകള്‍ നടത്തി 200 ഓളം അഫ്‌ഗാനികളെ അറസ്റ്റ് ചെയ്‌തതായും അദ്ദേഹം അവകാശപ്പെട്ടു.
പാകിസ്ഥാന്‍റെ ആഭ്യന്തര പ്രശ്‌നങ്ങൾക്കും പാക് - അഫ്‌ഗാന്‍ സർക്കാരുകൾ തമ്മിലുള്ള സംഘർഷങ്ങൾക്കും ബലിയാടാകുന്നവരാണ് അഫ്‌ഗാൻ അഭയാർഥികളെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിഷേധത്തില്‍ അഫ്‌ഗാനികള്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
പൊലീസിന് ലൈസന്‍സ്
ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും അഫ്‌ഗാനികളുടെ വംശീയ പ്രൊഫൈലിങ്ങില്‍ വർധനവ് ഉണ്ടായതായി അഭിഭാഷകന്‍ ഇമാൻ മസാരി പറഞ്ഞു. അറസ്റ്റിലായ അഫ്‌ഗാനികള്‍ക്ക് വേണ്ടി ഇസ്ലാമാബാദ് കോടതികളിൽ വാദിക്കുന്ന അഭിഭാഷകനാണ് ഇമാൻ മസാരി. പൊലീസിന് ആരെ വേണമെങ്കിലും പിടികൂടാനും കൊള്ളയടിക്കാനും ചൂഷണം ചെയ്യാനും പൂർണമായ ലൈസൻസ് നൽകിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അഫഗാനോടുള്ള പക പഷ്‌തൂണുകളിലേക്കും
അഫ്‌ഗാനികളോടുള്ള ശത്രുത പാകിസ്ഥാൻ പഷ്‌തൂണുകളിലേക്കും വ്യാപിച്ചിട്ടുണ്ടെന്ന് സമീപകാല പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ പ്രവിശ്യാ മുഖ്യമന്ത്രി അലി അമീൻ ഗന്ധാപൂർ പറഞ്ഞു. ഇസ്ലാമാബാദിലെ പഷ്‌തൂൺ തൊഴിലാളികളെ പൊലീസ് ഏകപക്ഷീയമായി പിടികൂടുന്നു എന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് അയച്ച കത്തിൽ അലി അമീന്‍ പറയുന്നു. അത്തരം പ്രവർത്തനങ്ങൾ സമൂഹങ്ങൾക്കിടയിൽ അന്യവത്കരണവും അപരവത്കരണവും വളർത്താൻ സാധ്യതയുണ്ടെന്നും അലി അമീന്‍ ചൂണ്ടിക്കാട്ടി.
സാധാരണ പഷ്‌തൂൺ പൗരന്മാരുടെ വംശീയ പ്രൊഫൈലിങ്ങിൽ അഗാധമായ ആശങ്കയുണ്ടെന്ന് പാകിസ്ഥാൻ മനുഷ്യാവകാശ കമ്മിഷനും പറയുന്നു. രാജ്യത്ത് താമസിക്കുന്ന വിവിധ സമൂഹങ്ങൾക്കിടയിൽ ഭിന്നത സൃഷ്‌ടിക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ ഇസ്ലാമാബാദ് പൊലീസിനോടും കമ്മിഷന്‍ ആവശ്യപ്പെട്ടു.
അതേസമയം, പാകിസ്ഥാനിലെ രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ അഫ്‌ഗാനികൾക്ക് പങ്കില്ലെന്ന് ഇസ്ലാമാബാദിലെ അഫ്‌ഗാൻ എംബസി പറയുന്നു. അഫ്‌ഗാനികളെ കുറ്റപ്പെടുത്തുന്ന ഈ നയം പാകിസ്ഥാന് ഒരു ഗുണവും ചെയ്യില്ലെന്നും അയൽ രാജ്യങ്ങൾ തമ്മിലുള്ള അവിശ്വാസം വർധിപ്പിക്കുക മാത്രമേ അത് ചെയ്യുകയുള്ളൂ എന്നും എംബസി പറഞ്ഞു.