ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ദേശീയ തലസ്ഥാനത്ത് വന്‍ രാഷ്‌ട്രീയ മാറ്റത്തിലേക്ക് നീങ്ങുകയാണ്. 27 വര്‍ഷത്തിന് ശേഷം രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നു. കാവിപ്പാര്‍ട്ടി ആം ആദ്‌മി പാര്‍ട്ടിയെ കേവലം 22 സീറ്റുകളിലേക്ക് ചുരുക്കി.
ഇടിവി ഭാരത് കേരള വാട്ട്‌സ്ആപ്പ് ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
എഎപിയിലെ പല വന്‍ മരങ്ങളും ബിജെപിയുടെ തേരോട്ടത്തില്‍ കടപുഴകി. മൂന്ന് തവണ മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളും ഡല്‍ഹിയുടെ മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുമടക്കമുള്ളവര്‍ക്ക് തിരിച്ചടി നേരിട്ടു. ഡല്‍ഹിയില്‍ തോല്‍വി വഴങ്ങിയ എഎപിയിലെ പ്രമുഖരെ അറിയാം...
അരവിന്ദ് കെജ്‌രിവാള്‍
ഡല്‍ഹിയിലെ താരമണ്ഡലമായ ന്യൂഡല്‍ഹി സീറ്റില്‍ എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളും ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മ്മയുടെ മകനും ബിജെപി സ്ഥാനാര്‍ഥിയുമായ പര്‍വേഷ് വര്‍മ്മയും തമ്മിലായിരുന്നു സുപ്രധാന മത്സരം. വോട്ടെണ്ണല്‍ തുടങ്ങി ഉച്ച ആകുമ്പോള്‍ വരെ ഇരുവരും ഇഞ്ചോടിഞ്ച് പൊരുതുകയായിരുന്നു. എന്നാല്‍ അന്തിമ വിജയം പര്‍വേഷിനൊപ്പമായിരുന്നു. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുന്‍ മുഖ്യമന്ത്രി ഷീലാദീക്ഷിതിന്‍റെ മകനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന സന്ദീപ് ദീക്ഷിതിന് വോട്ടെണ്ണലിലൂടനീളം ഇരുനേതാക്കളുടെയും ഏഴയലത്ത് പോലും എത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സന്ദീപ് നേടിയ വോട്ട് കെജ്‌രിവാളിന്‍റെ തോല്‍വിയില്‍ നിര്‍ണായകമായി.
മനീഷ് സിസോദിയ
കേവലം 600 വോട്ടുകള്‍ക്കാണ് മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ബിജെപിയുടെ തര്‍വീന്ദര്‍ സിങ് മാര്‍വയോട് പരാജയപ്പെട്ടത്. പത്‌പര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്ന് സാധാരണ ജനവിധി തേടുന്ന അദ്ദേഹം ഇക്കുറി ജനഗപുരയിലേക്ക് തന്‍റെ തട്ടകം മാറ്റുകയായിരുന്നു. ഈ തീരുമാനം ശരിയായില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. 2020ല്‍ പത്‌പര്‍ഗഞ്ചില്‍ നേരിയ ഭൂരിപക്ഷത്തോടെ ജയിക്കാന്‍ സിസോദിയയ്ക്ക് സാധിച്ചെങ്കിലും ഇക്കുറി പുതിയ മണ്ഡലം അദ്ദേഹത്തെ തുണച്ചില്ല.
![DELHI ELECTION 2025 ARAVIND KEJRIWAL MANISH SISODIYA SATHYENDAR JAIN](https://etvbharatimages.akamaized.net/etvbharat/prod-images/08-02-2025/23501618_sathendar.jpg)
സത്യേന്ദര്‍ ജയിന്‍
ഡല്‍ഹിയിലെ മുന്‍ മന്ത്രിയും മൂന്ന് തവണ സമാജികനുമായ സത്യന്ദേര്‍ ജയിന്‍ വന്‍ പരാജയമാണ് നേരിട്ടത്. ഷാകൂര്‍ ബസ്‌തി മണ്ഡലത്തില്‍ 20,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എതിര്‍സ്ഥാനാര്‍ഥിയായ ബിജെപിയുടെ കര്‍ണയില്‍ സിങ് എഎപിയുടെ ശക്തി കേന്ദ്രത്തില്‍ സീറ്റ് പിടിച്ചെടുത്ത്. എഎപി സര്‍ക്കാരിലെ സുപ്രധാനി ആയിരുന്ന ജയിന് തന്‍റെ മണ്ഡലം കാത്തുസൂക്ഷിക്കാനായില്ല.
2020 ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ജെയിന്‍ ബിജെപിയുടെ എസ് സി വാത്സിനെ 7,592 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തറപറ്റിച്ചത്. അന്ന് 1,46,226 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 99,165 വോട്ടുകളാണ് സാധുവായത്. എന്നാല്‍ ഇക്കുറി എഎപിയുടെ ആധിപത്യം തകര്‍ത്ത് കൃത്യമായ ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് സാധിച്ചു.
സോമനാഥ് ഭാരതി
മാല്‍വിയ നഗറിലാണ് എഎപിക്ക് മറ്റൊരു വന്‍ തിരിച്ചടി നേരിട്ടത്. മൂന്ന് തവണ നിയമസഭാംഗവും മുന്‍ മന്ത്രിയുമായ സോമനാഥ് ഭാരതി തന്‍റെ ശക്തമായ തട്ടകത്തില്‍ ബിജെപിയുടെ സതീഷ് ഉപാധ്യയോട് പരാജയപ്പെട്ടു.
അവാധ് ഓജ
അതു പോലെ തന്നെ എഎപിയുടെ താര സ്ഥാനാര്‍ഥി വിദ്യാഭ്യാസ വിചക്ഷണനായ അവാധ് ഓജ പത്‌പര്‍ഗഞ്ചില്‍ നിന്ന് സിസോദിയക്ക് പകരക്കാരനായി ജനവിധി തേടിയെങ്കിലും 28000 വോട്ടുകള്‍ക്ക് അദ്ദേഹത്തിന് ബിജെപിയുടെ രവീന്ദര്‍ സിങ് നെഗിയോട് പരാജയം സമ്മതിക്കേണ്ടി വന്നു.
സൗരഭ് ഭരദ്വാജ്
ഗ്രേറ്റര്‍ കൈലാസില്‍ ഡല്‍ഹി മന്ത്രി സൗരഭ് ഭരദ്വാജിനേറ്റ കനത്ത തിരിച്ചടിയും എഎപി നേതൃത്വത്തിന് വലിയ ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളത്. ബിജെപി നേതാവ് ശിഖ റോയ് ആണ് ഭരദ്വാജിനെ പരാജയപ്പെടുത്തിയത്.
ദുര്‍ഗേഷ് പതക്
സുപ്രധാനമണ്ഡലമായ രജീന്ദര്‍ നഗറിലും തീപാറും പോരാട്ടമാണ് നടന്നത്. എഎപിയുടെ മുതിര്‍ന്ന നേതാവ് ദുര്‍ഗേഷ് പതക്കിനെ ബിജെപിയുടെ ഉമാങ് ബജാജ് ആയിരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. എഎപിയുടെ മിക്ക കോട്ടകളും ബിജെപി പിടിച്ചെടുത്തു. കാവിപ്പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇനിയൊരു പുതിയ രാഷ്‌ട്രീയ അധ്യായം ആരംഭിക്കുകയാണ്.
Also Read: അടുത്ത ഡൽഹി മുഖ്യമന്ത്രി ആര്? മറുപടിയുമായി ബിജെപി അധ്യക്ഷൻ