ഇസ്‌ലാമാബാദ് :പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അനിയന്ത്രിതമായി വൈകാന്‍ കാരണം ആശയവിനിമയത്തിന്‍റെ അഭാവമാണെന്ന് പാക് ആഭ്യന്തര മന്ത്രാലയം. വോട്ടണ്ണെലിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സുരക്ഷ ക്രമീകരണങ്ങളുടെ ഫലമായാണ് ഇത്തരത്തില്‍ ഒരു പ്രശ്‌നം നേരിടേണ്ടി വന്നതെന്ന് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവില്‍ തൃപ്‌തികരമായ രീതിയില്‍ തന്നെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പൊതു തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ നേരത്തെ രാജ്യത്തുടനീളം മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താത്‌കാലികമായി നിര്‍ത്തിവച്ചിരുന്നു. ക്രമസമാധാനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു നടപടി. ഈ തീരുമാനമാണ് വോട്ടെണ്ണല്‍ വൈകാന്‍ ഇടയാക്കിയതെന്നാണ് നിലവില്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.
മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ച ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടിക്കെതിരെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കടുത്ത അതൃപ്‌തിയാണ് അറിയിച്ചത്. താത്‌കാലികമായി നിര്‍ത്തിവച്ച സേവനങ്ങള്‍ വേഗത്തില്‍ പുനഃസ്ഥാപിക്കണമെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (PPP) ചെയര്‍മാന്‍ ബിലാവൽ ഭൂട്ടോ സർദാരി ആവശ്യപ്പെട്ടിരുന്നു.