ദേർ അൽ-ബലാഹ്: ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെഗാസയിൽ 20 ലക്ഷത്തോളം ആളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ലെന്നും ഗുരുതരമായ അവസ്ഥയിൽ കുടുങ്ങിക്കിടക്കുകയുമാണെന്നുമുള്ള റിപ്പോര്‍ട്ടുമായി ഗാസയിലെ പലസ്‌തീൻ അഭയാർഥികൾക്കായുള്ള യുഎൻ റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസി(UNRWA). ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ മരണത്തെ മുന്നിൽ കണ്ട് ആളുകൾക്ക് മറ്റൊരു സ്ഥലത്തേക്ക് പലായനം ചെയ്യാൻ കഴിയാത്ത സ്ഥിതിയാണെന്നും UNRWA എമർജൻസി ഓഫിസർ ലൂയിസ് വാട്ടറിഡ്‌ജ് വ്യക്തമാക്കി.
ഗാസയില്‍ കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥ വളരെ മോശമായിരുന്നുന്നെന്നും, ഇത് തുടരാനാണ് സാധ്യതയെന്നും യുഎൻആർഡബ്യൂഎ (UNRWA) റിപ്പോർട്ട് ചെയ്‌തു. ഗാസയിലെ ജനങ്ങള്‍ക്ക് താമസം ഒരുക്കുന്നതിനേക്കാള്‍ ഭക്ഷണം എത്തിച്ച് നല്‍കാനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും യുഎൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഗാസയിലെ ജനങ്ങൾക്കായി കൊണ്ടുവന്നിട്ടുള്ള സാധനങ്ങൾ ആറുമാസമായി പ്രദേശത്തിന് പുറത്ത് തടഞ്ഞുവച്ചിരിക്കുകയാണ്. അതിനാൽ തന്നെ ആളുകൾക്ക് ഭക്ഷണം നൽകാനോ അവർക്ക് അഭയം നൽകാനോ കഴിയുന്നില്ലെന്നും UNRWA പറഞ്ഞു.
'യുദ്ധം കുട്ടികളിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വലുത്'
യുദ്ധവും വ്യോമാക്രമണവുമെല്ലാം കുട്ടികളിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഇൻ്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ട് (യുനിസെഫ്) അറിയിച്ചു. കുട്ടികൾക്കെതിരായ യുദ്ധം അവസാനിപ്പിക്കണമെന്നും അവരെ ഈ ദുരിതത്തിൽ നിന്നും രക്ഷപ്പെടുത്തുക എന്നത് ലോകത്തിന്‍റെ ഉത്തരവാദിത്തമാണെന്നും ഗാസയിലെ യുനിസെഫിൻ്റെ ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫിസർ റൊസാലിയ ബോലിൻ പറഞ്ഞു. കുട്ടികളുടെ അവകാശങ്ങളുടെ കടുത്ത ലംഘനങ്ങളുടെയും അവരുടെ ഭാവി നശിപ്പിക്കുന്നതിൻ്റെയും ആഘാതം പേറുന്നത് ഒരു തലമുറ മൊത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.