ന്യൂയോർക്ക്: ജനുവരി 20ന് അധികാരമേല്‍ക്കാനിരിക്കെ ഡൊണാള്‍ഡ് ട്രംപിന് ആശ്വാസം. പണം നല്‍കി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ച കേസില്‍ ജനുവരി 10ന് വിധി പറയും. അധികാരമേല്‍ക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ജയിലില്‍ പോകേണ്ടി വരില്ലെന്ന് കോടതി അറിയിച്ചു. വിധി നിര്‍ണയ ദിവസം വെര്‍ച്വലായി കേടതി നടപടികളില്‍ പങ്കെടുത്താല്‍ മതിയാകുമെന്നും കോടതി അറിയിച്ചു.
കേസ് ജനുവരി 10ന് അവസാനിക്കുമെന്ന സൂചനയാണുള്ളതെന്ന് ട്രംപിൻ്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ജയിൽവാസം ഇല്ലാതെ കേസ് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കിലും ജോര്‍ജിയയിലും ഉൾപ്പടെ നാല് ക്രിമിനല്‍ കേസുകളാണ് ട്രംപിനെതിരായുള്ളത്. അതില്‍ രണ്ടെണ്ണം ഫെഡറല്‍ സ്വഭാവമുള്ള കേസാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അമേരിക്കൻ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തനിക്കെതിരായ കേസുകള്‍ തീര്‍ക്കാൻ ട്രംപ് ശ്രമിച്ചിരുന്നു. ജനുവരി 10ന് വിധി പറയുന്ന കേസ് ട്രംപിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പോണ്‍ താരം സ്റ്റോമി ഡാനിയലിന് പണം നല്‍കി ബിസിനസ് രേഖകളില്‍ തിരിമറി കാണിച്ചെന്നും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നതുമാണ് കേസ്. തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ സ്റ്റോമി ഡാനിയല്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അന്നുതന്നെ ട്രംപ് നിഷേധിച്ചിരുന്നു.
സ്റ്റോമി ഡാനിയല്‍ കേസില്‍ ആശ്വാസമുള്ള വിധിയാണ് പ്രതീക്ഷിക്കുന്നതെങ്കിലും എഴുത്തുകാരി ഇ ജീൻ കാരളിൻ്റെ പരാതിയിൽ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മീ ടു ആരോപണത്തില്‍ പിഴ നല്‍കില്ലെന്ന വാശിയിലായിരുന്നു അദ്ദേഹം. രണ്ട് ദിവസം മുൻപാണ് ഈ കേസിലില്‍ വിധി വന്നത്. 30 ലക്ഷം ഡോളര്‍ നഷ്‌ട പരിഹാരം നല്‍കണമെന്നായിരുന്നു കോടതി വിധിച്ചത്.