ഹൈദരാബാദ്: സ്‌പേസ് ഡോക്കിങ് പരീക്ഷണമായ സ്‌പേഡെക്‌സ് ദൗത്യത്തിലെ ചേസർ സാറ്റലൈറ്റ് ബഹിരാകാശത്ത് നിന്ന് പകർത്തിയ ഭൂമിയുടെ സെൽഫി വീഡിയോ പങ്കുവെച്ച് ഐഎസ്‌ആർഒ. തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ഐഎസ്‌ആർഒ വീഡിയോ പങ്കുവെച്ചത്. ഭൂമിയിലെ സമുദ്രങ്ങളും മേഘങ്ങളും വ്യക്തമായി കാണാവുന്ന തരത്തിലാണ് ഉപഗ്രഹം ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുകയും വേർപ്പെടുത്തുകയും ചെയ്യുന്നതാണ് 'സ്‌പേഡെക്‌സ്' മിഷൻ. ദൗത്യത്തിന്‍റെ ഭാഗമായ രണ്ട് സാറ്റലൈറ്റുകളിൽ ഒന്നായ ചേസർ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. 2025 ജനുവരി 2ന് രാവിലെ 10.27ന് പകർത്തിയ വീഡിയോ ആണിത്.
SPADEX chaser captures an in-orbit space selfie video!
— ISRO (@isro) January 4, 2025
#ISRO #SpaceTech pic.twitter.com/5oCdmRLtTi
സ്‌പേസ് ഡോക്കിങ് ജനുവരി 7ന്:
ജനുവരി 7നാണ് ഡോക്കിങ് നടക്കുക. ഡോക്കിങിനായി ടാർഗറ്റ് ഉപഗ്രഹത്തെ പിന്തുടരുന്നതിനിടെ 4.8 കിലോ മീറ്റർ അകലെ വച്ചാണ് ചേസർ വീഡിയോ പകർത്തിയത്. ഡിസംബർ 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 9.58നാണ് സ്‌പേഡെക്‌സ് വിക്ഷേപിച്ചത്. പിഎസ്‌എൽവി സി60 റോക്കറ്റിലായിരുന്നു വിക്ഷേപണം.
24 പേലോഡുകൾ വഹിക്കുന്ന ദൗത്യത്തിൽ 'ചേസർ', 'ടാർഗെറ്റ്' എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഉപഗ്രഹങ്ങൾ രണ്ടായി വിക്ഷേപിച്ചതിന് ശേഷം ഒന്നായി കൂട്ടിച്ചേർക്കുന്നതാണ് ഡോക്കിങ്. 470 കിലോമീറ്റർ ഉയരത്തിലുള്ള സർക്കുലർ ലോ എർത്ത് ഓർബിറ്റിൽ വെച്ച് രണ്ട് പേടകങ്ങളും കൂട്ടിച്ചേർക്കുന്ന ഡോക്കിങ് പരീക്ഷണം നടത്തുകയാണ് ലക്ഷ്യം. പിന്നീട് രണ്ട് ഉപഗ്രഹങ്ങളെയും വേർപ്പെടുത്തുന്ന അൺഡോക്കിങ് പരീക്ഷണവും നടത്തും.
As we eagerly await the docking, watch this short video to learn more about the groundbreaking SpaDeX mission. Stay tuned for updates!
— ISRO (@isro) January 1, 2025
🚀✨ #SpaDeX #ISRO pic.twitter.com/MAEMar37Q7
സ്‌പേസ് ഡോക്കിങ് പരീക്ഷണത്തിന്‍റെ പ്രാധാന്യമെന്ത്?
ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് നിർണായകമായിരിക്കും സ്‌പേഡെക്‌സ് ദൗത്യം. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമെന്ന (ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ) സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിലും ഭാവി ചാന്ദ്ര ദൗത്യങ്ങളിലും ഈ പരീക്ഷണം നിർണായകമായിരിക്കും. കൂടാതെ ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണികൾക്കും ഇന്ധനം നിറയ്ക്കുന്നതിനും നവീകരിക്കുന്നതിനും ഡോക്കിങ് പ്രയോജനപ്പെടും. ദൗത്യം പൂർത്തിയാക്കിയാൽ ഡോക്കിങ് വിജയകരമായി പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യമെന്ന പദവിയും ഇന്ത്യയ്‌ക്ക് ലഭിക്കും.
Also Read:
- ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിച്ചു: സുപ്രധാന ചുവടുവെയ്‌പ്പുമായി ഐഎസ്‌ആർഒ
- ചരിത്രം രചിക്കാൻ ഇന്ത്യ; ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കും, 'സ്‌പേഡെക്‌സ്' വിക്ഷേപണം വിജയം
- 2025ൽ രണ്ട് വീതം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും: ഇത്തവണ ഇന്ത്യയിൽ ദൃശ്യമാവുക ഒരു ഗ്രഹണം മാത്രം
- വിജയക്കുതിപ്പിൽ ഐഎസ്ആർഒ: 2024ൽ ബഹിരാകാശ മേഖലയിൽ കൈവരിച്ച പ്രധാന നേട്ടങ്ങൾ
- ബഹിരാകാശത്ത് ക്രിസ്‌മസ് ആഘോഷവുമായി സുനിത വില്യംസ്: വീഡിയോ പുറത്തുവിട്ട് നാസ