ന്യൂഡല്‍ഹി: ഇന്ത്യയില്‍ ബ്രഹ്‌മപുത്ര എന്നറിയപ്പെടുന്ന ചൈനയിലെ യാര്‍ലങ് സാങ്‌പോ നദിയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന കൂറ്റന്‍ ജലവൈദ്യുത പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ ചൈനയെ അറിയിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യ രംഗത്ത്. ഇന്ത്യയിലേക്ക് ഒഴുകുന്ന നദിയെന്ന നിലയില്‍ ഇതിലെ ജലത്തിന് ഇന്ത്യയ്ക്ക് കൂടി അവകാശമുണ്ട്. ഒപ്പം നദീതട സംസ്ഥാനത്തെ ജനങ്ങളുെട ആശങ്കകളും ചൈനയുമായി പങ്ക് വയ്ക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബ്രഹ്‌മപുത്ര നദിയിലെ ഇത്രയും വമ്പന്‍ പദ്ധതികളുണ്ടാക്കാവുന്ന ആഘാതങ്ങളിലും വിദേശകാര്യമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. അണക്കെട്ട് നിര്‍മ്മാണത്തില്‍ ചൈന സുതാര്യത പുലര്‍ത്തണമെന്നും ആഘാത ബാധിത പ്രദേശങ്ങളുമായി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും അവരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ഇന്ത്യയുടെ ആശങ്കകള്‍ വിദഗ്ദ്ധസംഘ തലത്തിലും നയതന്ത്ര ചാനലുകള്‍ വഴിയും നിരന്തരം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുകള്‍ഭാഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ താഴെയുള്ള സംസ്ഥാനങ്ങളെ ബാധിക്കരുതെന്ന് ഇന്ത്യ ചൈനയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നമ്മുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞാഴ്‌ചയാണ് ചൈന നദിയില്‍ അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്‌തു. 13700 കോടി അമേരിക്കന്‍ ഡോളര്‍ ചെലവിട്ടാണ് അണക്കെട്ട് നിര്‍മ്മിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാകും ഇതെന്നാണ് വിലയിരുത്തല്‍. 30000 കോടി കിലോമാട്ട് വൈദ്യുതി പ്രതിവര്‍ഷം ഇതില്‍ നിന്ന് ഉത്പാദിപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍. അതായത് ലോകത്ത് ഇന്നുള്ള ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ യാങ്ത്സി നദിയിലെ ത്രീ ജോര്‍ജസ് അണക്കെട്ട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ മൂന്ന് ഇരട്ടി ഇതിന് ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
2021-2025ലെ ചൈനയുടെ പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതിയാണിത്. കഴിഞ്ഞ മാസം മാത്രമാണ് പദ്ധതിക്ക് അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്. പദ്ധതിയില്‍ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും വിദഗ്ദ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളിലൂടെയും ഒഴുകുന്ന നദിയാണ് ബ്രഹ്‌മപുത്ര.
അതിര്‍ത്തി കടന്ന് ഒഴുകുന്ന നദികളില്‍ നടത്തുന്ന നിര്‍മ്മാണങ്ങള്‍ ഉത്തരവാദിത്തത്തോടെ ആയിരിക്കുമെന്നാണ് ചൈനയുടെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. ഹരിതോര്‍ജ്ജ വികസനത്തിന് വേഗം കൂട്ടുക എന്നതാണ് അണക്കെട്ട് നിര്‍മ്മാണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കാലാവസ്ഥ വ്യതിയാനത്തോടുള്ള പ്രതികരണമാണിതെന്നുമാണ് ചൈനയുടെ നിലപാട്. ഇതിന് പുറമെ തീവ്ര ജല ദുരന്തങ്ങളെ പ്രതിരോധിക്കുക എന്നതും തങ്ങളുടെ ലക്ഷ്യമാണെന്നും ചൈന അവകാശപ്പെടുന്നു.
പതിറ്റാണ്ടുകളായി ഇതേക്കുറിച്ച് പഠനം നടത്തുന്നുണ്ട്. സുരക്ഷാ നടപടികളും പാരിസ്ഥിതിക സംരക്ഷണത്തിനുള്ള നടപടികളും കൈക്കൊള്ളുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിന്‍ഗ് പറഞ്ഞു. താഴെയുള്ള പ്രദേശങ്ങളില്‍ ഇത് യാതൊരു കുഴപ്പവും സൃഷ്‌ടിക്കില്ലെന്നും ചൈന അവകാശപ്പെടുന്നു. നദി കടന്ന് പോകുന്ന രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. ദുരന്ത നിവാരണത്തിന് സഹകരണം ഉറപ്പാക്കും. പ്രശ്‌നങ്ങളുണ്ടാകുന്നവര്‍ക്ക് ആശ്വാസ പദ്ധതികളും നടപ്പാക്കുമെന്നുമാണ് ചൈനയുടെ നിലപാട്.
അരുണാചല്‍ പ്രദേശിന്‍റെയും അസമിന്‍റെയും ജീവനാഢിയാണ് ബ്രഹ്‌മപുത്ര. കുടിക്കാനും ജലസേചനത്തിനും ജലവൈദ്യുതിക്കുമുള്ള വെള്ളം കിട്ടുന്നത് ബ്രഹ്‌മപുത്രയില്‍ നിന്നുമാണ്. ടിബറ്റില്‍ ഒരു അണക്കെട്ട് നിര്‍മ്മിക്കുമ്പോള്‍ വേനല്‍ക്കാലത്ത് ഇങ്ങോട്ടേക്കുള്ള ജലമൊഴുക്കില്‍ ഗണ്യമായ കുറവുണ്ടാകും. ഇത് ഇവരുടെ കൃഷിയെയും കുടിവെള്ള വിതരണത്തെയും ബാധിക്കും. വെള്ളമൊഴുക്ക് തടസപ്പെടുന്നതോടെ നദിയില്‍ അവശിഷ്‌ടങ്ങള്‍ അടിഞ്ഞ് കൂടാനും ഇത് സമതലങ്ങളിലെ മണ്ണിന്‍റെ വളക്കൂറിനെ ബാധിക്കാനും കാരണമാകുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖല വെള്ളപ്പൊക്ക ബാധിത പ്രദേശമാണ്. പ്രത്യേകിച്ച് മഴക്കാലത്ത്. മഴക്കാലത്ത് ചൈന അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്ന് വിടാന്‍ തീരുമാനിച്ചാല്‍ ഇത് താഴെയുള്ള മേഖലകളുടെ നാശത്തിന് കാരണമാകും. ഇവിടെയുള്ള ജീവനും സ്വത്തിനും അത് വലിയ ഭീഷണിയാകുമുയര്‍ത്തുക.
ബ്രഹ്‌മപുത്ര ഉള്ളത് കൊണ്ടാണ് ഈ മേഖലയില്‍ കൃഷി നടക്കുന്നത്. നദിയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്ന എന്ത് പ്രവൃത്തിയും കാര്‍ഷിക വൃത്തിയെ ബാധിക്കും. ഇത് ലക്ഷക്കണക്കിന് കര്‍ഷകരുടെ ജീവിതത്തെയും തടസപ്പെടുത്തും. അണക്കെട്ട് മൂലമുണ്ടാകുന്ന അവശിഷ്‌ടങ്ങള്‍ മണ്ണിന്‍റെ ഗുണമേന്‍മയെയും ബാധിക്കും. ഇത് കാര്‍ഷികോത്പാദന ശേഷിയെയും ബാധിക്കും.
ബ്രഹ്‌മപുത്ര നദീതടം അപൂര്‍വ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയാണ്. വംശനാശ ഭീഷണി നേരിടുന്ന ഗംഗാ ഡോള്‍ഫിന്‍ അടക്കമുള്ള ജീവി വര്‍ഗങ്ങള്‍ ഇവിടെ കാണപ്പെടുന്നുണ്ട്. വിവിധ ദേശാടനക്കിളികളെയും നമുക്കിവിടെ കാണാം. ഇവയുടെ എല്ലാം ആവാസ വ്യവസ്ഥയെ നദിയിലെ മാറ്റങ്ങള്‍ ബാധിക്കും. ഇവിടുത്തെ ജൈവവൈവിധ്യത്തിന്‍റെ നാശത്തിലേക്കും ഇത് വഴി വയ്ക്കും. നദിയുടെ സ്വാഭാവിക ഒഴുക്കിനെ ആശ്രയിച്ച് നിലനില്‍ക്കുന്ന മത്സ്യസമ്പത്തിനും ഇത് ഭീഷണിയാകും. ഇത് പരിസ്ഥിതിയെ തകര്‍ക്കുക മാത്രമല്ല പ്രാദേശിക മീന്‍പിടിത്ത സമൂഹത്തെയും ബാധിക്കും.
ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകിച്ച് അരുണാചല്‍ പ്രദേശിന് ബ്രഹ്മപുത്രയിലും ഇതിന്‍റെ പോഷകനദികളിലും ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ജലമൊഴുക്കില്‍ കുറവുണ്ടാകുന്നതോടെ ഈ പദ്ധതികള്‍ നടപ്പാക്കാനാകാതെ വരും. ഇത് രാജ്യത്തിന്‍റെ ഊര്‍ജ്ജ ലക്ഷ്യങ്ങളെയും ബാധിക്കും.
ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശുമായി ജലം പങ്കിടല്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെയും ഫലപ്രദമായ കരാറുകളിലൂടെയും പരിഹരിക്കാനായിട്ടുമുണ്ട്. പാകിസ്ഥാനുമായി ഇന്ത്യയ്ക്ക സിന്ധു നദീജല കരാറുണ്ട്. ബംഗ്ലാദേശുമായി ഗംഗാ നദീജല കരാറും നിലവിലുണ്ട്.
അതേസമയം ചൈനയുമായി ഇന്ത്യയ്ക്ക് ഇത്തരം കരാറുകളൊന്നുമില്ല. ചൈനയുമായി ഇന്ത്യയ്ക്ക് കേവലം ഒരു ധാരണാപത്രം മാത്രമാണുള്ളത്. ബ്രഹ്മപുത്രയിലെ വെള്ളം സംബന്ധിച്ച വിവരങ്ങള്‍ പങ്ക് വയ്ക്കാന്‍ മാത്രമുള്ള ഒരു ധാരണയാണിത്. ഇതൊരു താത്ക്കാലിക കരാര്‍മാത്രമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇത് എല്ലാ അഞ്ച് വര്‍ഷം കൂടുമ്പോഴും പുതുക്കാറുണ്ട്. ചൈനയ്ക്ക് ഏത് സമയത്തും ഇതിനെ അസാധുവായി പ്രഖ്യാപിക്കാനാകും.
ചൈനയുടെ അണക്കെട്ട് നിര്‍മ്മാണത്തെക്കുറിച്ചുള്ള പ്രഖ്യാപനം പുറത്ത് വന്നതോടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രദേശത്തെ ജൈവവൈവിധ്യത്തെ പദ്ധതി തകര്‍ക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഒപ്പം വരള്‍ച്ച ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ട് വരുന്നതോടെ അസമിന് വെള്ളത്തിനായി മഴയെയും അരുണാചലിനെയും ഭൂട്ടാനെയും ആശ്രയിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ തങ്ങളുടെ ആശങ്കകള്‍ ഇതിനകം തന്നെ ചൈനയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നദീതടത്തിലെ സംസ്ഥാനങ്ങളെ പരിഗണിച്ച് കൊണ്ടാകണം അണക്കെട്ട് നിര്‍മ്മാണമെന്നാണ് മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലസിസിലെ സീനിയര്‍ ഫെലോയും അതിര്‍ത്തികടന്നുള്ള നദീജല തര്‍ക്കങ്ങളിലെ വിശകലന വിദഗ്ദ്ധനുമായ ഉത്തംകുമാര്‍ സിന്‍ഹ ചൂണ്ടിക്കാട്ടി. ചൈനയുമായി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ചൈനയിലെ അണക്കെട്ട് ഭൂട്ടാനെയും ബംഗ്ലാദേശിനെയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: ഇന്ത്യ-ചൈന ബന്ധം: മുഴുവൻ വിശദാംശങ്ങളും പാര്‍ലമെന്‍റില്‍ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ്