ന്യൂയോര്‍ക്ക്:യുഎസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കൂറ്റന്‍ പരിപാടിയിലേക്ക് ഇതുവരെ രജിസ്റ്റര്‍ ചെയ്‌തത് ഇന്ത്യന്‍ വംശജരായ 24,000 പേര്‍. 'മോദിയും അമേരിക്കയും ഒരുമിച്ച് പുരോഗതിയിലേക്ക്' എന്ന് പേരിട്ടിരിക്കുന്ന പരിപാടി അടുത്തമാസം 22-നാണ് നടക്കുന്നത്. കേവലം പതിനയ്യായിരം പേര്‍ക്ക് മാത്രം ഇരിക്കാന്‍ സാധിക്കുന്ന നസൗ വെറ്റരന്‍സ് മെമ്മോറിയല്‍ കൊളിസിയത്തിലാണ് പരിപാടി നടക്കുമെന്ന് അറിയിച്ചിട്ടുള്ളത്.
ഈ പരിപാടിക്ക് ശേഷം സെപ്റ്റംബര്‍ 26-ന് ഐക്യരാഷ്‌ട്ര പൊതുസഭയുടെ സമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 590 കമ്യൂണിറ്റി സംഘടനകള്‍ വഴിയാണ് മോദിയുടെ പരിപാടിയിലേക്ക് രജിസ്ട്രേഷന്‍ നടക്കുന്നത്. അമേരിക്കയുടെ നാനാ ഭാഗങ്ങളില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
അമേരിക്കയിലെ 42 സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പരിപാടിയിലേക്ക് പരമാവധി ആളുകളെ പങ്കെടുപ്പിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പരിപാടിയുടെ സംഘാടകര്‍ വ്യക്തമാക്കി. സ്ഥലത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും.
ഇന്തോ-അമേരിക്കന്‍ സമൂഹത്തിന്‍റെ നാനാത്വം വിളിച്ചോതുന്ന വന്‍ പരിപാടിയാകും ഇതെന്നും സംഘാടകര്‍ അവകാശപ്പെട്ടു. വ്യത്യസ്‌ത മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. ജൂത, സൗരാഷ്‌ട്ര, ജൈന, ക്രൈസ്‌തവ, സിഖ്, മുസ്‌ലിം, ഹിന്ദു മതങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ അണിചേരും. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ഭാഷകള്‍ പ്രതിനിധാനം ചെയ്യുന്നവരും പരിപാടിയ്‌ക്കെത്തും. ഹിന്ദി, തെലുഗു, പഞ്ചാബി, തമിഴ്, ബംഗാളി, മലയാളം, ഗുജറാത്തി അടക്കമുള്ള ഭാഷക്കാര്‍ പരിപാടിയില്‍ പങ്കെടുക്കും.
പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിന് പുറമെ നിരവധി സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. വ്യവസായ, ശാസ്‌ത്ര, വിനോദ, കലാ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.