മോസ്‌കോ: ലിംഗമാറ്റ ശസ്‌ത്രക്രിയ അനുവദിച്ചിട്ടുള്ള രാജ്യങ്ങളിലേക്ക് റഷ്യയില്‍ നിന്നുള്ള കുട്ടികളെ ദത്തെടുക്കുന്നത് നിരോധിക്കുന്ന നിയമത്തില്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുട്ടിന്‍ ഒപ്പു വച്ചു. കുട്ടികള്‍ വേണ്ടെന്ന് തീരുമാനിക്കുന്ന ദമ്പതിമാര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന എല്ലാത്തരം പ്രവര്‍ത്തനങ്ങള്‍ക്കും റഷ്യ നിരോധനം ഏര്‍പ്പെടുത്തി. റഷ്യന്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും നേരത്തെ തന്നെ ഈ നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു.
ലൈംഗിക ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന നിരവധി നിയമങ്ങള്‍ക്ക് പിന്നാലെയാണ് ഇത്തരമൊരു നിയമത്തിനും റഷ്യ രൂപം നല്‍കിയിട്ടുള്ളത്. ഇതോടെ രാജ്യത്ത് ദീര്‍ഘകാലമായി തുടരുന്ന പരമ്പരാഗത മൂല്യങ്ങള്‍ അരക്കിട്ടുറപ്പിക്കുക കൂടിയാണ് റഷ്യ.
ദത്തെടുക്കപ്പെടുന്ന കുട്ടികള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ലിംഗമാറ്റത്തിന്‍റെ സാധ്യമായ എല്ലാ അപകടങ്ങളും ഇല്ലാതാക്കുക എന്നത് വളരെ പ്രധാനമാണെന്ന് പുത്തന്‍ നിയമം തയാറാക്കിയവരിലൊരാളായ റഷ്യന്‍ പാര്‍ലമെന്‍റിന്‍റെ അധോസഭയുടെ സ്‌പീക്കര്‍ വ്യാചെസ്‌ലേവ് വൊളോഡിന്‍ ടെലിഗ്രാം പോസ്റ്റില്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പതിനഞ്ച് രാജ്യങ്ങള്‍ക്കാണ് ദത്തെടുക്കല്‍ നിരോധനം ബാധകമാകുക. അവയിലേറെയും യൂറോപ്പില്‍ നിന്നുള്ളവയാണ്. പിന്നാലെ ഓസ്‌ട്രേലിയ, അര്‍ജന്‍റീന, കാനഡ എന്നിവയുമുണ്ട്. അമേരിക്കന്‍ പൗരന്‍മാര്‍ റഷ്യന്‍ കുട്ടികളെ ദത്തെടുക്കുന്നത് 2012ല്‍ തന്നെ നിരോധിച്ചിരുന്നു.
കുട്ടികള്‍ വേണ്ടെന്ന് വയ്ക്കല്‍ നടപടി പ്രചരിപ്പിച്ചാല്‍ അന്‍പത് ലക്ഷം റൂബിള്‍സ് (ഏകദേശം 50,000 ഡോളര്‍) പിഴ ഈടാക്കാനുള്ള ബില്ലിനും കഴിഞ്ഞ ദിവസം റഷ്യന്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. റഷ്യയിലെ ജനസംഖ്യ കുറച്ച് രാജ്യത്തെ ദുര്‍ബലപ്പെടുത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.