ന്യൂയോർക്ക്: ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍റെ കോ-ചെയർ സ്ഥാനം ഒഴിയുകയാണെന്ന് മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് മെലിൻഡ വിവരം പങ്കുവച്ചത്. ഈ തീരുമാനത്തിലേക്ക് എത്തുന്നത് എളുപ്പമായിരുന്നില്ലെന്ന് അവര്‍ എക്‌സില്‍ കുറിച്ചു.
മെലിൻഡയും മുന്‍ ഭര്‍ത്താവ് ബില്‍ ഗേറ്റ്‌സും ചേര്‍ന്ന് രൂപീകരിച്ച 'ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍' കഴിഞ്ഞ 20 വർഷമായി ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനകളിൽ ഒന്നാണ്. "ഞാനും ബില്ലും ചേർന്ന് ഉണ്ടാക്കിയെടുത്ത അടിത്തറയോര്‍ത്തും ലോകമെമ്പാടുമുള്ള അസമത്വങ്ങൾ പരിഹരിക്കുന്നതിന് ഫൗണ്ടേഷന്‍ ചെയ്യുന്ന അസാധാരണമായ പ്രവർത്തനത്തെക്കുറിച്ചും വളരെയധികം അഭിമാനിക്കുന്നു"- എന്നും തന്‍റെ എക്‌സ് പോസ്റ്റില്‍ മെലിൻഡ ഫ്രഞ്ച് പറയുന്നുണ്ട്.
2021 മെയ് മാസത്തിൽ ദമ്പതികൾ വിവാഹമോചനം പ്രഖ്യാപിച്ചതിന് ശേഷവും ഫൗണ്ടേഷന്‍ വളര്‍ത്തികൊണ്ടുവന്ന സിഇഒ സുസ്‌മാനെയും ഫൗണ്ടേഷന്‍റെ ട്രസ്‌റ്റി ബോർഡിനെയും അവർ പ്രശംസിച്ചു. പിവറ്റൽ വെഞ്ചേഴ്‌സ് എന്ന തൻ്റെ സ്ഥാപനത്തിലൂടെ ജീവകാരുണ്യത്തിൻ്റെ ഒരു പുതിയ അധ്യായം ആരംഭിക്കാനുള്ള സന്നദ്ധതയും അവർ പ്രകടിപ്പിച്ചു. പിവോട്ടൽ വെഞ്ച്വേഴ്‌സ് വഴി ഇതിനകം തന്നെ ചില നിക്ഷേപങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അവര്‍ സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം ഫൗണ്ടേഷനു നൽകിയ നിർണായക സംഭാവനകൾക്ക് മുന്‍ ഭാര്യ ഫ്രഞ്ച് ഗേറ്റ്‌സിനോട് ബിൽ ഗേറ്റ്‌സ് നന്ദി പറഞ്ഞു. ഫൗണ്ടേഷന്‍റെ പേര് ഗേറ്റ്സ് ഫൗണ്ടേഷൻ എന്നാക്കി മാറ്റുമെന്നും അറിയിച്ചിട്ടുണ്ട്. ഗേറ്റ്‌സുമായുള്ള കരാറിന്‍റെ ഭാഗമായി ഫ്രഞ്ച് ഗേറ്റ്‌സിന് 12.5 ബില്യൺ ഡോളർ ലഭിക്കും. ഇത് സ്ത്രീകളെയും കുടുംബങ്ങളെയും കേന്ദ്രീകരിച്ചുള്ള ഭാവി പ്രവർത്തനങ്ങളിൽ ഉപയോഗിക്കുമെന്ന് അവർ പറഞ്ഞു.
ഫൗണ്ടേഷൻ്റെ എൻഡോവ്‌മെന്‍റിൽ നിന്നല്ല, ഫണ്ട് വ്യക്തിപരമായാണ് ഗേറ്റ്‌സ് നൽകുന്നതെന്ന് ഫൗണ്ടേഷൻ അറിയിച്ചു. എയ്‌ഡ്‌സ്, ക്ഷയം, മലേറിയ തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പോരാടുന്നതിനുള്ള ഗവി, വാക്‌സിൻ അലയൻസ്, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, ഗ്ലോബൽ ഫണ്ട് തുടങ്ങിയ പ്രമുഖ അന്തർദേശീയ സ്ഥാപനങ്ങളെ പിന്തുണയ്‌ക്കാന്‍ വലിയ ധനസഹായമാണ് ഗേറ്റ്‌സ് ഫൗണ്ടേഷൻ നല്‍കുന്നത്. കുട്ടികളുടെ പോഷകാഹാരക്കുറവ്, മാതൃ ആരോഗ്യം, പോളിയോ നിർമാർജനം, മലേറിയ ചികിത്സ, പ്രതിരോധം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനും ഫൗണ്ടേഷൻ ധനസഹായം നൽകുന്നു. കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാൻ ചെറുകിട കർഷകരെ സഹായിക്കാനും ഫൗണ്ടേഷൻ കോടികൾ സംഭാവന ചെയ്‌തിട്ടുണ്ട്.