ഹൈദരാബാദ്: ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന 'സ്‌പേഡെക്‌സ്' ദൗത്യത്തിലെ ഡോക്കിങ് പരീക്ഷണം നീട്ടിവെച്ചു. നാളെ (ജനുവരി 7ന്) നടത്താനിരുന്ന ഡോക്കിങ് പരീക്ഷണമാണ് വ്യാഴാഴ്‌ചയിലേക്ക് (ജനുവരി 9ന്) മാറ്റിയത്. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് കൂടുതൽ പരിശോധനകൾ ആവശ്യമായതിനാലാണ് ഡോക്കിങ് നീട്ടിയത്. തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഐഎസ്‌ആർഒ ഇക്കാര്യം അറിയിച്ചത്.
The SpaDeX Docking scheduled on 7th is now postponed to 9th.
— ISRO (@isro) January 6, 2025
The docking process requires further validation through ground simulations based on an abort scenario identified today.
Stay tuned for updates.
24 പേലോഡുകൾ വഹിക്കുന്ന ദൗത്യത്തിൽ 'ചേസർ', 'ടാർഗെറ്റ്' എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഉപഗ്രഹങ്ങൾ രണ്ടായി വിക്ഷേപിച്ചതിന് ശേഷം ഒന്നായി കൂട്ടിച്ചേർക്കുന്നതാണ് ഡോക്കിങ് പരീക്ഷണം. 470 കിലോമീറ്റർ ഉയരത്തിലുള്ള സർക്കുലർ ലോ എർത്ത് ഓർബിറ്റിൽ വെച്ച് രണ്ട് പേടകങ്ങളും കൂട്ടിച്ചേർക്കുന്ന ഡോക്കിങ് പരീക്ഷണം ജനുവരി 7ന് നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്.
എന്തുകൊണ്ടാണ് തീയതി മാറ്റിയത്?
ഡോക്കിങ് പരീക്ഷണം നീട്ടിയതിന്‍റെ കാരണം സംബന്ധിച്ച് ഐഎസ്‌ആർഒ കൂടുതൽ വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ ഡോക്കിങിന് മുൻപ് സാങ്കേതിക തകരാറുകൾ സംഭവിച്ചതാകാമെന്നാണ് വിദഗ്‌ദാഭിപ്രായം. ജനുവരി 7 സ്പേസ് ഡോക്കിങിന് സാധ്യമായ തീയതിയാണെന്ന് ഐഎസ്ആർഒ മേധാവി എസ്. സോമനാഥ് നേരത്തെ പറഞ്ഞിരുന്നെങ്കിലും, പരീക്ഷണം പൂർണമായും മറ്റ് പല അനുകൂല സാഹചര്യങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്.
രണ്ട് വ്യത്യസ്‌ത ബഹിരാകാശ വാഹനങ്ങൾ ഭ്രമണപഥത്തിൽ ചേരുന്നതാണ് ഡോക്കിങ്. ഇത് വളരെ വെല്ലുവിളി നിറഞ്ഞ പരീക്ഷണമാണ്. മണിക്കൂറിൽ ആയിരക്കണക്കിന് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പേടകങ്ങൾ പരസ്‌പരം അടുക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും അവയുടെ വേഗത നിയന്ത്രിക്കേണ്ടതുണ്ട്. ഇതിന് സാധിച്ചില്ലെങ്കിൽ ഉപഗ്രഹങ്ങൾ തമ്മിൽ കൂട്ടിയിടിക്കാൻ വരെ സാധ്യതയുണ്ട്. അതിനാൽ തന്നെ സാഹചര്യങ്ങൾ അനുകൂലമായാൽ മാത്രമേ ഉപഗ്രഹങ്ങൾ തമ്മിൽ കൂട്ടിയോജിപ്പിക്കാനാവൂ.
ഡിസംബർ 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്നാണ് സ്‌പേഡെക്‌സ് വിക്ഷേപിച്ചത്. ദൗത്യത്തിന്‍റെ ഭാഗമായ രണ്ട് സാറ്റലൈറ്റുകളിൽ ഒന്നായ ചേസർ ഉപയോഗിച്ച് ജനുവരി 2ന് പകർത്തിയ വീഡിയോ ഐഎസ്‌ആർഒ തങ്ങളുടെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. കൂടാതെ സ്‌പേഡെക്‌സ് ഡോക്കിങ് റിങ് എക്സ്റ്റൻഷന്‍റെ ഓൺബോർഡ് വീഡിയോയും ഐഎസ്‌ആർഒ പങ്കുവെച്ചിട്ടുണ്ട്.
Sharing SPADEX onboard video showcasing SDX02 launch restraint release & docking ring extension.
— ISRO (@isro) January 6, 2025
#SPADEX #ISRO pic.twitter.com/bZkpGVyF9s
Also Read:
- സ്‌പേഡെക്‌സ് ഉപഗ്രഹത്തിൽ നിന്നെടുത്ത ആദ്യ ബഹിരാകാശ സെൽഫി വീഡിയോ: ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്നത് ജനുവരി ഏഴിന്
- ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിച്ചു: സുപ്രധാന ചുവടുവെയ്‌പ്പുമായി ഐഎസ്‌ആർഒ
- ചരിത്രം രചിക്കാൻ ഇന്ത്യ; ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കും, 'സ്‌പേഡെക്‌സ്' വിക്ഷേപണം വിജയം
- 2025ൽ രണ്ട് വീതം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും: ഇത്തവണ ഇന്ത്യയിൽ ദൃശ്യമാവുക ഒരു ഗ്രഹണം മാത്രം
- വിജയക്കുതിപ്പിൽ ഐഎസ്ആർഒ: 2024ൽ ബഹിരാകാശ മേഖലയിൽ കൈവരിച്ച പ്രധാന നേട്ടങ്ങൾ