തിരുവനന്തപുരം : തട്ടിൽ കേറാൻ പണം ചെലവാകുമെങ്കിലും ഗ്ലാമറിനും അധ്വാനത്തിനും ഒട്ടും കുറവില്ല യക്ഷഗാനത്തിന്. രൂപവും ഭാഷയും മുഖത്തെഴുതുകളും അവതരണവും കൊണ്ട് മറ്റു മത്സരങ്ങളിൽ നിന്നും ഏറെ വ്യത്യസ്‌തമാണ് യക്ഷഗാനം. കേരളത്തിൽ കാസർകോട് മാത്രമാണ് ഈ കല ഇന്ന് പ്രചാരത്തിലുള്ളത്.
എങ്കിലും ഇത്തവണ കലോത്സവ വേദിയിൽ 12 ജില്ലയിൽ നിന്നുള്ള മത്സരാർഥികൾ ഉണ്ട്. ക്ഷേത്രങ്ങളിൽ വളരെ ഭക്തിയോടെ അനുഷ്‌ഠിച്ചുപോരുന്ന കലാരൂപമാണിത്. കന്നഡ ഭാഷയിൽ ആണ് ഇത് അവതരിപ്പിക്കേണ്ടത്. കാരണം കർണാടകയിൽ ഉരുത്തിരിഞ്ഞ നാടോടി കലാരൂപമാണ് യക്ഷ ഗാനം.
ക്ലാസിക്കൽ കലാരൂപങ്ങളുമായി സാദൃശ്യം തോന്നുമെങ്കിലും അടിസ്ഥാനപരമായി ഒരു നാടൻ കലയാണ് യക്ഷഗാനം. രാമായണം, മഹാഭാരതം തുടങ്ങിയ പുരാണ ഇതിവൃത്തങ്ങൾ തന്നെയാണ് കഥയ്ക്കായി തെരഞ്ഞെടുക്കുന്നത്. ഏഴ് ടീം അംഗങ്ങൾ മാത്രമല്ല, തബലയും ചെണ്ടയുമൊക്കെയായി പുറമേ നിന്ന് മൂന്നാല് പേരും ഇതിനായി വേണ്ടിവരും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സബ് ജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ വരെ ഒരു ടീമിനെ വേദിയിലെത്തിക്കാൻ ഒരു ലക്ഷം മുതൽ 2 ലക്ഷം വരെ ചെലവാകുമെന്ന് അധ്യാപകർ പറയുന്നു. കന്നഡ ഭാഷയിലാണ് സംഭാഷണങ്ങളും സംഗീതവുമൊക്കെ എന്നുള്ളതാണ് എറ്റവും വലിയ വെല്ലുവിളി. ഏഴ് പേരെയും പ്രത്യേകം പ്രത്യേകം വേണം ഇവയൊക്കെ പഠിപ്പിച്ചെടുക്കാൻ.
സംഭാഷണങ്ങൾ പഠിച്ചെടുക്കാൻ തന്നെ നല്ല സമയമെടുക്കും. പിന്നീട് വാദ്യോപകരണങ്ങളുമായി റിഹേഴ്‌സൽ നടത്തണം. കർണാടകയിലെ ഉത്തര കന്നഡ, ഷിമോഗ, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ ജില്ലകളിൽ യക്ഷ ഗാനം കാണാം. വൈഷ്‌ണവഭക്തിയാണ് മുഖ്യപ്രചോദനം.
ഭക്തിയും മതാചാരങ്ങളും സാധാരണക്കാരിലേക്കു പകരുന്ന കലാമാധ്യമമായാണ് യക്ഷഗാനം പ്രചാരം നേടിയത്. നാനൂറോളം വർഷത്തെ പഴക്കം ഈ നൃത്തരൂത്തിനുണ്ട്. നൃത്തവും അഭിനയവും സാഹിത്യവും സംഗീതവും എല്ലാം ചേര്‍ന്നതാണ് യക്ഷഗാനം. പഠിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ട് ഉണ്ടെങ്കിലും അധ്വാനത്തിന്‍റെ ഫലമായി മികച്ച പ്രകടനമാണ് ഓരോരുത്തരും കാഴ്‌ചവയ്‌ക്കുന്നത്.
Also Read: അഞ്ചാം ക്ലാസിൽ ഉമ്മൻചാണ്ടിയെ ടിവിയിൽ കണ്ടു പരിശീലിച്ചു, മിമിക്രിയിൽ ഹാട്രിക് നേടാൻ അദിൻ ദേവ്