മക്ക(സൗദി അറേബ്യ): ഇസ്‌ലാം മത വിശ്വാസികളുടെ പരിശുദ്ധ ഇടമായ സൗദി നഗരമായ മക്കയിലെ കഅബയില്‍ വന്‍തോതില്‍ മുസ്‌ലിം തീര്‍ത്ഥാടകര്‍ ഒത്തുകൂടി. ഹജ്ജ് കര്‍മ്മത്തിന് ഔദ്യോഗികമായി തുടക്കമാകുന്നതിന് മുന്നോടിയായാണ് ഇവര്‍ ഇവിടെ ഒത്തു കൂടിയത്. മിനയിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായാണ് വിശ്വാസികള്‍ കഅബയ്ക്ക് ചുറ്റും തടിച്ച് കൂടിയത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ പലായനത്തെ ഓര്‍മ്മപ്പെടുത്തുന്ന വാര്‍ഷിക തീര്‍ത്ഥാടനമാണ് മിനയിലേക്കുള്ള യാത്ര.
ഉച്ചയോടെ തന്നെ വന്‍തോതില്‍ തീര്‍ത്ഥാടകര്‍ കഅബയ്ക്ക് ചുറ്റും തടിച്ച് കൂടിയിരുന്നു. ചൊവ്വാഴ്‌ചത്തെ കണക്കുകള്‍ പ്രകാരം 15 ലക്ഷത്തിലേറെ പേര്‍ ഹജ്ജിനായി രാജ്യത്ത് എത്തിയിട്ടുണ്ടെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ പേര്‍ ഇനിയും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ പതിനായിരക്കണക്കിന് സൗദിപൗരന്‍മാരും രാജ്യത്ത് താമസിക്കുന്നവരും തീര്‍ത്ഥാടനത്തില്‍ പങ്കാളികളാകും. വെള്ളിയാഴ്‌ചയാണ് ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമാകുക.