ന്യൂയോർക്ക്:ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു. എത്രയും പെട്ടെന്ന് തന്നെ ഇന്ത്യ സന്ദര്‍ശിക്കാനാണ് പദ്ധതിയിടുന്നതെന്ന് മുയിസു പറഞ്ഞു. യുഎൻ ജനറൽ അസംബ്ലിയില്‍ പങ്കെടുക്കവേ വാര്‍ത്ത ഏജന്‍സിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു മുയിസു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ അദ്ദേഹം പ്രശംസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന്, ജൂണിൽ മുയിസു ഇന്ത്യയിലെത്തിയിരുന്നു. മുയിസുവിന്‍റെ രണ്ടാമത്തെ ഇന്ത്യ സന്ദർശനമായിരിക്കുമിത്. എല്ലാ മാലദ്വീപ് പ്രസിഡന്‍റുമാരും അധികാരമേറ്റാല്‍ ആദ്യം ഇന്ത്യയിലേക്കായിരുന്നു സന്ദര്‍ശനം നടത്തിയിരുന്നത്. എന്നാല്‍, ഈ വർഷം ആദ്യം അധികാരമേറ്റ മുയിസു ആദ്യം തുർക്കിയും പിന്നീട് ചൈനയുമാണ് സന്ദർശിച്ചത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മുയിസു അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യ-മാലദ്വീപ് നയതന്ത്ര ബന്ധത്തില്‍ കാര്യമായ ഉലച്ചിലുണ്ടായിരുന്നു. 'ഇന്ത്യ ഔട്ട്' എന്ന നിലപാടാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം മുയിസു സ്വീകരിച്ചത്. ഇന്ത്യൻ സൈനികരെ രാജ്യത്ത് നിന്ന് നീക്കം ചെയ്യുക എന്നതും മുയിസുവിന്‍റെ പാർട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു.
ഇന്ത്യയുമായി ഉണ്ടാക്കിയ ഹൈഡ്രോഗ്രാഫിക് സർവേ കരാർ പുതുക്കില്ലെന്ന് കഴിഞ്ഞ ഡിസംബറില്‍ മാലദ്വീപ് വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സൈനികരെ മാലദ്വീപില്‍ നിന്ന് പിൻവലിക്കാൻ മുയിസു സർക്കാർ ഇന്ത്യയോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചതിന് പിന്നാലെ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യൻ സർക്കാർ ഒരു ഹൈ-ലെവൽ കോർ ഗ്രൂപ്പിനെ രൂപീകരിച്ചിരുന്നു. ഈ വർഷം മേയിലാണ് മാലദ്വീപില്‍ നിന്ന് ഇന്ത്യൻ സൈനികരുടെ പിൻവാങ്ങൽ പൂർത്തിയായത്.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്‍റെ ചിത്രങ്ങളില്‍ മാലദ്വീപ് ഉപമന്ത്രിമാർ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടർന്ന് ഇന്ത്യയും മാലെയും തമ്മിലുള്ള തർക്കം രൂക്ഷമായിരുന്നു. മാലദ്വീപ് പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തുടര്‍ന്ന് മാലദ്വീപ് മൂന്ന് ഉപമന്ത്രിമാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു. നിലവില്‍ ഈ ഉപമന്ത്രിമാര്‍ സസ്പെന്‍ഷനില്‍ തുടരുകയാണ്.
അതേസമയം, മാലദ്വീപ് സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഈ വർഷം ആദ്യം 33 ശതമാനം കുറവുണ്ടായതായി മാലദ്വീപ് ടൂറിസം മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കി. ഓഗസ്റ്റിൽ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി (ഇഎഎം) എസ് ജയശങ്കർ മാലദ്വീപ് സന്ദർശിച്ചിരുന്നു. അദ്ദേഹവും മാലദ്വീപ് സഹപ്രവർത്തകനുമായി ചേർന്ന് മൂസ സമീർ ഹൈ ഇംപാക്‌ട് കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് പ്രോജക്‌ടുകൾ ഉദ്ഘാടനം ചെയ്യുകയും ധാരണാപത്രങ്ങൾ കൈമാറുകയും ചെയ്‌തിരുന്നു.
Also Read:മാലദ്വീപിൽ യുപിഐ പേയ്‌മെൻ്റ് സേവനം അവതരിപ്പിക്കുമെന്ന് ഇന്ത്യ; ധാരണപത്രം ഒപ്പുവച്ചു