കേരളം

kerala

ETV Bharat / international

കുവൈറ്റിലെ തീപിടിത്തം; മരിച്ചവരില്‍ രണ്ട് കാസര്‍കോട് സ്വദേശികളും - Kuwait fire 5 malayalees identified

കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ച അഞ്ച് മലയാളികളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഇവരില്‍ രണ്ട് പേര്‍ കാസര്‍കോട്ടുകാർ.

By ETV Bharat Kerala Team

Published : Jun 12, 2024, 8:53 PM IST

Updated : Jun 12, 2024, 10:00 PM IST

KUWAIT DEATH  കുവൈറ്റില്‍ വന്‍ തീപിടിത്തം  5 malayalees identified  two from kasargodu
പ്രതീകാത്മക ചിത്രം (ETV Bharat)

മംഗഫ്:കുവൈറ്റില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായിരുന്ന തീപിടിത്തത്തില്‍ മരിച്ച അഞ്ച് മലയാളികളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഇവരില്‍ രണ്ട് പേര്‍ കാസര്‍കോട് സ്വദേശികളും രണ്ട് പേര്‍ പത്തനംതിട്ട സ്വദേശികളും ഒരാള്‍ കൊല്ലം സ്വദേശിയുമാണെന്നാണ് വിവരം. ചെങ്കള സ്വദേശി രഞ്ജിത്ത് (34), കേളു പൊൻമലേരി(55) എന്നിവരാണ് മരിച്ച കാസര്‍കോട് സ്വദേശികൾ.

കഴിഞ്ഞ എട്ട് വർഷമായി കുവൈത്തിൽ ജോലി ചെയ്യുകയാണ് രഞ്ജിത്ത്. ഒരു വർഷം മുമ്പ് വീടിൻ്റെ പാല് കാച്ചൽ ചടങ്ങിന് എത്തിയിരുന്നു. പിലിക്കോട് എരവിൽ സ്വദേശിയായ കേളു പൊൻമലേരി എൻബിടിസി ഗ്രൂപ്പ് അൽ കുവെെത്തില്‍ പ്രൊഡക്ഷൻ എൻജിനിയർ ആണ്. ഇപ്പോൾ തൃക്കരിപ്പൂർ എളമ്പച്ചിയിലാണ് താമസം. ഭാര്യ കെ എൻ മണി.

49 പേരാണ് ഇതുവരെ മരിച്ചതായി സൂചനയുള്ളത്. നിരവധി പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. അതുകൊണ്ടുതന്നെ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

കെട്ടിടത്തിലുണ്ടായിരുന്ന നിരവധി പേരെ രക്ഷപ്പെടുത്തി. ഇന്ന് (ജൂണ്‍ 12) രാവിലെ ആറ് മണിക്കാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് നിരവധി പേര്‍ മരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ആറ് നിലയുള്ള കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ നിന്നാണ് തീ ആളിപ്പടര്‍ന്നത്. ഇതോടെ മുകളിലത്തെ നിലയില്‍ നിന്നും നിരവധി പേര്‍ കെട്ടിടത്തിന് പുറത്തേക്ക് എടുത്തുചാടി. ഇതോടെ പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചിലര്‍ മരിക്കുകയും ചെയ്‌തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കെട്ടിടത്തില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. സംഭവ സമയത്ത് കെട്ടിടത്തിനകത്ത് കുടുങ്ങി കിടന്ന നിരവധി പേരെ പുറത്തെത്തിച്ചു.

പരിക്കേറ്റവരെ അദാന്‍, അമീരി, ഫര്‍വാനിയ, മുബാറക്, ജാബിര്‍ എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. 195 പേരാണ് ഇവിടെ താമസിച്ചിരുന്നത്. പുലര്‍ച്ചെ എല്ലാവരും ഉറക്കമായിരുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കെട്ടിടത്തില്‍ എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അപകടത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് പറഞ്ഞു. കെട്ടിടത്തിലെ സുരക്ഷാസംവിധാനങ്ങളുടെ കുറവാണ് അപകടത്തിന്‍റെ തീവ്രത വര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ആറു മണിക്കാണ് തീപിടിത്തം സംബന്ധിച്ചുള്ള വിവരം ലഭിച്ചതെന്ന് മേജര്‍ ജനറല്‍ റഷീദ് ഹമദ് പറഞ്ഞു. തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ തൊഴിലാളികളാണ് താമസിച്ചിരുന്നത്. നിരവധി പേരാണ് സംഭവ സമയത്ത് കെട്ടിടത്തില്‍ കുടുങ്ങി കിടന്നത്. നിരവധി പേരെ രക്ഷപ്പെടുത്തി. എന്നാല്‍ അതിനിടെ നിരവധി പേര്‍ പുക ശ്വസിച്ച് മരിച്ചുവെന്നും റഷീദ് ഹമദ് പറഞ്ഞു. അതേസമയം മരിച്ചവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Also Read:കുവൈറ്റില്‍ വന്‍ തീപിടിത്തം ; മലയാളികളുള്‍പ്പടെ 49 മരണം

Last Updated : Jun 12, 2024, 10:00 PM IST

ABOUT THE AUTHOR

...view details