വാഷിങ്ടൺ ഡിസി: ലോകത്തെ ഏറ്റവും കരുത്തനായ രാഷ്‌ട്രത്തലവനെ തെരഞ്ഞെടുക്കാൻ അമേരിക്കക്കാർ ഇന്ന് പോളിങ് ബൂത്തിലേക്ക്. ഡൊണാൾഡ് ട്രംപ് രണ്ടാം വട്ടം മടങ്ങിവരുമോ, അതോ ചരിത്രത്തിലാദ്യമായി ഒരു വനിത അമേരിക്കൻ പ്രസിഡന്‍റാകുമോ എന്നെല്ലാമാണ് ലോകം ഉറ്റുനോക്കുന്നത്. യുഎസിലെ അറുപതാമത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പാണിത്. ഇന്ന് നടക്കുന്ന വോട്ടെടുപ്പിലെ വിജയി അമേരിക്കയുടെ 47-ാമത് പ്രസിഡന്‍റാകും
യോഗ്യരായ 230 ദശലക്ഷം വോട്ടർമാരാണ് അമേരിക്കയിലുള്ളത്, അതിൽ 160 ദശലക്ഷം പേർ മാത്രമാണ് വോട്ടെടുപ്പിന് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 70 ദശലക്ഷത്തിലധികം ആളുകൾ ഇതിനോടകം തന്നെ തപാൽ ബാലറ്റുകൾ വഴിയോ വ്യക്തിഗത പോളിങ് സ്‌റ്റേഷനുകളിലോ വോട്ട് ചെയ്‌തു. അമേരിക്ക പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ തെരഞ്ഞെടുപ്പിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ ഇതാ.
പ്രസിഡൻ്റാകാനുള്ള യോഗ്യത
യുണൈറ്റഡ് സ്‌റ്റേറ്റ്സിൻ്റെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് സ്ഥാനാർഥികൾക്ക് മൂന്ന് അടിസ്ഥാന യോഗ്യതകൾ നിർബന്ധമാണ്. യുഎസ് ഭരണഘടന അനുസരിച്ച്, തങ്ങളുടെ പ്രസിഡൻ്റ് യുണൈറ്റഡ് സ്‌റ്റേറ്റ്സിൽ സ്വാഭാവികമായി ജനിച്ച പൗരനായിരിക്കണം. സ്ഥാനാർഥിക്ക് കുറഞ്ഞത് 35 വയസ് പ്രായമുണ്ടായിരിക്കണം. കൂടാതെ അയാൾ 14 വർഷമായി അമേരിക്കയിൽ സ്ഥിരതാമസക്കാരനുമായിരിക്കണം. ഈ യോഗ്യതകളുള്ള ആർക്കും പ്രസിഡൻ്റ് സ്ഥാനാർഥിത്വം പ്രഖ്യാപിക്കാം. ഒരു സ്ഥാനാർഥി അവരുടെ പ്രചാരണത്തിനായി 5,000 ഡോളറില്‍ കൂടുതൽ ശേഖരിക്കുകയോ ചെലവഴിക്കുകയോ ചെയ്‌താൽ അവർ ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ രജിസ്‌റ്റർ ചെയ്യണം. ഇത്തരക്കാർ പ്രചാരണ ഫണ്ട് പിരിക്കുന്നതിനും, അത് ചെലവഴിക്കുന്നതിനുമായി ഒരു പ്രചാരണ സമിതി രൂപീകരിക്കേണ്ടതുണ്ട്.
പ്രൈമറികളും കോക്കസുകളും
പ്രസിഡൻഷ്യൽ നോമിനികളെ തെരഞ്ഞെടുക്കാൻ സംസ്ഥാനങ്ങളെയും, രാഷ്‌ട്രീയ പാർട്ടികളെയും, സഹായിക്കുന്ന രണ്ട് മാർഗങ്ങളാണ് പ്രൈമറികളും കോക്കസുകളും. ഒട്ടുമിക്ക സംസ്ഥാനങ്ങളും പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് ആറ് മുതൽ ഒമ്പത് മാസം മുന്പു വരെ പ്രൈമറി നടത്താറുണ്ട്. പ്രൈമറിയില്‍ വോട്ടർമാർ രഹസ്യ ബാലറ്റിലൂടെ തങ്ങളുടെ സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്നു. ഇങ്ങനെയാണ് ഏത് സ്ഥാനാർഥിയെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് നിർത്തണം എന്ന കാര്യത്തിൽ പാർട്ടികൾ തീരുമാനമെടുക്കുക.
ഒരു പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുമ്പുള്ള മാസങ്ങളിൽ പല സംസ്ഥാനങ്ങളും കോക്കസുകൾ നടത്തുന്നു. കൗണ്ടി, ജില്ല, അല്ലെങ്കിൽ പ്രിൻസിക്റ്റ് തലത്തിൽ രാഷ്‌ട്രീയ പാർട്ടികൾ നടത്തുന്ന യോഗങ്ങളാണ് കോക്കസുകൾ. ചില കോക്കസുകൾ രഹസ്യ ബാലറ്റിലൂടെ സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നു. മറ്റുള്ളവർ അവർ പിന്തുണയ്ക്കുന്ന സ്ഥാനാർഥിക്ക് അനുസരിച്ച് സംഘം ചേരുന്നു. ഇത്തരത്തില്‍ ഒരോ സ്ഥാനാർഥി കാംക്ഷികളുടെയും പിന്തുണ അളക്കപ്പെടുന്നു. കോക്കസില്‍ ലഭിക്കുന്ന പിന്തുണയും സ്ഥാനാർഥി നിർണയത്തില്‍ നിർണായകമാണ്.
ഇലക്‌ടറൽ കോളേജും പോപ്പുലർ വോട്ടും
ഇന്ത്യയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ/സഖ്യത്തിന്‍റെ എംപിമാരാണ് പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത്. എന്നാല്‍ യുഎസിൻ്റെ പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും ആരാകണമെന്ന് തീരുമാനിക്കുന്നത് ജനങ്ങൾ പ്രസിഡന്‍റിനായി ചെയ്യുന്ന വോട്ടുകളും ഇലക്‌ടറൽ കോളേജുമാണ്. ഇലക്‌ടർമാരുടെ തെരഞ്ഞെടുപ്പ് ഉൾപ്പെടുന്ന ഒരു പ്രക്രിയയാണ്. ഇലക്‌ടറൽ കോളേജ് എന്നാല്‍, അമേരിക്കയില്‍ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ ജനങ്ങള്‍ക്ക് നേരിട്ടാണ് അവകാശം. കമല ഹാരിസിനോ ട്രംപിനോ ലഭിക്കുന്ന മൊത്തം വോട്ടുകളുടെ എണ്ണത്തെക്കാൾ നിര്‍ണായക ഘടകമായിരിക്കില്ല. ഇലക്‌ടറല്‍ കോളജിലെ വിജയമായിരിക്കും തെരഞ്ഞെടുപ്പിന്‍റെ ഫലത്തെ യഥാര്‍ഥത്തില്‍ നിര്‍ണയിക്കുന്നത്.
യുഎസ് ജനപ്രതിനിധി സഭയിൽ 438 അംഗങ്ങളും (ലോക്‌സഭയുടെ തത്തുല്യം) യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സെനറ്റിൽ 100 അംഗങ്ങളും (രാജ്യസഭയുടെ തത്തുല്യം) ഉണ്ടായിരിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു. ഇവ ചേര്‍ന്നതാണ് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള ഇലക്‌ടറല്‍ കോളജ്.
ഓരോ സംസ്ഥാനത്തെയും രാഷ്‌ട്രീയ പാർട്ടികൾ അവരവരുടെ സാധ്യതയുള്ള ഇലക്‌ടറർമാരെ തെരഞ്ഞെടുക്കുന്നു. ആകെ 538 ഇലക്‌ടറൽ വോട്ടുകളാണുള്ളത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഒരു സ്ഥാനാർഥിക്ക് കുറഞ്ഞത് 270 ഇലക്‌ടർമാരുടെ വോട്ട് ആവശ്യമാണ്.
മറുവശത്ത്, പോപ്പുലർ വോട്ടുകൾ സ്ഥാനാർഥി നേരിട്ട് നേടിയ വോട്ടുകളാണ്. ഒരു സ്ഥാനാർഥിക്ക് കൂടുതൽ പോപ്പുലർ വോട്ടുകൾ ലഭിച്ചിട്ടും ഇലക്‌ടറൽ കോളേജിൽ പരാജയപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പ് ടൈംലൈൻ
- തെരഞ്ഞെടുപ്പിന് മുമ്പുള്ള വസന്തകാലത്താണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് സ്ഥാനാർഥികൾ ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ രജിസ്‌റ്റർ ചെയ്യുന്നത്. ഇക്കലയളവില്‍ തന്നെ സ്ഥാനാർഥികൾ മത്സരിക്കാനുള്ള തങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ പ്രഖ്യാപിക്കുന്നു.
- തെരഞ്ഞെടുപ്പിന് മുമ്പുള്ള വേനൽക്കാലം മുതൽ തെരഞ്ഞെടുപ്പ് വർഷത്തിലെ വസന്തകാലം വരെ പ്രൈമറി, കോക്കസ് സംവാദങ്ങൾ നടക്കുന്നു.
- തെരഞ്ഞെടുപ്പ് വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവില്‍ സംസ്ഥാനങ്ങളും പാർട്ടികളും പ്രസിഡൻഷ്യൽ പ്രൈമറികളും കോക്കസുകളും നടത്തുന്നു.
- ജൂലൈ മുതൽ സെപ്റ്റംബർ ആദ്യം വരെയുള്ള സമയത്ത് പാർട്ടികൾ തങ്ങളുടെ പ്രസിഡൻ്റ് സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിന് നാമനിർദ്ദേശ കൺവെൻഷനുകൾ നടത്തുന്നു. കൺവെൻഷന് തൊട്ടുമുമ്പോ കൺവെൻഷൻ നടക്കുന്ന വേളയിലോ, പ്രസിഡൻ്റ് സ്ഥാനാർഥി അവരുടെ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നു.
- സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളില്‍ സ്ഥാനാർഥികൾ പ്രസിഡൻഷ്യൽ ഡിബേറ്റുകളിൽ പങ്കെടുക്കുന്നു.
- നവംബറിലെ ആദ്യ തിങ്കളാഴ്‌ചയ്ക്ക് ശേഷമുള്ള ആദ്യത്തെ ചൊവ്വാഴ്‌ചയാണ് തെരഞ്ഞെടുപ്പ് ദിവസം.
- ഡിസംബറിലാണ് ഇലക്‌ടറൽ കോളേജിൽ ഇലക്‌ടർമാർ പ്രസിഡൻ്റിനായി വോട്ട് രേഖപ്പെടുത്തുന്നത്.
- ജനുവരി ആദ്യം കോൺഗ്രസിലെ ഇലക്‌ടറൽ വോട്ടുകൾ എണ്ണുന്നു.
- ജനുവരി 20ന് പ്രസിഡന്‍റ് സത്യപ്രതിജ്ഞ ചെയ്യുന്നു.