വാഷിങ്ടണ്‍ :യുഎസ് പ്രസിഡന്‍റ് സ്ഥാനമൊഴിയാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 1500ഓളം പേര്‍ക്ക് ശിക്ഷയിളവ് നല്‍കി ജോ ബൈഡൻ. നാല് ഇന്തോ-അമേരിക്കൻ പൗരന്മാരുള്‍പ്പടെയുള്ളവരുടെ ഹര്‍ജി പരിഗണിച്ചാണ് യുഎസ് പ്രസിഡന്‍റിന്‍റെ നടപടി. അക്രമരഹിതമായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട 39 പേരുടെ ദയാവായ്‌പിനുള്ള അപേക്ഷയും ബൈഡൻ സ്വീകരിച്ചു.
ഈ നടപടിയോടെ ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് മാപ്പുനല്‍കി ചരിത്രം കുറിക്കുന്ന യുഎസ് പ്രസിഡന്‍റായും ബൈഡൻ മാറി. അക്രമരഹിതമായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട 39 പേരും കൊവിഡ് കാലത്ത് ജയിലുകളില്‍ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റിയവരും ഉള്‍പ്പടെയുള്ളവര്‍ക്കാണ് ശിക്ഷയിളവ്. വീട്ടുതടങ്കലില്‍ കുറഞ്ഞത് ഒരു വര്‍ഷം എങ്കിലും പൂര്‍ത്തിയാക്കിവര്‍ക്കാണ് ഇളവ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് ശിക്ഷയിളവ് നല്‍കുമെന്നും ബൈഡൻ അറിയിച്ചു.