തിരുവനന്തപുരം: വയനാട് സെൻ്റ് കതേരിൻസിൽ നിന്നെത്തിയ സ്റ്റാൽവിൻ സാബു ഹയർ സെക്കൻഡറി വിഭാഗം കേരളനടനത്തിൽ മത്സരിക്കാന്‍ ഇറങ്ങിയിരുന്നു. അച്ഛൻ സാബു തൃശ്ശിലേരി 30 വർഷമായി നൃത്ത രംഗത്ത് സജീവമാണെങ്കിലും മകനെ ഇന്നേവരെ നൃത്ത വേദിയിൽ എത്തിക്കാൻ സാബുവിന് കഴിഞ്ഞിട്ടില്ല. ആ സങ്കടം ഇത്തവണ പക്ഷെ സാബു തീർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വയനാട് ജില്ലയിൽ നിന്നുള്ള കലോത്സവത്തിൽ കേരള നടനത്തിൽ ഒന്നാം സ്ഥാനം നേടിയെടുത്ത് കൊണ്ടാണ് മകനെയും കൊണ്ട് അനന്തപുരിയിലേക്ക് ഈ കുടുംബം വണ്ടി കയറിയത്. 30 വർഷമായി നൃത്ത രംഗത്ത് ഉണ്ടെങ്കിലും 15 വർഷമായിട്ടേയുള്ളൂ കേരള നടനത്തിൽ സാബു ശ്രദ്ധ ചെലുത്താൻ തുടങ്ങിയിട്ട്. 2019ലെ സംസ്ഥാന കലോത്സവത്തിൽ തൻ്റെ മകളെ പരിശീലിപ്പിച്ചതിലൂടെ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കാൻ കഴിഞ്ഞെങ്കിലും സ്വന്തം മകനെ ചുവടുകൾ പഠിപ്പിക്കാൻ പ്ലസ്‌ടു വരെ കാത്തിരിക്കേണ്ടി വന്നു ഈ പിതാവിന്.
നഴ്‌സറിയിൽ മാത്രം നൃത്തം ചെയ്‌ത സ്റ്റാൽവിൻ കേരള നടനം പഠിക്കാൻ തുടങ്ങുന്നത് 2024 ജൂലൈയിലാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് രണ്ട് പേർ മത്സരിച്ച സബ്‌ജില്ലാ കലോത്സവത്തിൽ നിന്നും മൂന്നുപേർ മത്സരിച്ച ജില്ലയിൽ നിന്നും ഒന്നാമതെത്തി കൊണ്ട് അനന്തപുരിയിൽ സ്റ്റാൽവിൻ എത്തിയത്.

ഹിഡുംബിയും ഭീമസേനനും തമ്മിലുള്ള പ്രണയകഥയാണ് കേരള നടനം വേദിയിൽ സ്റ്റാൽവിൻ സാബു അവതരിപ്പിച്ചത്. സഹോദരി സിൻഡ്രല്ല സാബു 2019 കാഞ്ഞങ്ങാട് വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ കേരള നടനത്തിൽ എ ഗ്രേഡും സംഘ നൃത്തത്തിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു.
Also Read: ജില്ലയേതായാലും ആശാനായി വേണം സജീഷിനെ; ഇത് പൂരക്കളിയുടെ 'പ്രൊഫസര്‍', പരിശീലിപ്പിച്ചത് ആറ് ടീമുകളെ