ടെൽ അവീവ് :ഇസ്രയേൽ സൈന്യം ഒരു മുതിർന്ന ഹമാസ് പ്രവർത്തകനെ വധിച്ചതായും 80 തീവ്രവാദികളെ അറസ്റ്റ് ചെയ്‌തതായും പ്രതിരോധ സേന ഇന്നലെ(മാർച്ച് 18) അറിയിച്ചു. ഗാസയിലെ അൽ-ഷിഫ ആശുപത്രി പരിസരത്ത് ഹമാസുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് സംഭവം. ഹമാസിൻ്റെ ഇൻ്റേണൽ സെക്യൂരിറ്റി ഓപ്പറേഷൻസ് ഡയറക്‌ടറേറ്റ് മേധാവിയായ ഫൈഖ് മബൂഹിനെയാണ് ഇസ്രയേൽ സൈന്യം വധിച്ചത്.
മുതിർന്ന ഹമാസ് പ്രവർത്തകർ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ നടത്തിയ റെയിഡിനു പിന്നാലെയാണ് ഏറ്റുമുട്ടൽ നടന്നത്. സൈന്യം എത്തിയതോടെ മെഡിക്കൽ സെൻ്ററിനുള്ളിൽ നിന്ന് ഹമാസ് സംഘം വെടിയുതിർക്കുകയായിരുന്നു.
ഗാസ മുനമ്പിലെ ഹമാസ് ഭീകര പ്രവർത്തനങ്ങളെ ഏകോപിക്കുന്നവരിൽ ഒരാളായിരുന്നു മബൂഹ്. ഇയാൾ ഷിഫ ആശുപത്രിക്ക് സമീപം ആയുധങ്ങളുമായി ഒളിച്ചിരിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഇയാളെ വധിച്ചതിന് ശേഷം സമീപത്തുള്ള മുറിയിൽ നിന്ന് ആയുധശേഖരം കണ്ടെടുത്തു.