ബെയ്റൂത്ത്: ഹിസ്ബുള്ളയുടെ മുതിർന്ന നേതാവ് മഹ്മൂദ് യൂസഫ് അനീസിയെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന. ഹിസ്ബുള്ളയുടെ പ്രിസിഷൻ ഗൈഡഡ് മിസൈൽ നിർമ്മാണ ശൃംഖലയിൽ ഉൾപ്പെട്ട ആളായിരുന്നു അനീസി. 15 വർഷങ്ങൾക്ക് മുൻപ് ഹിസ്ബുള്ളയിൽ ചേർന്ന അനീസി, ആയുധ നിർമാണത്തിൽ മികച്ച സാങ്കേതിക വൈദഗ്ധ്യം ഉള്ള ആളായിരുന്നുവെന്നും ഇസ്രയേൽ സേന എക്‌സിലെ പോസ്‌റ്റിൽ കുറിച്ചു.
ഇറാഖ് വനിതയെ രക്ഷപ്പെടുത്തി
ഐഎസ്ഐഎസുമായി ബന്ധമുള്ള ഒരു ഹമാസ് പ്രവർത്തകന്‍റെ, തടങ്കലിലായിരുന്ന ഇറാഖ് വനിതയെ രക്ഷപ്പെടുത്തി നാട്ടിലേക്ക് തിരിച്ചയച്ചതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. 11 വയസുള്ളപ്പോള്‍ ഇയാളുടെ കയ്യിലകപ്പെട്ട ഫൗസിയ അമിൻ സിഡോ എന്ന സ്ത്രീയെ ആണ് തിരിച്ചയച്ചത്. ഈ ഓപ്പറേഷൻ ഹമാസും ഐഎസ്ഐഎസും തമ്മിലുള്ള ബന്ധമാണ് കാണിക്കുന്നതെന്നും, ഈ ഭീകര ശൃംഖല തകർക്കാനും ഹമാസ് തടവിലുള്ള എല്ലാ ബന്ദികളെയും മോചിപ്പിക്കാനും തുടർന്നും പ്രവർത്തിക്കുമെന്നും ഇസ്രയേൽ പ്രതിരോധ സേന എക്‌സിൽ കുറിച്ചു.
ഏകദേശം മൂന്ന് മാസം മുമ്പ്, ഗാസയിൽ ഐഡിഎഫ് നടത്തിയ ആക്രമണത്തിൽ, ഹമാസ് നേതാക്കളായിരുന്ന റാവ്ഹി മുഷ്‌താഹ, സമി ഔദെ എന്നിവരെ വധിച്ചതായും ഇസ്രയേൽ സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക