വാഷിങ്ടണ്‍: ഈമാസം ഇരുപതിന് മുമ്പ് മുഴുവന്‍ ബന്ദികളെയും മോചിപ്പിച്ചില്ലെങ്കില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഹമാസിന് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. അമേരിക്കയുടെ 47മത് പ്രസിഡന്‍റായി ട്രംപ് ചുമതലയേല്‍ക്കുന്നത് ഈ മാസം ഇരുപതിനാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പൂര്‍ണമായും നശിപ്പിക്കുമെന്നാണ് ഹമാസിന് ട്രംപ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. നിങ്ങളുടെ വിലപേശലില്‍ ഇടപെടണമെന്ന് തനിക്ക് ആഗ്രഹമില്ല. എന്നാല്‍ താന്‍ അധികാരത്തിലേറുമ്പോള്‍ അവര്‍ തിരിച്ചെത്തിയിരിക്കണമെന്നും ട്രംപ് വ്യക്തമാക്കി. ഇല്ലെങ്കില്‍ പശ്ചിമേഷ്യയിലെ നിങ്ങളുടെ താവളങ്ങള്‍ മുഴുവന്‍ നശിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഫ്ലോറിഡയിലെ മാര്‍ അ ലാഗോയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ഹമാസുമായുള്ള ചര്‍ച്ചകളുടെ സ്ഥിതിഗതികളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ട്രംപിന്‍റെ ഈ മറുപടി. പശ്ചിമേഷ്യയിലെ ട്രംപിന്‍റെ പ്രത്യേക ദൂതന്‍ സ്റ്റീവന്‍ ചാള്‍സ് വിറ്റ്കോഫ് മടങ്ങിയെത്തിയിട്ടേയുള്ളൂ. ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്ത് കൊണ്ടാണ് മോചനം വൈകുന്നത് എന്നതിനെക്കുറിച്ച് ഇപ്പോള്‍ ഏറെ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നും മോശമായി ബാധിക്കാന്‍ പാടില്ല. അതേസമയം പ്രസിഡന്‍റ് പറയുന്നത് അദ്ദേഹം പ്രതീക്ഷിക്കുന്ന കാര്യങ്ങളാണെന്നും വിറ്റ്കോഫ് ചൂണ്ടിക്കാട്ടി. ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ട്. വീണ്ടും ദോഹയിലേക്ക് പോകാറുണ്ട്. താന്‍ വളരെ പ്രതീക്ഷയിലാണ്. ട്രംപ് അധികാരത്തിലെത്തുന്ന വേളയില്‍ തന്നെ ചില നല്ല വാര്‍ത്തകള്‍ പ്രഖ്യാപിക്കാനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ ആരോടും മൃദുസമീപനം കൈക്കൊള്ളില്ലെന്നാണ് ട്രംപിന്‍റെ നിലപാട്. ഒരുപാട് സമയം ഹമാസിന് ഇതിനകം നല്‍കിക്കഴിഞ്ഞു. ഇനി കൂടുതലായി ഒരു നിമിഷം പോലും അനുവദിക്കാനാകില്ല. അമേരിക്കയില്‍ നിന്നടക്കമുള്ളവരെ ബന്ദികളാക്കിയിട്ടുണ്ട്. തന്‍റെയടുക്കല്‍ അമ്മമാരും അച്‌ഛന്‍മാരും വന്ന് അവരുടെ മക്കളുടെ മൃതദേഹമെങ്കിലും കാട്ടിത്തരുമോയെന്നാണ് ചോദിക്കുന്നത്.
ചര്‍ച്ചകളെ തടസപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ താന്‍ അധികാരത്തിലേറാന്‍ ഇനിയും രണ്ടാഴ്‌ചയുണ്ട്. ഇതിനകം നടപടിയുണ്ടായില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്നും അദ്ദേഹം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വ്യക്തമാക്കി.
ഇതിനിടെ 2023 ഒക്‌ടോബർ മുതൽ ഇതുവരെ ഇസ്രയേൽ സൈന്യത്തിലുണ്ടായ ആളപായത്തിൻ്റെ കണക്ക് പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം. ഇതുവരെ 891 സൈനികർ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. സൈനികരുടെ അപകടങ്ങൾ, ആത്മഹത്യ, യുദ്ധം എന്നിവ ഉള്‍പ്പെടെയുള്ള കണക്കുകളാണിത്. യോം കിപ്പൂർ യുദ്ധത്തിന് ശേഷം ഇസ്രയേൽ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മരണ സംഖ്യയാണിത്. 5,500 സൈനികർക്ക് യുദ്ധത്തിൽ പരിക്കേറ്റതായും കണക്കുകള്‍ പറയുന്നു.