എറണാകുളം: ആന എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങളിൽ ഹൈക്കോടതിയിൽ നിലപാടറിയിച്ച് സംസ്ഥാന സർക്കാർ. ആനകൾ തമ്മിലുള്ള ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നത് അപ്രായോഗികമെന്നാണ് സർക്കാർ നിലപാട്. ജില്ലാതല നിരീക്ഷക സമിതി തീരുമാനമെടുക്കുന്നതാണ് ഉചിതമെന്നും സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എഴുന്നള്ളത്തിൽ ആനകൾ തമ്മിലുള്ള ദൂരപരിധിയടക്കം പൊതുവായി നിശ്ചയിച്ചുകൊണ്ട് ഏകീകരിച്ച ഉത്തരവിറക്കുന്നതിൽ ഹൈക്കോടതി നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലം. സംസ്ഥാനമെമ്പാടും പൊതുവായ ദൂരപരിധി നിശ്ചയിക്കുന്നത് അപ്രായോഗികമെന്നാണ് സർക്കാരിൻ്റെ നിലപാട്.
കലക്‌ടർ അധ്യക്ഷനായ ജില്ലാ തല നിരീക്ഷക സമിതി തീരുമാനമെടുക്കുന്നതാണ് ഉചിതം. ഭൂവിസ്‌തൃതി, സ്ഥല ലഭ്യത, ആനകളുടെ എണ്ണം ഉൾപ്പെടെ പരിഗണിക്കപ്പെടേണ്ട ഘടകങ്ങളാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. കൂടാതെ വെടിക്കെട്ട് സ്ഥലവും ആനകളും തമ്മിലുള്ള ദൂരപരിധി നിശ്ചയിക്കാനുള്ള അധികാരവും ജില്ലാതല സമിതിയ്ക്ക് നൽകണം.
തീവെട്ടി ഉൾപ്പെടെയുള്ളവയും ആനയും തമ്മിലുള്ള അകലവും ഇതിലുൾപ്പെടും. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തെ പ്രാദേശിക സാഹചര്യമടക്കം ഇക്കാര്യത്തിൽ കണക്കിലെടുക്കേണ്ടി വരുമെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം വിദഗ്‌ധരുമായി ജില്ലാ തല നിരീക്ഷക സമിതിയ്ക്ക് അഭിപ്രായങ്ങൾ തേടാമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
Also Read: അതിരപ്പിള്ളിയിൽ ആനക്കായുള്ള തെരച്ചിൽ ഊർജിതം; ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം