തിരുവനന്തപുരം: എക്‌സൈസ് വകുപ്പ്, ബാര്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ അഴിമതി ഓര്‍മ്മ വരുന്നത് ജനിതക പ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട്, കഞ്ചിക്കോട് മദ്യ നിര്‍മ്മാണ പ്ലാന്‍റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും ബിയറും മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. മാത്രമല്ല ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം നിര്‍മ്മിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്‌തു എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഫോള്‍ (ഇഎന്‍എ) പൂര്‍ണമായി സംസ്ഥാനത്തേക്ക് ഇറക്കുമതി ചെയ്യുകയാണ്. കേരളത്തില്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തില്‍ നല്ലൊരു പങ്കും സംസ്ഥാനത്തിന് പുറത്തുള്ള മദ്യ ഉത്പാദന കമ്പനികള്‍ കേരളത്തിലെ ഡിസ്‌റ്റിലറികളിലൂടെ കരാറിലൂടെ നിര്‍മ്മിക്കുന്നതാണ്. ഇതു മൂലം സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനവും തൊഴിലവസരങ്ങളും നഷ്‌ടപ്പെടുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേരളത്തിന് ആവശ്യമായ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമോ ബിയറോ ഇവിടെ നിര്‍മ്മിക്കാനാവുന്നില്ല. അതിനുള്ള പരിഹാരം കേരളത്തില്‍ നിലവിലുള്ള സ്ഥാപനങ്ങളില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുക, പുതിയ യൂണിറ്റുകള്‍ ആരംഭിക്കുക എന്നിവയാണ്. അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ സാധിക്കും. ഈ ഉദ്ധരണിയാണ് 2022-23 ലെ മദ്യ നയത്തിന്‍റെ ആമുഖമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മദ്യ ഉത്പാദനത്തിന് ആവശ്യമായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ തന്നെ ഉത്പാദിപിക്കാനുള്ള പ്രോത്സാഹനം നല്‍കും. ഇതിന് തയ്യാറായ ഡിസ്‌റ്റലറികള്‍ക്കും പുതിയ യൂണിറ്റുകള്‍ക്കും അനുമതി നല്‍കും. നിലവിലുള്ള നിയമമനുസരിച്ച് യോഗ്യതയുള്ളവര്‍ക്ക് ബ്രൂവറി ലൈസന്‍സ് അനുവദിക്കും.
2023-24 ലെ മദ്യനയത്തിന്‍റെ ആമുഖത്തില്‍ സംസ്ഥാനത്തിന്‍റെ ഉപഭോഗത്തിന് ആവശ്യമായ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും ബിയറും ഇവിടെ തന്നെ നിര്‍മ്മിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഫോള്‍ കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ എന്ത് വിശദീകരണമാണ് വേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. മദ്യ നയം കൊണ്ടു വന്നത് എന്തിനു വേണ്ടിയാണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കെല്ലാമറിയാം. 2018 ലെ ശ്രമം പരാജയപ്പെട്ട ശേഷമാണ് പുതിയ മദ്യ നയം കൊണ്ടുവന്നതെന്നും രമേശ് ചെന്നിത്തല തിരിച്ചടിച്ചു.
കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ തലയില്‍ കോടി കണക്കിന് ലിറ്റര്‍ വെള്ളം വേണ്ട പ്ലാന്‍റ് നിര്‍മ്മിക്കുന്നതിന്‍റെ സാംഗത്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ വ്യവസായ യൂണിറ്റ് തുടങ്ങാന്‍ ടാറ്റ വന്നാല്‍ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ പറയാന്‍ കഴിയില്ല. വെള്ളത്തിന്‍റെ പ്രശ്‌നമാണ് പ്രധാന പ്രശ്‌നം. വെള്ളത്തിന് ഏതെങ്കിലും തരത്തില്‍ ആശങ്കയുണ്ടാക്കുന്ന പ്രശ്‌നം സര്‍ക്കാര്‍ സൃഷ്‌ടിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.