തിരുവനന്തപുരം: പിപിഇ കിറ്റ് വാങ്ങിയതിലൂടെ 10 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍റെ കണ്ടെത്തലിന് നിയമസഭയില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഷോപ്പ് പര്‍ച്ചേസ് റൂളിലെ വ്യവസ്ഥകള്‍ പാലിച്ച് ടെക്‌നിക്കല്‍ ബിഡ് തുറന്ന് ടെക്‌നിക്കല്‍ കമ്മിറ്റി അപ്രൂവ് ചെയ്‌ത് അതിന് ശേഷം ഫിനാന്‍ഷ്യല്‍ ബിഡ് ഓപ്പണ്‍ ചെയ്‌ത് ഫിനാന്‍ഷ്യല്‍ ഫീസിബിലിറ്റി പരിശോധിച്ച് അതു രണ്ടും അംഗീകരിച്ച ശേഷമാണ് ഓപ്പണ്‍ ടെന്‍ഡറിലേക്ക് പോയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തര ആവശ്യമുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളാണ് അന്ന് സ്വീകരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുറഞ്ഞ വിലയും കൂടിയ വിലയും നല്‍കിയ കമ്പനികളോട് നെഗോസിയേഷന്‍ നടത്തി അന്തിമ വില ഉറപ്പിച്ച ശേഷം ആവശ്യമെങ്കില്‍ നിയമ വകുപ്പിനെയും കാണിച്ച ശേഷം കരാര്‍ ഒപ്പിട്ടാല്‍ മതിയായിരുന്നു എന്നാണോ പറയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കാലതാമസം വരുത്തി ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടാന്‍ പറ്റില്ലെന്ന ഉദ്ദേശം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്. പിപിഇ കിറ്റ് ഉള്‍പ്പെടെ സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കാത്ത സാഹചര്യം അന്നുണ്ടായിരുന്നില്ല. പിപിഇ കിറ്റ് വിഷയത്തില്‍ സി ആന്‍ഡ് എജിക്ക് ഉചിതമായ മറുപടി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഈ വിഷയം സഭയിലും ഒന്നിലേറെ തവണ ഉന്നയിച്ചതിന് മറുപടി പറഞ്ഞതാണ്.
കോവിഡ് കാലവും സാധാരണ കാലവും തമ്മിലുള്ള വ്യത്യാസം കണക്കുകള്‍ കണ്ടാല്‍ മനസിലാകില്ല. യാന്ത്രികമായി അക്കങ്ങള്‍ മാത്രം കൂട്ടി നോക്കുമ്പോള്‍ യഥാര്‍ത്ഥ വസ്‌തുത കാണാന്‍ കഴിയില്ല. ഇവിടെ സംഭവിച്ചതും അതു തന്നെയാണ്. 2016-17 മുതല്‍ ആറ് വര്‍ഷത്തെ ഡാറ്റയെടുത്ത് മൊത്തത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ കണക്കാക്കുകയാണ്.
കോവിഡ് എന്ന അസാധാരണ കാലഘട്ടത്തിലെ നിരക്കും തീരുമാനങ്ങളും കോവിഡിന് മുന്‍പും പിന്‍പുമുള്ള കാലത്തെ നിരക്കുമായി ഇടകലര്‍ത്തി അവ്യക്ത സൃഷ്‌ടിക്കുകയാണ് ചെയ്‌തിരിക്കുന്നത്. ഓരോ വര്‍ഷത്തിലും പ്രതിപാദിക്കുന്നതിന് പകരം മൊത്തത്തില്‍ പ്രതിപാദിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കും.
കോവിഡ് മഹാമാരിക്ക് മുന്‍പുള്ള 545 രൂപ എന്ന മാര്‍ക്കറ്റ് വാല്യു താരതമ്യം ചെയ്‌ത് കോവിഡ് കൊടുമ്പിരികൊള്ളുമ്പോള്‍ പല അസംസ്‌കൃത വസ്‌തുക്കള്‍ ലഭ്യമല്ലാതിരുന്ന സമയത്തോ അല്ലെങ്കില്‍ ഗതാഗതം ഇറക്കുമതി എന്നിവ പ്രയാസം വന്ന സമയത്തോ വന്ന വില വര്‍ദ്ധന കണക്കിലെടുക്കാതെയാണ് ഇത്തരത്തില്‍ പരാമര്‍ശം വന്നത്.
ഇക്കാര്യത്തിന് 2023 നവംബറില്‍ സര്‍ക്കാര്‍ കൊടുത്ത മറുപടിയില്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടും വീണ്ടും ഇതേ വിഷയം ഓഡിറ്റ് പരാമര്‍ശമായി ഉള്‍പ്പെടുത്തിയിരിക്കുകയാണ് സി ആന്‍ഡ് എ ജിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒന്നര മണിക്കൂറിനിടെ ടെന്‍ഡര്‍ മാറ്റി നല്‍കിയെന്ന് പ്രതിപക്ഷ നേതാവ്
സ്വാഭാവികമായും ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി വായിച്ചത്. അതില്‍ അവാസ്‌തവമായ കാര്യമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എന്‍റെ കൈയിലുള്ള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍റെ രേഖകള്‍ പ്രകാരം 28/03/2020 ല്‍ 550 രൂപയ്ക്ക് 25,000 കിറ്റ് തരാമെന്ന് പറഞ്ഞ കമ്പനിയോട് വൈകിട്ട് 5.30 ന് പിന്നെയും വില കുറയ്ക്കാന്‍ ആവശ്യപ്പെട്ടതായി സൂചിപ്പിക്കുന്നുണ്ട്
അവര്‍ കുറയ്ക്കാന്‍ തയ്യാറാകാത്തത് കൊണ്ടു ഇരുപത്തി അയ്യായിരത്തിന് പകരം 15,000 പിപിഇ കിറ്റുകള്‍ 7 മണിക്ക് വാങ്ങിക്കുന്നു. ഇതേ ദിവസം ഒന്നര മണിക്കൂറിന് ശേഷം 1,550 രൂപയ്ക്ക് മേടിക്കാന്‍ ടെന്‍ഡര്‍ കൊടുക്കുകയാണെന്നും ഇത് പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഷയം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയില്‍ ഉറപ്പ് നല്‍കി.