ഇസ്‌ലാമാബാദ് (പാകിസ്ഥാന്‍) : കശ്‌മീരി കവിയും മാധ്യമപ്രവര്‍ത്തകനുമായ അഹമ്മദ് ഫര്‍ഹാദ് ഷായെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളുടെ പങ്കിനെ കുറിച്ച് പ്രതിരോധ സെക്രട്ടറിയില്‍ നിന്ന് വിശദീകരണം തേടി ഇസ്‌ലാമാബാദ് ഹൈക്കോടതി. ജസ്റ്റിസ് മൊഹ്‌സിന്‍ അക്തര്‍ കയാനിയുടേതാണ് നടപടി. ബുധനാഴ്‌ചയാണ് അഹമ്മദ് ഫര്‍ഹാദ് ഷായെ വീട്ടില്‍ നിന്ന് സുരക്ഷ ഏജന്‍സികള്‍ കടത്തിക്കൊണ്ടു പോയത്.
ഷായെ ഉടന്‍ മോചിപ്പിക്കണമെന്ന് പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മിഷന്‍, അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഷായെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കണമെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ഭാര്യ ഇസ്‌ലാമാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ ഹര്‍ജി പരിഗണിക്കവെയാണ് ഷായെ ഉടന്‍ കണ്ടെത്തണമെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് ജമീല്‍ സഫറിനോട് കോടതി ഉത്തരവിട്ടത്. അദ്ദേഹത്തെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ പ്രതിരോധ സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ഷായുടെ ഭാര്യയ്‌ക്ക് വേണ്ടി അഭിഭാഷകരായ ഇമാന്‍ സൈനബ് മസാരി, ഹാദി അലി ചാത്ത എന്നിവര്‍ കോടതിയില്‍ ഹാജരായി. എസ്‌എസ്‌പി സഫര്‍, അസിസ്റ്റന്‍റ് അറ്റോര്‍ണി ജനറല്‍ ഉസ്‌മാന്‍ റസൂല്‍ ഘുമാന്‍ തുടങ്ങിയവരും ഹാജരായിരുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തിരോധാന കേസുകളില്‍ നടത്തിയ അന്വേഷണത്തില്‍ എന്തെങ്കിലും തരത്തിലുള്ള പോസിറ്റീവ് പ്രതികരണം ലഭിച്ചിട്ടുണ്ടോയെന്ന് വിസ്‌താരത്തിനിടെ ജസ്റ്റിസ് കയാനി എസ്‌എസ്‌പിയോട് ആരാഞ്ഞു. ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്‌ത മിസിങ് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.