ജറുസലേം :ഇസ്രയേലിന് നേരെ മിസൈലാക്രമണം നടത്തി ഇറാന്‍. ശനിയാഴ്‌ച രാത്രിയോടെയാണ് ഇസ്രയേലിന് നേരെ ഡസൻ കണക്കിന് ഡ്രോണുകളും ബാലിസ്‌റ്റിക് മിസൈലുകളും ഇറാന്‍ തൊടുത്ത് വിട്ടത്. ഇറാന്‍ 100-ലധികം ഡ്രോണുകൾ തൊടുത്തുവിട്ടെന്നും അവയെല്ലാം തങ്ങളുടെ വ്യോമ പ്രതിരോധത്തിന്‍റെ നിരീക്ഷണത്തിലാണെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഡ്രോണുകൾ ഇസ്രായേലിൽ എത്താൻ മണിക്കൂറുകള്‍ എടുക്കുമെന്നാണ് ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിൻ ഡാനിയൽ ഹഗാരി അറിയിച്ചത്.
1979-ലെ ഇസ്‌ലാമിക വിപ്ലവം മുതൽ ദശാബ്‌ദങ്ങൾ നീണ്ട ശത്രുത ഇരു രാജ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇറാൻ ഇതാദ്യമായാണ് ഇസ്രയേലിനെതിരെ നേരിട്ട് സൈനിക ആക്രമണം നടത്തുന്നത്. സയണിസ്റ്റ് ഭരണകൂടത്തിന്‍റെ അധിനിവേശ പ്രദേശങ്ങൾക്ക് നേരെ ഡസൻ കണക്കിന് ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചതായി രാജ്യത്തെ അർദ്ധസൈനിക റെവല്യൂഷണറി ഗാർഡ് സമ്മതിച്ചെന്ന് ഇറാൻ സർക്കാരിന്‍റെ ഐആർഎൻഎ വാർത്താ ഏജൻസി ശനിയാഴ്‌ച നടത്തിയ പ്രസ്‌താവനയിൽ പറയുന്നു.
അതേസമയം, ബാലിസ്‌റ്റിക് മിസൈലുകളെ തടുക്കാന്‍ ശേഷിയുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇസ്രയേലിനുണ്ട്. ദീർഘദൂര മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ, ഷോർട്ട് റേഞ്ച് റോക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള ആക്രമണങ്ങളെ തടയാൻ ശേഷിയുള്ള വ്യോമ പ്രതിരോധ ശൃംഖല ഇസ്രയേലിനുണ്ട്. എന്നാൽ, വ്യോമ പ്രതിരോധം 100 ശതമാനം ഫലപ്രദമല്ലെന്ന് ഇസ്രയേൽ സൈനിക വക്താവ് ഹഗാരി മുന്നറിയിപ്പ് നൽകി. സുരക്ഷ നിർദേശങ്ങൾ പാലിക്കാനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.