ന്യൂഡല്‍ഹി: മാലിദ്വീപില്‍ ഇന്ത്യന്‍ സൈനികേതര സാങ്കേതിക സംഘം സേവനം നല്‍കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി. ഇക്കാര്യം സംബന്ധിച്ച മൂന്നാം വട്ട ഉന്നതതല യോഗമാണ് ഇന്ന് മാലിയില്‍ നടന്നത് (India, Maldives Hold 3rd Core Group Meeting in Male).
മാലിയില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടന്നു. ചെറു ഹെലികോപ്‌ടര്‍ പറത്തുന്ന സൈനികരുടെ സംഘം വെള്ളിയാഴ്‌ച മാലിയില്‍ നിന്ന് മടങ്ങിയിരുന്നു. സൈനികര്‍ക്ക് പകരമാണ് സാധാരണ സാങ്കേതിക വിദഗ്ദ്ധരെ മാലിയിലേക്ക് ഇന്ത്യ അയച്ചിട്ടുള്ളത്.
ആദ്യഘട്ടമായി മാര്‍ച്ച് പത്തിനകം രാജ്യത്ത് നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നായിരുന്നു മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മൊയ്‌സു ഇന്ത്യയ്ക്ക് അന്ത്യശാസനം നല്‍കിയിരുന്നത്. മാലി ദ്വീപ് ജനതയ്ക്ക് മാനുഷിക-ആതുരസേവനങ്ങള്‍ക്കായി നല്‍കിയിട്ടുള്ള ഇന്ത്യന്‍ വ്യോമയാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും ഇന്ന് ചര്‍ച്ച നടത്തിയെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചു. ഇതിന് പുറമെ ഇരുരാജ്യങ്ങളും വിവിധ ഉഭയകക്ഷി വിഷയങ്ങളും ചര്‍ച്ച ചെയ്‌തു.