കേരളം

kerala

ETV Bharat / international

യുഎന്‍ സുരക്ഷ കൗൺസിൽ ചർച്ചകളിൽ കൂടുതല്‍ സുതാര്യത ആവശ്യപ്പെട്ട് ഇന്ത്യ; അടിയന്തര പരിഷ്‌കാരങ്ങൾക്ക് ആഹ്വാനം - UN Security Council Negotiations - UN SECURITY COUNCIL NEGOTIATIONS

ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിൽ ചർച്ചകളിൽ അടിയന്തിര പരിഷ്‌കാരങ്ങൾക്ക് ആഹ്വാനം ചെയ്‌ത് ഇന്ത്യ. ടെക്‌സ്‌റ്റ് അധിഷ്‌ഠിത ചർച്ചകൾ കൗൺസിൽ പരിഷ്‌കരണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഇന്ത്യന്‍ പ്രതിനിധി.

UN SECURITY COUNCIL  AMBASSADOR YOJNA PATEL  ഐക്യരാഷ്ട്ര സഭ  REFORMS IN UN NEGOTIATIONS
Members of the UN Security Council (AP)

By ETV Bharat Kerala Team

Published : Aug 28, 2024, 5:24 PM IST

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൗൺസിൽ ചർച്ചകളിൽ കൂടുതൽ സുതാര്യതക്കായി ആഹ്വാനം ചെയ്‌ത് ഇന്ത്യ. ഇന്ത്യയുടെ സ്ഥിരം ഡെപ്യൂട്ടി പ്രതിനിധിയായ അംബാസഡർ യോജ്‌ന പട്ടേലാണ് ദീർഘകാല പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ കാര്യക്ഷമമായ ചർച്ചകൾ വേണമെന്ന ആവശ്യം ഉയർത്തിയത്. ടെക്‌സ്‌റ്റ് അധിഷ്‌ഠിത ചർച്ചകൾ കൗൺസിൽ പരിഷ്‌കരണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരുമെന്ന് ഇവർ പറഞ്ഞു.

ചർച്ചകൾ മെച്ചപ്പെടുത്തുന്നതിനായി ഇൻ്റർ ഗവൺമെൻ്റൽ നെഗോഷ്യേഷൻ അവതരിപ്പിച്ച ഡിജിറ്റൽ ശേഖരണവും വെബ്‌കാസ്‌റ്റിംഗും ഉൾപ്പെടെയുള്ള പുതിയ സംരംഭങ്ങളെ ഇവർ അഭിനന്ദിച്ചു. അതേസമയം ഈ നീക്കങ്ങൾ പര്യാപ്‌തമല്ലെന്നും പ്രതീക്ഷിക്കുന്ന പുരോഗതി കൈവരിക്കാനായിട്ടില്ലെന്നും ഇവർ അഭിപ്രായപ്പെട്ടു. ഇൻ്റർ ഗവൺമെൻ്റൽ നെഗോഷ്യേഷന്‍റെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ടുള്ള ടെക്‌സ്‌റ്റ് ചർച്ചകൾ അടിയന്തിരമായി പരിഗണിക്കണം എന്നാണ് ഇന്ത്യയുടെ നിലപാട്.

യുഎൻഎസ്‌സി പരിഷ്‌കരണത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇനിയും ടെക്‌സ്‌റ്റ് അധിഷ്‌ഠിത ഫോർമാറ്റ് സ്വീകരിക്കാനാവാത്തത് ന്യൂനതയാണ്. ആഗോള പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ ഈ കാലതാമസം വെല്ലുവിളിയാവുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.

യുഎൻഎസ്‌സി പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സംഗ്രഹിക്കുന്ന എലമെൻ്റ്സ് പേപ്പറിനെയും അംബാസഡർ വിമർശിച്ചു. റിപ്പോർട്ടിൽ പരസ്‌പര വിരുദ്ധ പരാമർശങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. സമവായമില്ലാത്ത പ്രസ്‌താവനകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എലമെൻ്റ്സ് പേപ്പറിലെ കൺവെർജൻസസ് വിഭാഗത്തിൽ ക്രോസ്-റീജിയണൽ ഗ്രൂപിനെക്കുറിച്ചുള്ള ഒരു പരാമർശം ഇത്തരത്തിലുള്ളതാണ്. ഇത്തരം വൈരുധ്യങ്ങൾ വിപരീത ഫലമാണുണ്ടാക്കുകയെന്നും ഇവർ പറഞ്ഞു.

കൂടാതെ, വരാനിരിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിനെക്കുറിച്ചും ഇവർ പരാമർശിച്ചു. IGN കോ-ചെയർമാരിൽ നിന്നുള്ള നിലവിലെ കരട് ഇൻപുട്ട് അംഗരാജ്യങ്ങളുടെ നിലവിലെ കരാറിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഇത് അന്തിമ രേഖയുടെ നിയമസാധുതയെ ബാധിക്കുമെന്നും ഇവർ അഭിപ്രായപ്പെട്ടു. ഐജിഎൻ പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിന് വ്യക്തമായ ഒരു റോഡ്‌മാപ്പിൻ്റെയും ജനറൽ അസംബ്ലിയുടെ നടപടിക്രമങ്ങൾ പാലിക്കേണ്ടതിൻ്റെയും ആവശ്യകത പട്ടേൽ ഊന്നിപ്പറഞ്ഞു. ഈ നിർണായക പരിഷ്‌കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് മറ്റ് അംഗരാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനാകുമെന്ന പ്രതീക്ഷയും ഇവർ പങ്കുവെച്ചു.

Also Read:ഐക്യരാഷ്‌ട്ര രക്ഷാസമിതി പരിഷ്‌കരണം : ഇന്ത്യയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് യുഎന്‍ പൊതുസഭ പ്രസിഡന്‍റ്

ABOUT THE AUTHOR

...view details