ന്യൂഡല്‍ഹി: ഖലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ ബന്ധം ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും വഷളാകുന്നു. നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും വഷളാകുന്നത്. കനേഡിയൻ സര്‍ക്കാരിന്‍റെ ആരോപണങ്ങളെല്ലാം നിഷേധിച്ച് കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം രംഗത്തെത്തുകയും ചെയ്‌തിരുന്നു.
ഇന്ത്യയ്‌ക്കെതിരെ കാനഡ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ ഇന്ത്യയിലെ ആറ് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്‌തു. ആക്‌ടിങ് ഹൈക്കമ്മിഷണർ സ്‌റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മിഷണർ പാട്രിക് ഹെബർട്ട്, ഫസ്‌റ്റ് സെക്രട്ടറിമാരായ മേരി കാതറിൻ, ഇയാൻ റോസ് ഡേവിഡ് ട്രൈറ്റസ്, ആദം ജെയിംസ് ചുയ്‌പുക, പൗല ഒർജുവേല എന്നിവരെയാണ് ഇന്ത്യ പുറത്താക്കിയത്. ഒക്‌ടോബര്‍ 19 ശനിയാഴ്‌ചയ്ക്കകം 6 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരും ഇന്ത്യയിൽ നിന്ന് പോകണമെന്നാണ് നിർദേശം നല്‍കിയത്.
കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ അടക്കമുള്ള നയതന്ത്ര പ്രതിനിധികളെ ഇന്ത്യ തിരിച്ചുവിളിക്കുകയും ചെയ്‌തു. ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാറിന് നിജ്ജാര്‍ വധത്തില്‍ പങ്കുണ്ടെന്നാണ് കാനഡയുടെ ആരോപണം.എന്നാല്‍ ഈ ആരോപണം തള്ളിയ ഇന്ത്യ സുരക്ഷയുടെ ഭാഗമായി സഞ്ജയ് കുമാറിനെ തിരിച്ചുവിളിച്ചതായി അറിയിച്ചു.
നിലവിലെ കനേഡിയന്‍ സര്‍ക്കാര്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് തങ്ങള്‍ക്ക് വിശ്വാസമില്ല. അതിനാല്‍ ഹൈക്കമ്മിഷണറേയും മറ്റ് ഉദ്യോഗസ്ഥരേയും തിരിച്ചുവിളിക്കാൻ ഇന്ത്യന്‍ ഗവണ്‍മെന്‍റ് തീരുമാനിച്ചിരിക്കുന്നു എന്നാണ് പത്രക്കുറിപ്പില്‍ ഇന്ത്യ വ്യക്തമാക്കിയത്. അതേസമയം, ഹൈക്കമ്മിഷണർ അടക്കം ആറ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്ന് കാനഡയും അറിയിച്ചു.