യുണൈറ്റഡ് നേഷന്‍സ് :ഐക്യരാഷ്‌ട്ര പൊതുസഭയില്‍ റഷ്യ യുക്രെയ്നെതിരെയുള്ള അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തില്‍ നിന്ന് വിട്ട് നിന്ന് ഇന്ത്യ. സപ്പോറീഷ്യ അണുശക്തി നിലയത്തിലെ സൈന്യത്തെയും അംഗീകാരമില്ലാത്ത വ്യക്തികളെയും അടിയന്തരമായി പിന്‍വലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം 193 അംഗ പൊതു സഭയില്‍ 99 വോട്ടോടെ പ്രമേയം പാസാക്കി. അതേസമയം ഒന്‍പത് രാഷ്‌ട്രങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. അറുപത് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാന്‍, ചൈന, ഈജിപ്‌ത്, നേപ്പാള്‍, പാകിസ്ഥാന്‍, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നത്. ബെലറൂസ്, ക്യൂബ, ഉത്തരകൊറിയ, റഷ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്‌തത്.
യുക്രെയ്‌നിലെ ആണവകേന്ദ്രങ്ങളുടെ സുരക്ഷയും സുരക്ഷിതത്വവും എന്ന തലക്കെട്ടോടെയുള്ള പ്രമേയം റഷ്യ അടിയന്തരമായി അധിനിവേശം അവസാനിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. ഉപാധികളില്ലാതെ രാജ്യാന്തര സമൂഹം അംഗീകരിച്ചിട്ടുള്ള യുക്രെയ്ന്‍റെ അതിര്‍ത്തികളില്‍ നിന്ന് മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ആണവനിലയത്തിന്‍റെ പൂര്‍ണ നിയന്ത്രണം യുക്രെയ്‌നിലെ പരമാധികാര സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്നും പ്രമേയം നിര്‍ദേശിച്ചു. യുക്രെയ്‌നിലെ നിര്‍ണായക ഊര്‍ജകേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ റഷ്യ അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഇത്തരം ആക്രമണങ്ങള്‍ യുക്രെയ്‌നിലെ എല്ലാ ആണവ കേന്ദ്രങ്ങളിലും ആണവ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയും പ്രമേയം പങ്കുവച്ചു.