ഹേഗ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനും ഹമാസ് നേതാക്കള്‍ക്കും എതിരെ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. യുദ്ധകുറ്റങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ആരോപിച്ചാണ് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം നടപടിയെ നെതന്യാഹു തളളി.
ഐസിസി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ്റെ വാറണ്ട് പുറപ്പെടുവിച്ചു കൊണ്ടുളള നീക്കം, അപമാനകരവും യഹൂദ വിരുദ്ധവുമാണെന്ന് നെതന്യാഹുവും മറ്റ് ഇസ്രായേലി നേതാക്കളും പ്രതികരിച്ചു. യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും പ്രോസിക്യൂട്ടര്‍ക്കെതിരെ രംഗത്തുവന്നു. ഹമാസിനെ പ്രതിരോധിക്കാനുള്ള ഇസ്രയേലിൻ്റെ അവകാശത്തെ ബൈഡന്‍ പൂര്‍ണമായും പിന്തുണച്ചു. ഹമാസിലെ ഉദ്യോഗസ്ഥർക്കെതിരെയും അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. നടപടിയെ ഹമാസും രൂക്ഷമായി വിമര്‍ശിച്ചു.
വാറണ്ടുകൾ പുറപ്പെടുവിക്കുന്നതിന് മുമ്പ് ആരോപണങ്ങൾ സ്വയം അന്വേഷിക്കാൻ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി ഇസ്രയേലിന് അവസരം നൽകിയില്ലെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇസ്രയേലിനെ പോലെ സ്വതന്ത്രമായ നിയമ സംവിധാനമുളള മറ്റൊരു ജനാധിപത്യ രാജ്യത്തോടും ഇത്തരം മുൻവിധിയോടെ ഒരു പ്രോസിക്യൂട്ടറും പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര നിയമ നിർവ്വഹണ സംവിധാനത്തിന് അന്വേഷണം നടത്താൻ കഴിയാത്തതോ അല്ലെങ്കില്‍ അന്വേഷണം നടത്താതോ ആയ കേസുകളിൽ മാത്രമാണ് ഐസിസിക്ക് ഇടപെടാന്‍ അവകാശമുളളത് എന്നും മന്ത്രാലയം വ്യക്തമാക്കി.