ലെബനൻ:ഹസൻ നസ്‌റള്ളയുടെ കൊലപാതകത്തിന് പിന്നാലെ പുതിയെ പിൻഗാമിയെ പ്രഖ്യാപിച്ച് ഹിസ്‌ബുള്ള. ഹിസ്‌ബുള്ളയുടെ ഡെപ്യൂട്ടി ഹെഡ് ആയിരുന്ന നയിം ഖാസിമാണ് പുതിയ തലവന്‍. പുതിയ തലവനെ തെരഞ്ഞെടുത്ത കാര്യം ഹിസ്ബുള്ള ഔദ്യോഗികമായി പ്രഖ്യാപിച്ചു.
'ഹിസ്ബുള്ളയുടെ ശൂറാ (ഭരണ) കൗൺസിൽ ഷെയ്ഖ് നയിം ഖാസിമിനെ സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തു' - ഹിസ്‌ബുള്ളയുടെ പ്രസ്‌താവനയില്‍ പറയുന്നു. നസ്‌റള്ള കൊല്ലപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് പുതിയ തലവനെത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹിസ്ബുള്ളയുടെ സ്ഥാപകരിൽ ഒരാളാണ് 71-കാരനായ നയിം ഖാസിം. ഹസന്‍ നസ്‌റള്ള അധികാരമേറ്റതിന് തൊട്ടുമുമ്പ് 1991 മുതൽ പാർട്ടിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്നു നയിം ഖാസിം.
1953-ൽ ബെയ്റൂത്തിലെ ഇസ്രയേൽ അതിർത്തിയിലുള്ള ക്‌ഫാർ ഫില ഗ്രാമത്തിലെ ഒരു കുടുംബത്തിലാണ് നയിം ഖാസിമിന്‍റെ ജനനം. 2006-ൽ ഇസ്രയേലുമായി നടന്ന യുദ്ധത്തിന് ശേഷം പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്ന ഹിസ്ബുള്ളയുടെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു നയിം ഖാസിം.
ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹസന്‍ നസ്‌റള്ള കൊല്ലപ്പെട്ടതിന് പിന്നാലെ, സെപ്‌തംബർ 27-ന്, നയിം ഖാസിം ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌തിരുന്നു. അതേസമയം ഹസന്‍ നസ്‌റള്ളയുടെ പിൻഗാമിയായി ഹിസ്ബുള്ളയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ തലവൻ ഹാഷിം സഫീദ്ദീൻ എത്തുമെന്നായിരുന്നു ആദ്യം സൂചന ലഭിച്ചിരുന്നത്. എന്നാൽ നസ്‌റള്ളയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ ബെയ്റൂത്തിന്‍റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹാഷിം സഫീദ്ദീനും കൊല്ലപ്പെട്ടു.
Also Read:ഇസ്രയേലില്‍ യുഎന്‍ ദുരിതാശ്വാസ ഏജന്‍സിക്ക് പ്രവർത്തന വിലക്ക്; നടപടി പാർലമെന്‍റില്‍ വോട്ടിനിട്ടശേഷം