ടെൽ അവീവ്: ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ അനന്തമായി നീണ്ടുപോകുന്നതിനിടെ മോചനത്തിനായി ചർച്ച നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്ന രണ്ട് ബന്ദികളുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്. വീഡിയോയിൽ, അമേരിക്കൻ-ഇസ്രായേലിയായ കീത്ത് സീഗലാണ് വീഡിയോയില്‍ മോചന കരാറിനായി ചർച്ച നടത്താൻ ബെഞ്ചമിൻ നെതന്യാഹുവിനോട് അപേക്ഷിക്കുന്നത്. ഒക്‌ടോബർ ഏഴിന് കിബ്ബത്ത്‌സ് കഫാർ ആസയിലെ വസതിയിൽ നിന്നാണ് ഭാര്യയോടൊപ്പം സീഗലിനെ ഹമാസ് ബന്ദിയാക്കിയത്.
അതേ ദിവസം തന്നെയാണ് മറ്റൊരു ഇസ്രായേലിയായ ഒമ്രി മിറാനെയും നഹൽ ഓസ് കിബ്ബൂട്ട്സിലെ വീട്ടിൽ അതിക്രമിച്ചു കയറി ഹമാസ് തട്ടിക്കൊണ്ടുപോയത്. മിറാന്‍റെ ഭാര്യയും രണ്ട് പെൺമക്കളും രക്ഷപ്പെട്ടിരുന്നു എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു.
വീഡിയോ എവിടെ വെച്ച് എടുത്തെന്നോ എപ്പോൾ ചിത്രീകരിച്ചു എന്നോ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പെസഹ ആഘോഷിക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ലെന്ന് ബന്ദികൾ വീഡിയോയില്‍ പറയുന്നുണ്ട്. 202 ദിവസമായി താന്‍ ഇവിടെയുണ്ട് എന്ന് മിറാൻ പറയുന്നുണ്ട്. ഇത് പ്രകാരം, വീഡിയോ ചിത്രീകരിച്ചത് വ്യാഴാഴ്‌ചയാണ് എന്നാണ് അനുമാനം.
സംഭവത്തില്‍ പ്രതികരിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് തയാറായിട്ടില്ല. സീഗലിന്‍റെ വീഡിയോയില്‍ പ്രതികരണവുമായി കുടുംബം രംഗത്ത് വന്നിരുന്നു. 'കീത്ത്, ഞാൻ നിന്നെ സ്നേഹിക്കുന്നു, നിങ്ങൾ മടങ്ങിവരുന്നതുവരെ ഞങ്ങൾ പോരാടും'- അദ്ദേഹത്തിന്‍റെ ഭാര്യ അവിവ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.