ബെര്‍ലിൻ: ഫെബ്രുവരി 23 ന് നടന്ന ജര്‍മനിയിലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ ചാൻസലർ സ്ഥാനാർഥി ഫ്രെഡറിക് മെർസിന്‍റെ നേതൃത്വത്തിലുള്ള കണ്‍സെര്‍വേറ്റീവ് ക്രിസ്‌ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) മികച്ച വിജയം നേടി. സിഡിയു/സിഎസ്‌യു സഖ്യം നയിക്കുന്ന കൺസർവേറ്റീവുകൾ 28.5 ശതമാനം വോട്ടുകള്‍ നേടി.
തീവ്ര വലതുപക്ഷ ആൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്‌ഡി) 20.8% വോട്ട് വിഹിതത്തോടെ രണ്ടാം സ്ഥാനത്തെത്തി. എക്കാലത്തെയും മികച്ച മുന്നേറ്റമാണ് ആലീസ് വെയ്‌ഡലിന്‍റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ പാര്‍ട്ടി നടത്തിയത്. ജര്‍മനിയെ ഇരുണ്ട കാലത്തേക്ക് നയിച്ച അഡോള്‍ഫ് ഹിറ്റ്‌ലറുടെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായിരുന്ന നാസിയുടെ ആദര്‍ശത്തിന് സമാന ആദര്‍ശം സ്വീകരിച്ചു വരുന്ന പാര്‍ട്ടിയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്‌ചവച്ച ആൾട്ടർനേറ്റീവ് ഫോർ ജർമനിയെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് തെരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ട് വിഹിതം ഈ പാര്‍ട്ടി സ്വന്തമാക്കുന്നത്. ഞായറാഴഅച നടന്ന തെരഞ്ഞെടുപ്പില്‍ റെക്കോർഡ് പോളിങ് (83.5) രേഖപ്പെടുത്തിയിരുന്നു. 1990ല്‍ ജര്‍മനിയുടെ ഏകീകരണത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണിത്.
അതേസമയം, ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരണത്തിനായി മറ്റു പാർട്ടികളുമായി കുടിയേറ്റ വിരുദ്ധനായ ഫ്രെഡറിക് മെർസ് ചര്‍ച്ച നടത്തും. തീവ്ര വലതുപക്ഷ ആൾട്ടർനേറ്റീവ് ഫോർ ജർമനിയുമായി മെര്‍സ് ചര്‍ച്ച നടത്തുമോ എന്നതും രാഷ്‌ട്രീയലോകം ഉറ്റുനോക്കുന്നു. എസ്‌പിഡിയുടെ നേതൃത്വത്തിലുള്ള അധികാരത്തിലുണ്ടായിരുന്ന മധ്യഇടതുപക്ഷ സഖ്യത്തെ തകര്‍ത്താണ് സിഡിയു/ സിഎസ്‌യു സഖ്യം അധികാരത്തിലെത്തുന്നത്.
വിജയികളെ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അഭിനന്ദിച്ചു. സാമ്പത്തിക മാന്ദ്യം, കുടിയേറ്റം, ആഭ്യന്തര പ്രശ്‌നങ്ങള്‍, ട്രംപ് ഭരണകൂടവുമായുള്ള ബന്ധം, റഷ്യ-യുക്രെയ്ൻ സംഘർഷം എന്നിവയാണ് തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ചയായത്.
തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
- സിഡിയു/ സിഎസ്‌യു: 208 സീറ്റുകൾ/ 28.5 ശതമാനം
- AfD: 152 സീറ്റുകൾ/ 20.8 ശതമാനം
- എസ്‌പിഡി: 120 സീറ്റുകൾ/ 16.4 ശതമാനം
- ഗ്രീൻസ്: 85 സീറ്റുകൾ/ 11.6 ശതമാനം
- ഇടതുപക്ഷം (ഡൈ ലിങ്കെ): 64 സീറ്റുകൾ/ 8.8 ശതമാനം
- ബി.എസ്.ഡബ്ല്യു: 5 സീറ്റുകൾ/ 5 ശതമാനം
- മറ്റള്ളവ: 1 സീറ്റ്/ 4.6 ശതമാനം
- എഫ്‌ഡിപി: 4 സീറ്റുകൾ/ 4.3 ശതമാനം