പാരിസ്: ഫ്രഞ്ച് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് തുടക്കമായി. ആദ്യ ഘട്ട വോട്ടെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്യാന്‍ തുടങ്ങി. നാസി കാലഘട്ടത്തിന് ശേഷം ഇക്കുറി ആദ്യമായി രാജ്യത്തിന്‍റെ ഭരണം വലതു പക്ഷ കക്ഷികള്‍ കയ്യടക്കുമെന്നാണ് പ്രവചനം.
അടുത്തമാസം ഏഴിനാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക. രാജ്യത്തെ തെരഞ്ഞെടുപ്പ് യൂറോപ്യന്‍ ധനകാര്യ വിപണിയെയും യുക്രൈനെ പിന്തുണയ്ക്കുന്ന പാശ്ചാത്യ നിലപാടിനെയും അടക്കം സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമെ ഫ്രാന്‍സിന്‍റെ ആണവായുധ ശേഖരത്തെയും സൈന്യത്തിന്‍റെ ഉപയോഗത്തെയും സ്വാധിനിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
രാജ്യത്തെ ഭൂരിഭാഗം വോട്ടര്‍മാരും വിലക്കയറ്റവും സാമ്പത്തിക പ്രശ്‌നങ്ങളിലും ആശങ്കാകുലരാണ്. ഇതിന് പുറമെ പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ നേതൃത്വവും ഇവരെ കുഴയ്ക്കുന്നു. മാക്രോണിന്‍റെ നേതൃത്വം ഇവരുടെ ജീവിതത്തില്‍ യാതൊരു സ്വാധീനവും ഉണ്ടാക്കുന്നില്ല. ഇതിന് പുറമെ മരിന്‍ ലെ പെന്നിന്‍റെ കുടിയേറ്റ വിരുദ്ധ ദേശീയ റാലി പാര്‍ട്ടിക്കെതിരെ അസംതൃപ്‌തിയുണ്ടാക്കിയിട്ടുണ്ട്. ടിക്ക് ടോക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനെതിരെ പ്രതിഷേധം ആളിപ്പടര്‍ന്നു.
പുതുതായി രൂപം കൊണ്ട ഇടതുസഖ്യം, പോപ്പുലര്‍ ഫ്രണ്ട് വ്യവസായി അനുകൂലനായ മാക്രോണിനും അദ്ദേഹത്തിന്‍റെ സെന്‍ററിന്‍റ് സഖ്യത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്.
വിദ്വേഷ പ്രസംഗം അടക്കം വേണ്ടുവോളമുണ്ടായ കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം രാജ്യത്ത് ഇന്ന് രാവിലെ എട്ടു മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. രാത്രി എട്ട് മണിയോടെ ആദ്യ ഫലസൂചനകള്‍ ലഭിച്ച് തുടങ്ങും. രാത്രി വൈകി ഫലപ്രഖ്യാപനവുമുണ്ടാകും.
ഈ മാസം 9നു നടന്ന യൂറോപ്യൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മരീൻ ലെ പെന്നിന്‍റെ തീവ്രവലതുപക്ഷ കക്ഷിയായ നാഷനൽ റാലി (എൻആർ) വൻ വിജയം നേടിയതിനു പിന്നാലെയാണു മാക്രോണ്‍ പാർലമെന്‍റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. നാഷണല്‍ റാലി വംശീയതയയുമായും സെമിറ്റിക് വിരുദ്ധ ആശയങ്ങളുമായി ചരിത്രപരമായ ബന്ധമുള്ളവരാണ്. ഫ്രാന്‍സിലെ മുസ്ലീം ജനതയുമായി ഇവര്‍ ശത്രുത മനോഭാവവും പുലര്‍ത്തുന്നു.
36% വോട്ടിന്‍റെ ഉറച്ച പിന്തുണയുമായി എൻആർ മുന്നേറുന്നുവെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. ഇടതുപക്ഷ സഖ്യമായ എൻഎഫ്‌പി 28.5% വോട്ടുമായി രണ്ടാം സ്ഥാനത്തുണ്ട്. മാക്രോണിന്‍റെ സഖ്യം 21 ശതമാനവുമായി മൂന്നാമതാണ്. ഈ സൂചന അനുസരിച്ചാണു ഫലമെങ്കിൽ നാഷനൽ റാലിയുടെ അധ്യക്ഷൻ ജോർദാൻ ബർദെല (28) പുതിയ പ്രധാനമന്ത്രി ആകാനാണു സാധ്യത. കടുത്ത എതിരാളിയുമായി ചേർന്നു ഭരിക്കേണ്ടിവരുന്നതു മക്രോയെ പ്രതിസന്ധിയിലാക്കും.
2027ല്‍ തന്‍റെ കാലാവധി അവസാനിക്കും വരെ ഭരണത്തില്‍ തുടരുമെന്ന് മാക്രോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ബര്‍ദലെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് രാജ്യത്തിനകത്തും ആഗോള വേദികളിലും മാക്രോണിനെ ദുര്‍ബലനാക്കും.
ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫലം വോട്ടര്‍മാരുടെ മൊത്തത്തിലുള്ള വികാരം വ്യക്തമാക്കും. എങ്കിലും അത് അടുത്ത പാര്‍ലമെന്‍റിലേക്ക് മൊത്തത്തിലുള്ള ചിത്രം നല്‍കുമെന്ന് കരുതുക വയ്യ. സങ്കീര്‍ണമായ വോട്ടിംഗ് സംവിധാനത്തില്‍ ഒരു പ്രവചനം അസാധ്യം തന്നെ. കക്ഷികള്‍ തമ്മില്‍ ചിലയിടത്ത് സഖ്യത്തിലും മറ്റിടങ്ങളില്‍ തനിച്ചും ഒക്കെയാണ് ജനവിധി തേടുന്നത്.
ഇത്തരം നിലപാടുകള്‍ മുമ്പ് തീവ്ര വലതുപക്ഷത്തെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നു. എന്നാലിപ്പോള്‍ ലിപെന്നിന്‍റെ പാര്‍ട്ടിക്ക് നല്ല സ്വാധീനമുണ്ട്. യാതൊരു ഭരണപരിചയവുമില്ലാത്ത ബാര്‍ദെല്ല, പ്രധാനമന്ത്രിയുടെ അധികാരം ഉപയോഗിച്ച് യുക്രൈന് മാക്രോണ്‍ ആയുധം വിതരണം ചെയ്യുന്നത് അവസാനിപ്പിക്കുമന്ന് പറയുന്നു. അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്ക് റഷ്യയുമായി ചരിത്രപരമായ അടുപ്പമുണ്ട്.
ഫ്രാന്‍സില്‍ ജനിച്ചവരുടെ പൗരത്വാവകാശങ്ങളെയും അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. ഇരട്ട പൗരത്വമുള്ള ഫ്രഞ്ച് പൗരന്‍മാരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്നും അദ്ദേഹത്തിന് നിലപാടുണ്ട്. ഇത് മൗലിക മനുഷ്യാവകാശലംഘനമാകുമെന്നും ഫ്രാന്‍സിന്‍റെ ജനാധിപത്യ ആശയങ്ങള്‍ക്ക് ഭീഷണിയാകുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
വലിയ തോതില്‍ പൊതു പണം ചെലവിടുമെന്ന നാഷണല്‍ റാലിയുടെയും ഇടതു പക്ഷസഖ്യത്തിന്‍റെയും വാഗ്‌ദാനം വിപണിയില്‍ ചലനമുണ്ടാക്കിയിട്ടുണ്ട്. അതോടൊപ്പം ഫ്രാന്‍സിന്‍റെ വലിയ പൊതുക്കടത്തെക്കുറിച്ചും ആശങ്ക ഉണര്‍ത്തുന്നു. ഫ്രാന്‍സിന്‍റെ പൊതുക്കടം ഇതിനകം തന്നെ യൂറോപ്യന്‍ യൂണിന്‍റെ വിമര്‍ശനത്തിന് പാത്രമായിട്ടുള്ളതാണ്.
577 അംഗ ഫ്രഞ്ച് പാർലമെന്‍റിൽ കേവല ഭൂരിപക്ഷത്തിന് 289 സീറ്റ് വേണം. 2022 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മാക്രോണിന്‍റെ സഖ്യത്തിനു കേവലഭൂരിപക്ഷമില്ലാതിരുന്നതിനാൽ പ്രതിപക്ഷത്തിനു വഴങ്ങിയാണു സുപ്രധാനമായ പല തീരുമാനങ്ങളുമെടുത്തിരുന്നത്.
ഇന്നു നടക്കുന്ന തെരഞ്ഞെടുപ്പിൽ ആകെ പോളിങ് 25 ശതമാനത്തിൽ താഴെയുള്ളതും വിജയിക്ക് 50% എങ്കിലും വോട്ട് കിട്ടാത്തതുമായ മണ്ഡലങ്ങളിലാണു ജൂലൈ 7നു രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കുക. രണ്ടാം ഘട്ടത്തിൽ മത്സരിക്കാൻ സ്ഥാനാർഥിക്ക് ആദ്യഘട്ടത്തിൽ കുറഞ്ഞതു 12.5 % വോട്ട് ലഭിച്ചിരിക്കണം.
സാധാരണ നിലയിൽ ഫ്രാൻസിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു ശേഷമാണ് പാർലമെന്‍റ് തെരഞ്ഞെടുപ്പു നടക്കുക. ഇക്കാരണത്താൽ മിക്കവാറും പ്രസിഡന്‍റിന്‍റെ കക്ഷിക്കു തന്നെയാവും പാർലമെന്‍റിലും ഭൂരിപക്ഷം ലഭിക്കുക. ഈ തെരഞ്ഞെടുപ്പിൽ ലെ പെന്നിന്‍റെ കക്ഷി പാർലമെന്‍റിൽ വിജയം നേടിയാലും പ്രസിഡന്‍റ് സ്ഥാനത്തു കാലാവധി തീരും വരെ മാക്രോണിനു തുടരാം.
എന്നാൽ രാഷ്‌ട്രീയ പരാജയമേറ്റുവാങ്ങി അദ്ദേഹം തുടരുമോ എന്നതാണു ചോദ്യം. 2027 ൽ ആണ് അടുത്ത പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്,. 2017– ൽ 39–ാം വയസ്സിൽ വലിയ ഭൂരിപക്ഷത്തിലും 2022 ൽ നേരിയ ഭൂരിപക്ഷത്തിലുമാണു മാക്രോണ്‍ പ്രസിഡന്‍റായത്. രണ്ടുവട്ടവും നാഷനൽ റാലിയുടെ മരീൻ ലെ പെന്നിനെ പരാജയപ്പെടുത്തി.
Also Read:'ഗര്‍ഭച്ഛിദ്രം സ്‌ത്രീകളുടെ മൗലികാവകാശം'; ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി ഫ്രഞ്ച് പാര്‍ലമെന്‍റ്