വാഷിങ്‌ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ അരിസോണയിലും വിജയം കൊയ്‌ത് റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. 2020 ലെ തെരഞ്ഞെടുപ്പില്‍ ബൈഡനൊപ്പമായിരുന്നു അരിസോണ നിന്നത്. അരിസോണയിലെ തകര്‍പ്പൻ വിജയമായിരുന്നു ബൈഡനെ അമേരിക്കൻ പ്രസിഡന്‍റ് പദവിയില്‍ എത്തിച്ചത്. എന്നാല്‍, ഈ പ്രാവശ്യം അരിസോണയില്‍ ട്രംപിന് വെന്നിക്കൊടി പാറിക്കാൻ സാധിച്ചു. ഇതോടെ അമേരിക്കയിലെ ഏഴ് സ്വിങ് സ്‌റ്റേറ്റുകളിലും ട്രംപിന് വിജയിക്കാനായി എന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചത്. ട്രംപിന്‍റെ വിജയത്തില്‍ നിര്‍ണായകമായത് സ്വിങ് സ്‌റ്റേറ്റുകളാണ്. പെൻസിൽവാനിയ, വിസ്കോൺസിൻ, മിഷിഗൺ, നോർത്ത് കരോലിന, നെവാഡ, ജോർജിയ എന്നിവയാണ് ട്രംപിനൊപ്പം നിന്ന മറ്റ് ആറ് സ്വിങ് സ്‌റ്റേറ്റുകള്‍. ഈ സ്വിങ് സ്‌റ്റേറ്റുകളില്‍ നിന്നും ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാനും ട്രംപിന് സാധിച്ചു.
തെക്കുപടിഞ്ഞാറൻ സ്‌റ്റേറ്റുകളിലെ ഹിസ്‌പാനിക് വിഭാഗങ്ങളുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ട്രംപിന് 11 ഇലക്‌ടറൽ കോളജ് വോട്ടുകള്‍ നേടാനായതായി സിഎന്‍എന്നും എന്‍ബിസിയും റിപ്പോര്‍ട്ട് ചെയ്‌തു. 40 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷമാണ് ട്രംപിന് നേടാനായത്. സെനറ്റില്‍ ഭൂരിപക്ഷം നേടിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷത്തിന് 218 സീറ്റുകളാണ് ആവശ്യം.