ന്യൂയോർക്ക്:മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വിചാരണ ഏപ്രിൽ 15 ന് ആരംഭിക്കും. പോൺ താരം സ്റ്റോമി ഡാനിയേഴ്‌സിന് 13,0000 ഡോളർ നൽകിയ കേസിലാണ് ട്രംപ് വിചാരണ നേരിടുന്നത്. യു എസ് ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ് ഒരു മുൻ പ്രസിഡന്‍റ് ക്രിമിനൽ വിചാരണ നേരിടേണ്ടി വരുന്നത്.
ന്യൂയോർക്കിലെ മർഹട്ടൻ കോടതിയുടെതാണ് വിധി. അര ഡസനോളം അഭിഭാഷകർക്കൊപ്പം കോടതിയിലെത്തിയ ട്രംപ് തനിയ്‌ക്കെതിരെയുള്ള നാല് ക്രിമിനൽ കേസുകൾ തെരഞ്ഞടുപ്പിനു ശേഷം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. തുടര്‍ന്ന്, വിചാരണ അടുത്ത മാസം ആരംഭിക്കാൻ വിധിക്കുകയായിരുന്നു.
അതേസമയം, നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പ്രചാരണത്തിൽ നിന്ന് തന്നെ തടയാനാണ് കേസ് കൊണ്ടുവന്നതെന്ന അവകാശവാദം ട്രംപ് ഉന്നയിച്ചു. മൂന്നര വർഷം മുമ്പ് കൊണ്ടുവരാമായിരുന്ന കേസ് ഇപ്പോൾ തെരഞ്ഞെടുപ്പ് സമയത്തേക്ക് മാറ്റിവച്ചത് തെരഞ്ഞെടുപ്പിൽ തനിയ്‌ക്കെതിരെ നടക്കുന്ന ഇടപെടൽ മാത്രമാണെന്നും ട്രംപ് പ്രതികരിച്ചു.
തന്‍റെ ബന്ധം മറച്ചു വയ്ക്കുന്നതിനായാണ് ട്രംപ് അഭിഭാഷകൻ വഴി സ്റ്റോമിയ്ക്ക് പണം നൽകിയത്. 2016 ലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്താണ് സംഭവം. സ്വകാര്യത വെളിപ്പെടുത്താത്തതിരിക്കുന്നതിനായി പണം നൽകിയത് കുറ്റകരമല്ലെങ്കിലും ബിസിനസ് ആവശ്യത്തിനായി നടത്തിയ ഇടപാടെന്ന് കാണിച്ചുകൊണ്ടുള്ള രേഖകൾ ഇലക്ഷൻ നിയമങ്ങൾക്ക് വിരുദ്ധമായിരുന്നു. ഇതാണ് കേസില്‍ ട്രാംപിന് വിനയായത്.