മലയാളത്തിലെ പ്രശസ്‌തരായ നായികമാരിൽ ഒരാളാണ് ഹണി റോസ്. മികവുറ്റ കഥാപാത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച താരം, സോഷ്യൽ മീഡിയയിലൂടെയും പ്രശസ്‌തയാണ്. പബ്ലിക് ഫങ്ഷനുകളിൽ അതിഥിയായി പങ്കെടുക്കുമ്പോൾ ഹണി റോസിന്‍റെ രൂപ ഭാവ സൗന്ദര്യ ഘടകങ്ങൾ എപ്പോഴും ചർച്ചയാകാറുണ്ട്.
ഇപ്പോഴിതാ പ്രശസ്‌തനായ ഒരു ബിസിനസുകാരനെതിരെ രൂക്ഷ വിമർശനവുമായി ഹണി റോസ് രംഗത്ത് വന്നിരിക്കുകയാണ്. ഇതു സംബന്ധിച്ച് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിട്ടുണ്ട്. ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അപമാനിക്കുവാൻ ശ്രമിച്ചു എന്നതാണ് ഹണിയുടെ ആരോപണം. ഇതിന് പിന്നാലെ സംഭവത്തിന്‍റെ വിശദാംശങ്ങൾ ഹണി റോസ് ഇടിവി ഭാരതുമായി പങ്കുവക്കുന്നു...
ഹണി റോസിന്‍റെ വാക്കുകള്‍:
'ഒരുപാട് നാളുകളായി സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും എനിക്കെതിരെ ബോഡി ഷേമിങ് അടക്കമുള്ള കാര്യങ്ങൾ നടക്കുന്നുണ്ട്. പൊതുവേ സ്വന്തം മുഖം മറച്ചുപിടിച്ച് സോഷ്യൽ മീഡിയയിലെ ഫേക്ക് അക്കൗണ്ടുകളിലൂടെ അനാവശ്യങ്ങൾ വിളിച്ചു പറയുന്നവരെ ഞാൻ കണക്കിലെടുക്കാറില്ല. അവരുടെ വാക്കുകൾക്ക് ചെവി കൊടുക്കാറില്ല.
ഇപ്പോൾ ഒരു പ്രസ്‌തുത വ്യക്തിക്കെതിരെ ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത ആരോപണങ്ങൾ ഉറച്ചു നിൽക്കുകയാണ്. പ്രസ്‌തുത വ്യക്തിയോടൊപ്പം ഒരിക്കൽ ഞാൻ ഒരു ചടങ്ങിൽ പങ്കെടുത്തിരുന്നു.
ആ ചടങ്ങിനിടയിൽ വളരെ ബാലിശമായ ദ്വയാർത്ഥ പ്രയോഗങ്ങൾ ആ വ്യക്തി നടത്തുകയുണ്ടായി. ഒരു സ്ത്രീയുടെ മുഖത്ത് നോക്കി ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അന്ന് അയാൾ പറഞ്ഞത്. ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഞാൻ ആദ്യം സംഘാടകരെ കോൺടാക്‌ട് ചെയ്‌തു.
ആ വ്യക്തി എനിക്കെതിരെ ഉപയോഗിച്ച വാക്കുകളെ കുറിച്ചുള്ള അമർഷം കൃത്യമായി പ്രകടിപ്പിക്കുകയും ചെയ്‌തു. ഒരു വ്യക്തി മുഖത്തു നോക്കി ഇത്തരം രീതിയിൽ സംസാരിക്കുന്നത് എന്‍റെ കരിയറിൽ ആദ്യമായാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
10 -20 വർഷമായി ഞാൻ ഈ മേഖലയിൽ ജോലി ചെയ്യുന്നു. എനിക്ക് ഇന്നുവരെയും ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോൾ ഇത്തരത്തിൽ അപമാനം നേരിടേണ്ടി വന്നിട്ടില്ല. സോഷ്യൽ മീഡിയയിലൂടെ സ്ഥിരമായി എന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ നടക്കുന്നുണ്ട്. സോഷ്യൽ മീഡിയ വാക്കുകളെ പുച്ഛത്തോടെ അവഗണിച്ച് വിടാറാണ് പതിവ്.
സോഷ്യൽ മീഡിയ ആക്രമണങ്ങളുടെ വേര് പിടിച്ച് ഒരിക്കലും എന്നെപ്പോലൊരു വ്യക്തിക്ക് പോകാൻ ആകില്ല. പക്ഷേ നമ്മളെ അതിഥിയായി വിളിക്കുന്ന ഒരു ചടങ്ങിൽ നമ്മൾ വളരെ പോസിറ്റീവായി ചെന്ന് നിൽക്കുമ്പോൾ ഒരു സ്ത്രീയെ വളരെ മോശമായി അപമാനിക്കുന്ന തരത്തിൽ സംസാരിക്കുക എന്നൊക്കെ പറയുന്നത് അംഗീകരിക്കാൻ ആകില്ല.'- ഹണി റോസ് വ്യക്തമാക്കി.
'നിരന്തരമായി പല വേദികളിൽ വച്ചും ആ വ്യക്തിയുടെ ഭാഗത്തുനിന്നും ഒരു സ്ത്രീക്കെതിരെ ഒരിക്കലും ഉപയോഗിക്കപ്പെടാൻ പാടില്ലാത്ത പദ പ്രയോഗങ്ങൾ ഉണ്ടായപ്പോൾ ആ വ്യക്തിയുമായി ബന്ധപ്പെട്ട ആൾക്കാരെ വിളിച്ച് കാര്യം ബോധിപ്പിച്ചിട്ടുണ്ടായിരുന്നു. പല ഇന്‍ർവ്യൂകളിലും സോഷ്യൽ മീഡിയ വീഡിയോയിലും അയാൾ എന്നെ കളിയാക്കുന്ന തരത്തിലുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ തുടർച്ചയായി നടത്തിക്കൊണ്ടിരുന്നു.
അതിനു ശേഷം ആ വ്യക്തിയുടെ ബ്രാൻഡുമായി ബന്ധപ്പെട്ട യാതൊരു വിധ പരിപാടികൾക്കും താൻ പങ്കെടുക്കില്ല എന്ന് അറിയിക്കുകയും ചെയ്‌തു. എന്നാൽ യാദൃശ്ചികമായി മറ്റൊരു പരിപാടിയിൽ മേൽ സൂചിപ്പിച്ച വ്യക്തിയുമായി വേദി പങ്കിടേണ്ടതായി വന്നു. ഈ വ്യക്തിയും ആ ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്ന് അവസാന നിമിഷമാണ് ഞാൻ മനസിലാക്കിയത്. നേരത്തെ അറിയുവാൻ സാധിച്ചിരുന്നെങ്കിൽ ആ ചടങ്ങ് ഒഴിവാക്കിയേനെ.
ഈ പറഞ്ഞ പരിപാടിയുടെ പ്രൊമോ വീഡിയോയിലും ഈ വ്യക്തി ലൈംഗിക ചുവയുള്ള വാക്കുകളാണ് എനിക്കെതിരെ ഉപയോഗിച്ചത്. ഇയാൾ ചാനലുകൾക്ക് നൽകുന്ന ഇന്‍റർവ്യൂകളിൽ വരെ ആവശ്യമില്ലാതെ എന്‍റെ പേര് എടുത്തിടാറുണ്ട്. എന്‍റെ പേര് പറഞ്ഞ ശേഷം വളരെയധികം മോശം കാര്യങ്ങളാണ് കൂട്ടിച്ചേർത്ത് പറയുന്നത്. എത്രയൊക്കെ ഒഴിഞ്ഞുമാറി നടക്കാൻ ശ്രമിച്ചാലും ക്ഷമിച്ചാലും അയാൾ വിടാതെ പിന്തുടരുന്നു. അതുകൊണ്ടാണ് പ്രതികരിക്കാൻ തീരുമാനിച്ചത്. പ്രതികരിക്കാൻ വൈകിപ്പോയിട്ട് ഒന്നുമില്ല. കൃത്യസമയമാണിത്.' - ഹണി റോസ് പറഞ്ഞു.
ഇനിയും ആ വ്യക്തി എന്നെക്കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞു നടക്കാൻ ആണ് ഉദ്ദേശമെങ്കിൽ നിയമപരമായി നേരിടാൻ തന്നെയാണ് തീരുമാനം. ഇയാൾ എനിക്കെതിരെ ഒന്ന് രണ്ട് വർഷങ്ങൾ മുൻപ് പറഞ്ഞതിനെക്കുറിച്ച് ധാരണയില്ല. അതെന്തുകൊണ്ടെന്നാൽ ആളുകൾ പറയുന്ന പല ഡബിൾ മീനിങ്ങും എനിക്ക് മനസിലാകാറില്ല. നേരിട്ട് മുഖത്ത് നോക്കി പറയുന്ന കാര്യങ്ങൾ ബുദ്ധിമുട്ടുണ്ടായപ്പോഴാണ് പ്രതികരിച്ചത് എന്നും ഹണി റോസ് വ്യക്തിമാക്കി.
Also Read: മരുന്നു കട മുതല്‍ പെട്രോള്‍ പമ്പ് വരെ ഉദ്‌ഘാടനം, പ്രണയവും സൗന്ദര്യ രഹസവും വെളിപ്പെടുത്തി ഹണി റോസ്