ബൊഗോട്ടോ (കൊളംബിയ) :ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് അവരുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കി കൊളംബിയന്‍ പ്രസിഡന്‍റ് ഗുസ്‌താവോ പെട്രോ. ഇസ്രയേല്‍ നടപടികള്‍ വംശഹത്യയിലേക്ക് നീങ്ങുകയാണെന്ന് രാജ്യാന്തര മനുഷ്യാവകാശ പ്രവര്‍ത്തരും വിദഗ്‌ധരും മുന്നറിയിപ്പ് നല്‍കുന്ന സാഹചര്യത്തിലാണ് നടപടി.
ഗാസയിലെ വര്‍ധിച്ച് വരുന്ന പ്രതിസന്ധിയില്‍ രാജ്യാന്തര സമൂഹം കാര്യക്ഷമമായ നടപടികള്‍ കൈക്കൊള്ളണമെന്ന് രാജ്യാന്തര തൊഴിലാളി ദിനത്തില്‍ ബൊഗോട്ടയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവേ പെട്രോ ചൂണ്ടിക്കാട്ടി. ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കരുത്തനായ ഇടത് നേതാവായ പെട്രോ ലാറ്റിന്‍ അമേരിക്കന്‍ രാഷ്‌ട്രീയത്തില്‍ അതികായനായി മാറിക്കൊണ്ടിരിക്കുകയാണ്. പിങ്ക് ടൈഡ് എന്ന പുരോഗമന തരംഗത്തിന്‍റെ ഭാഗമാണ് പെട്രോ. 2022ല്‍ അധികാരത്തില്‍ ഏറിയ നാള്‍ മുതല്‍ ഗാസ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രവര്‍ത്തനങ്ങളുടെ അതിശക്തനായ വിമര്‍ശകനുമാണ് അദ്ദേഹം.
കൊളംബിയയും ഇസ്രയേലും തമ്മിലുള്ള ശത്രുത ഒക്‌ടോബറോടെ കൂടുതല്‍ വഷളായിരുന്നു. നാസികളുടേതിന് സമാനമായ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ്‌സിന്‍റെ പ്രസംഗങ്ങളെ പെട്രോ അപലപിച്ചതോടെയായിരുന്നു ഇത്. ഗാസയെ മനുഷ്യ മൃഗങ്ങളുടെ ആവാസ കേന്ദ്രമെന്ന് ഗാലന്‍റ്സ് അവഹേളിച്ചതാണ് പെട്രോയെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് കൊളംബിയയിലേക്കുള്ള സുരക്ഷ കയറ്റുമതികള്‍ ഇസ്രയേല്‍ നിര്‍ത്തി വയ്ക്കുകയും ചെയ്‌തു.
തുടര്‍ന്ന് പെട്രോ തന്‍റെ വിമര്‍ശനത്തിന് മൂര്‍ച്ച ഏറ്റി. പലസ്‌തീനില്‍ വംശഹത്യയ്ക്കുള്ള ഒരുക്കത്തിലാണ് ഇസ്രയേലെന്നും പെട്രോ ആരോപണമുയര്‍ത്തി. ഇത്തരം പരാമര്‍ശങ്ങള്‍ ഇസ്രയേല്‍ അധികൃതര്‍ക്കും ഇസ്രയേല്‍ അനുകൂല സംഘടനകള്‍ക്കും അതൃപ്‌തിയുണ്ടാക്കി.