ബെയ്‌ജിങ്: തായ്‌വാൻ ഇന്ത്യയിലെ മൂന്നാമത്തെ ഓഫിസായ തായ്‌പേയ് ഇക്കണോമിക് ആൻഡ് കൾച്ചറൽ സെന്‍റര്‍ മുംബൈയിൽ തുറന്നതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ നയതന്ത്രപരമായ പ്രതിഷേധം അറിയിച്ച് ചൈന. ലോകത്ത് ഒരു ചൈന മാത്രമേയുള്ളൂവെന്നും തായ്‌വാൻ ചൈനയുടെ അവിഭാജ്യ ഭാഗമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് വ്യക്തമാക്കി.
ചൈനയുമായി നയതന്ത്രബന്ധം പുലർത്തുന്ന രാജ്യങ്ങള്‍ തായ്‌വാനുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതും അവരോട് ആശയവിനമിയം നടത്തുന്നതും ചൈന ശക്തമായി എതിർക്കുന്നുവെന്നും അവര്‍ പറഞ്ഞു. മുംബൈയില്‍ തായ്‌വാൻ പ്രതിനിധി ഓഫിസ് ആരംഭിച്ചതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഏക ചൈന എന്ന തത്ത്വമാണ് ഇന്ത്യ പിന്തുടരേണ്ടതെന്നും ഇന്ത്യ-ചൈന ബന്ധത്തിന്‍റെ രാഷ്ട്രീയ അടിത്തറ അതായിരിക്കണമെന്നും മാവോ പറഞ്ഞു.
തായ്‌വാനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വിവേകത്തോടെയും ശരിയായ രീതിയിലും പരിഹരിക്കണമെങ്കില്‍ ഇന്ത്യ തായ്‌വാനുമായി ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക ഇടപെടലുകൾ നടത്തരുത്. തായ്‌വാൻ വിഷയത്തില്‍ ഇന്ത്യയുടെ പ്രതിബദ്ധതകൾ കർശനമായി പാലിക്കണമെന്ന് ചൈന ഇന്ത്യയോട് ആവശ്യപ്പെടുന്നുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിന് വെറുതെ തടസം സൃഷ്‌ടിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-തായ്‌വാൻ ബന്ധം:
തായ്‌വാൻ സർക്കാർ തങ്ങളുടെ മൂന്നാമത്തെ തായ്‌പേയ് ഇക്കണോമിക് ആൻഡ് കൾച്ചറൽ സെന്‍റര്‍ ഓഫിസ് ബുധനാഴ്‌ച മുംബൈയിൽ ഔദ്യോഗികമായി തുറന്നിരുന്നു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്നും തായ്‌വാൻ വിദേശകാര്യ മന്ത്രി ചിയ-ലുങ് ലിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.