സാന്‍റിയാഗോ : ചിലിയില്‍ ഫെബ്രുവരി മാസത്തില്‍ ഉണ്ടായ വന്‍ കാട്ടുതീ ആസൂത്രണം ചെയ്‌ത് നടപ്പാക്കിയതാണെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ അഗ്നിശമന സേനാംഗത്തെയും മുൻ വനപാലകനെയും 180 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ട് വാൽപാറൈസോ കോടതി ജഡ്‌ജി. വാൽപാറൈസോ മേഖലയിൽ ഉണ്ടായ കാട്ടുതീയില്‍ 137 പേർ മരിക്കുകയും 16,000 പേര്‍ക്ക് സ്വവസതികള്‍ നഷ്‌ടമാവുകയും ചെയ്‌തിരുന്നു.
വാൽപാറൈസോയിലെ സന്നദ്ധ അഗ്നിശമന സേനാംഗമായ 22 കാരന്‍ ഫ്രാൻസിസ്കോ മൊണ്ടാക്കയാണ് പ്രധാന പ്രതിയെന്ന് കേസിലെ ചീഫ് പ്രോസിക്യൂട്ടർ ഒസ്വാൾഡോ ഒസാൻഡൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മൊണ്ടാക്കയുടെ വാഹനത്തിൽ തീജ്വാലകളും പടക്കങ്ങളും കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
നാഷനൽ ഫോറസ്റ്റ് കോർപ്പറേഷനിലെ മുൻ ജീവനക്കാരൻ ഫ്രാങ്കോ പിന്‍റോയാണ് പിടിയിലായ മറ്റൊരാൾ. കുറ്റകൃത്യം ആസൂത്രണം ചെയ്തെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. ഇരുവരും പദ്ധതി ആസൂത്രണം ചെയ്‌തതിന് അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കൽ തെളിവുണ്ടെന്ന് വാൽപാറൈസോയുടെ റീജിയണൽ പ്രോസിക്യൂട്ടർ ക്ലോഡിയ പെരിവാൻസിച്ച് പറഞ്ഞു. ആസൂത്രണത്തില്‍ കൂടുതൽ പേർ ഉൾപ്പെടാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.