ബ്രസീലിയ:അടുത്ത യുഎൻ കാലാവസ്ഥാ സമ്മേളനം, COP30 നടക്കുന്നത് ബ്രസീലിലെ ബെലെമിലാണ്. വ്യാപകമായ വനനശീകരണം നടക്കുന്ന ആമസോൺ പ്രദേശത്തിന്‍റെ തലസ്ഥാനമാണിത്. പ്രധാനമായും കന്നുകാലി വളർത്തലിനായാണ് വ്യവസായികള്‍ ഇവിടുത്തെ കാടിനെ ബലികഴിച്ചത്.
വനനശീകരണമുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഇന്നിവിടം ഒരു പ്രധാന കാർബൺ സ്രോതസായി മാറിയിരിക്കുകയാണ്. ലോകത്ത് ബീഫ് ഉല്‍പാദിപ്പിക്കുന്നതില്‍ രണ്ടാം സ്ഥാനവും ഇതിന്‍റെ കയറ്റുമതിയില്‍ രണ്ടാം സ്ഥാനവുമാണ് ബ്രസീലിനുള്ളത്. ഇവിടുത്തെ 80% മുൻനിര ബീഫ്, പശു, തുകൽ കമ്പനികളും വനനശീകരണം തടയുന്നതിനായി കാര്യമായി ഒന്നും തന്നെ ചെയ്യുന്നില്ലെന്നത് ഇതിന്‍റെ ആക്കം കൂട്ടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പരിസ്ഥിതി സംഘടനയായ ഗ്ലോബൽ കനോപ്പി ഇതു സംബന്ധിച്ച് നടത്തിയ പഠനം ഏറെ ശ്രദ്ധേയമാണ്. അവര്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള 175 ബീഫ്, തുകൽ കമ്പനികളെയും അവര്‍ക്ക് പിന്തുണ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ യാതൊരു ശ്രദ്ധയും പുലര്‍ത്തുന്നില്ലെന്നാണ് പറയുന്നത്. കമ്പനികള്‍ക്ക് 100 ബില്യൺ ഡോളറിലധികമാണ് ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മാസം അസർബൈജാനിലെ ബാക്കുവിൽ നടന്ന കാലാവസ്ഥാ സമ്മേളനത്തില്‍ (COP29 ) വികസ്വര രാജ്യങ്ങളിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക്, സമ്പന്ന രാജ്യങ്ങൾ വാഗ്‌ദാനം ചെയ്‌ത വാർഷിക ധനസഹായത്തിന്‍റെ മൂന്നിലൊന്നാണ് ഈ തുക. കാലാവസ്ഥ സംരക്ഷണത്തിനായി ഒരു വശത്ത് വലിയ പരിശ്രമങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത് അതു ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നതിന്‍റെ നേര്‍സാക്ഷ്യമാണ് ഈ കണക്ക്.