സന : യെമന്‍ തീരത്ത് കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 13 പേർ മരിച്ചു. 14 പേരെ കാണാതായി. യെമനിലെ തായ്‌സ് ഗവർണറേറ്റ് തീരത്ത് ചൊവ്വാഴ്‌ച കുടിയേറ്റ ബോട്ട് മറിഞ്ഞതായി ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) ഇന്ന് പ്രസ്‌താവനയിലൂടെ അറിയിച്ചു.
25 എത്യോപ്യക്കാരും രണ്ട് യെമൻ പൗരന്‍മാരുമായി ജിബൂട്ടിയിൽ നിന്ന് പുറപ്പെട്ട ബോട്ടാണ് യെമനിലെ ബാനി അൽ-ഹകം ഉപജില്ലയിലെ ദുബാബ് ജില്ലയ്ക്ക് സമീപം മുങ്ങിയതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. 11 പുരുഷന്മാരും രണ്ട് സ്‌ത്രീകളുമാണ് അപകടത്തില്‍ മരിച്ചത്. ക്യാപ്റ്റനും സഹായിയും ഉൾപ്പെടെയുള്ള കാണാതായവരെ കണ്ടെത്താൻ തെരച്ചിൽ നടക്കുകയാണെന്നും ഐഒഎം അറിയിച്ചു. ബോട്ട് മുങ്ങിയതിന്‍റെ കാരണം വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ റൂട്ടിലെ കുടിയേറ്റക്കാർ അഭിമുഖീകരിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഓർമപ്പെടുത്തലാണ് ഇപ്പോഴുണ്ടായ ദുരന്തമെന്ന് യെമനിലെ ഐഒഎം ദൗത്യത്തിന്‍റെ ആക്‌ടിങ് ചീഫ് മാറ്റ് ഹ്യൂബര്‍ പ്രതികരിച്ചു. കുടിയേറ്റക്കാർക്ക് അവരുടെ യാത്രയിലുടനീളം സംരക്ഷണവും പിന്തുണയും ഉറപ്പാക്കാൻ കൂട്ടായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും ഹ്യൂബർ കൂട്ടിച്ചേർത്തു. ജൂണിലും ജൂലൈയിലും സമാനമായ കപ്പൽ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഐഒഎം ചൂണ്ടിക്കാട്ടി.
ആഫ്രിക്കയിലെ സംഘര്‍ഷാവസ്ഥകളും പ്രകൃതി ദുരന്തങ്ങളും മോശം സാമ്പത്തിക സ്ഥിതിയും കാരണം പതിനായിരക്കണക്കിന് അഭയാർഥികളും കുടിയേറ്റക്കാരും വര്‍ഷംതോറും ചെങ്കടൽ കടന്ന് ഗൾഫിലെത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. 2023-ൽ 97,200-ല്‍ അധികം ആളുകൾ യെമനിൽ എത്തിയതായി ഐഒഎം പറഞ്ഞു. ഇത് മുൻവർഷത്തെ സംഖ്യയേക്കാള്‍ കൂടുതലാണെന്നും ഐഒഎം വ്യക്തമാക്കുന്നു.
Also Read :ഹെയ്‌തി തീരത്ത് ബോട്ടിന് തീപിടിച്ചു; 40 അഭയാര്‍ഥികള്‍ക്ക് ദാരുണാന്ത്യം