ഗാസ:കഴിഞ്ഞ ദിവസം ഹമാസുമായുള്ള ഏറ്റുമുട്ടലിൽ 21 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ സൈനികർക്ക് നേരെ ഹമാസ് മിസൈൽ വിക്ഷേപിച്ചതാണ് സൈനികർ കൊല്ലപ്പെടാൻ കാരണമായത്. യുദ്ധം ആരംഭിച്ചതിനു ശേഷം ഏറ്റവും പ്രയാസകരമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധത്തിൽ കൊല്ലപ്പെട്ട വീര പോരാളികളുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു. പരിക്കേറ്റവരുടെ ക്ഷേമത്തിനായി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു. നമ്മുടെ വീരന്മാരുടെ പേരിലും ഞങ്ങളുടെ ജീവിതത്തിനുവേണ്ടിയും സമ്പൂർണ്ണ വിജയം വരെ ഞങ്ങൾ പോരാട്ടം തുടർന്നുകൊണ്ടേയിരിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഗാസയിൽ തിങ്കളാഴ്‌ചയുണ്ടായ സ്‌ഫോടനത്തിൽ 21 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഹമാസ് സൈനികർ മിസൈൽ വിക്ഷേപിച്ചതിനെ തുടർന്ന് കെട്ടിടങ്ങൾ തകർന്ന് വീണാണ് 21 സൈനികർ കൊല്ലപ്പെട്ടതെന്ന് ഇസ്രായിൽ സൈനിക വക്താവ് റയർ അഡ്‌മിറല്‍ ഡാനിയൽ ഹഗാരി അറിയിച്ചു. കൂടാതെ കോമ്പൗണ്ട് പൊളിക്കാനായി ഇസ്രായേലി സൈന്യം ഉപയോഗിക്കുന്ന സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിക്കുകയും രണ്ട് കെട്ടിടങ്ങൾ തകരുകയും ചെയ്‌തു. ഇസ്രായേൽ സേനയ്ക്ക് നേരെയുള്ള ഹമാസിന്‍റെ ആക്രമണങ്ങളെ നിരീക്ഷിക്കാനും സേനയ്ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കാനും ചുമതലയുള്ള റിസർവ് ബറ്റാലിയൻ സൈനികരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ അതിർത്തിയിൽ നിന്ന് 600 മീറ്റർ മാറി അൽ മോസി പ്രദേശത്താണ് ആക്രമണം നടന്നത്.
സൈന്യത്തിന് സുരക്ഷയൊരുക്കുന്ന ടാങ്കിന് നേരെ ഹമാസ് മിസൈൽ വിക്ഷേപിച്ച അതേസമയം തന്നെ രണ്ട് ഇരുനില കെട്ടിടങ്ങളിലും സ്ഫോടനം ഉണ്ടായി. സേനയിലെ ഭൂരിഭാഗം സൈനികരും ഈ കെട്ടിടത്തിന്‍റെ അകത്തും പരിസരത്തുമായിരുന്നു ഉണ്ടായിരുന്നതെന്ന് ഐഡിഎഫ് വക്താവ് റിയർ അഡ്‌മിഷൻ ഡാനിയൽ ഹഗാരി പറഞ്ഞു.
അതേസമയം ഈ മാസം ആദ്യം ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസിന്‍റെ രാഷ്‌ട്രീയകാര്യ ഉപമേധാവി കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഹമാസ് നേതാവായ സലേഹ് അൽ-അരൂരി കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടതായി ഹമാസും സ്ഥിരീകരിച്ചു.