ധാക്ക:ബംഗ്ലാദേശില്‍ പൊതു തെരഞ്ഞെടുപ്പ് അടുത്ത വർഷം അവസാനമോ 2026 ആദ്യമോ നടന്നേക്കും. ഓഗസ്‌റ്റ് വിപ്ലവത്തിന് ശേഷം ബംഗ്ലാദേശില്‍ അധികാരത്തില്‍ വന്ന ഇടക്കാല സര്‍ക്കാരിന്‍റെ വക്താവ് മുഹമ്മദ് യൂനുസാണ് സ്റ്റേറ്റ് ടെലിവിഷനിലൂടെ ഇക്കാര്യം അറിയിച്ചത്.
വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ സമ്മതത്തോടെ തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാന്‍ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. രാജ്യത്ത് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനും കമ്മിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ വോട്ടർ പട്ടിക തയ്യാറാക്കുന്നത് പോലെയുള്ള ചില പരിഷ്‌കാരങ്ങളോടെ തെരഞ്ഞെടുപ്പ് നടത്താൻ രാഷ്ട്രീയ പാർട്ടികൾ സമ്മതിച്ചാൽ നവംബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താനാകും.
എന്നാൽ എല്ലാ തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളും ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ ഏതാനും മാസങ്ങൾ കൂടി അധികം വേണമെന്നും യൂനുസ് പറഞ്ഞു. നവീകരിച്ച വോട്ടർ പട്ടികയാണ് പരിഷ്‌കരണങ്ങളിൽ പ്രധാനം. കളളപേരുകള്‍ നീക്കം ചെയ്യേണ്ടതും പുതിയ വോട്ടര്‍മാരുടെ പേര് ചേര്‍ക്കേണ്ടതും വളരെ സങ്കീര്‍ണമായ പ്രക്രിയ ആണ്. വോട്ടെടുപ്പിൽ 100 ശതമാനം പോളിങ് ഉറപ്പാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും യൂനുസ് വ്യക്തമാക്കി. ഇത് നേടിയെടുക്കാൻ കഴിഞ്ഞാൽ, ഒരു സർക്കാരും പൗരന്മാരുടെ വോട്ടവകാശം ഇല്ലാതാക്കാൻ ധൈര്യപ്പെടില്ല എന്നും യൂനുസ് പറഞ്ഞു.