ടിബിലിസി: ജോർജിയയിൽ ഗുഡൗരിയിലെ ഒരു റസ്‌റ്റോറന്‍റിൽ 12 ഇന്ത്യൻ പൗരന്മാരെ മരിച്ച നിലയിൽ കണ്ടെത്തി. കാർബൺ മോണോക്‌സൈഡ് വിഷബാധയേറ്റാണ് പൗരന്മാർ മരിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. വെള്ളിയാഴ്‌ച (ഡിസംബർ 13) കെട്ടിടത്തിൽ വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് എണ്ണയിൽ പ്രവർത്തിക്കുന്ന ജനറേറ്റർ പ്രവർത്തിപ്പിച്ചതായി അധികൃതർ അറിയിച്ചിച്ചുണ്ട്.
പൗരന്മാരുടെ ശരീരത്തിൽ പരിക്കുകളില്ലെന്നും ആക്രമിക്കപ്പെട്ടതിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ജോർജിയയുടെ ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. കൊല്ലപ്പെട്ട 12 പേരും ഇന്ത്യൻ പൗരന്മാരാണെന്ന് ടിബിലിസിയിലെ ഇന്ത്യൻ മിഷൻ പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ട 11 പേർ വിദേശികളും ഒരാൾ ജോർജിയൻ പൗരനുമാണെന്നാണ് ജോർജിയയുടെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നത്. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജോർജിയയിലെ ഇന്ത്യൻ റസ്‌റ്റോറന്‍റിലാണ് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ഇന്ത്യൻ പൗരന്മാരുടെ വിശദാംശങ്ങൾ ലഭിക്കുന്നതിന് പ്രാദേശിക അധികാരികളുമായി ഇന്ത്യൻ മിഷൻ ബന്ധപ്പെട്ടിരുന്നു. അവർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് ഇന്ത്യൻ മിഷൻ പ്രസ്‌താവനയിൽ വ്യക്തമാക്കി.
അശ്രദ്ധമായ നരഹത്യയെ സൂചിപ്പിക്കുന്ന ജോർജിയയിലെ ക്രിമിനൽ കോഡിന്‍റെ ആർട്ടിക്കിൾ 116 പ്രകാരം സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിൻ്റെ കൃത്യമായ കാരണം നിർണയിക്കാൻ ഒരു ഫോറൻസിക് മെഡിക്കൽ പരിശോധന നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.