പത്തനംതിട്ട: റാന്നി മന്ദമരുതി തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം ഇന്നലെ (ഡിസംബര്‍ 15) രാത്രി യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ റാന്നി പൊലീസ് പിടികൂടി. ഒന്ന് മുതൽ മൂന്നുവരെയുള്ള പ്രതികളെ കൊച്ചിയിൽ നിന്നും നാലാം പ്രതിയെ വടശ്ശേരിക്കര നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ചെത്തയ്ക്കൽ നടമംഗലത്ത് വീട്ടിൽ അരവിന്ദ് വി നായർ (30), ശ്രീക്കുട്ടൻ എന്ന ഹരിശ്രീ വിജയ് (28),ചേത്തക്കൽ മലയിൽ വീട്ടിൽ അജോ എം വർഗീസ് (30), ചേത്തക്കൽ കക്കൊടുമൺ നീരേറ്റുകാവ് തെക്കെകുറ്റത്ത് വീട്ടിൽ അക്‌സം (25)എന്നിവരാണ് റാന്നി പൊലീസിന്‍റെ അറസ്റ്റിലായത്.
ഇന്ന് (ഡിസംബര്‍ 15) പുലർച്ചെ നാലോടെ വെച്ചൂച്ചിറയിൽ നിന്നും പൊലീസ് കണ്ടെത്തി. കാർ ഓടിച്ചത് റാന്നി ചേത്തക്കൽ സ്വദേശിയായ കുട്ടു എന്ന അരവിന്ദ് ആയിരുന്നു. ഞായറാഴ്ച്ച റാന്നി ബീവറേജസ് കേർപ്പറേഷന് സമീപം കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ഇരു സംഘങ്ങൾ തമ്മിലുള്ള തര്‍ക്കത്തിനും തുടർന്ന് കൊലപാതകത്തിനും കാരണമായത്.
മരണപ്പെട്ട അമ്പാടിയുമായോ സംഘത്തില്‍ ഉണ്ടായിരുന്നവരുമായോ പ്രതികൾക്ക് മുൻ വൈരാഗ്യം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. മരണപ്പെട്ട അമ്പാടിയുടെ ശരീരത്തിൽ മർദനമേറ്റതിൻ്റെ പാടുകളുണ്ട്. റാന്നിയിൽ സംഘർഷമുണ്ടായ ശേഷം മടങ്ങുമ്പോൾ മന്ദമരുതിയിൽ വച്ച് അമ്പാടി ഫോൺ ചെയ്യാനായി വാഹനത്തിൽ നിന്നിറങ്ങിയപ്പോൾ പ്രതികൾ മാരുതി സിഫ്റ്റ് കാറിൽ അതിവേഗത്തിൽ വന്ന് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം ഭാഗികമായി തകർന്ന അവസ്ഥയിലാണ്. റോഡിൽ വീണ അമ്പാടിയുടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കിയ ശേഷം കാർ പിന്നോട്ടെടുത്ത് വീണ്ടും യുവാവിൻ്റെ ശരീരത്തിലുടെ കയറ്റിയിറക്കിയതായി ഒപ്പമുണ്ടായിരുന്നവർ മൊഴി നൽകി. പിന്നീട് വാഹനം ഉപേക്ഷിച്ച് ഒളിവിൽ പോയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. മദ്യലഹരിയിലാണ് പ്രതികൾ ഈ ക്രൂരമായ കൊലപാതകം നടത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. പ്ലാച്ചേരി ഭാഗത്തു നിന്നും റാന്നി ഭാഗത്തേക്ക് ഓടിച്ചു വന്ന വെള്ള സ്വിഫ്റ്റ് കാറാണ് യുവാവിനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയത്. ഉടൻ തന്നെ അമ്പാടി സുരേഷിനെ റാന്നി മർത്തോമ ആശുപത്രിയിൽ എത്തിച്ച ശേഷം പരിക്ക് ഗുരുതരമായതിനാൽ അവിടെ നിന്നും കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.
തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. അമ്പാടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Also Read: കൂടൽ മുറിഞ്ഞകൽ അപകടം: അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചെന്ന് എഫ്ഐആർ