ധാക്ക:ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. സര്‍ക്കാറിനെതിരായ പ്രക്ഷോഭം രൂക്ഷമായതിന്‍റെ പശ്ചാത്തലത്തിലാണ് രാജി. ഹസീനയും സഹോദരി ഷെയ്ഖ് രഹനയും പശ്ചിമ ബംഗാളില്‍ അഭയം തേടിയെന്നുമാണ് റിപ്പോര്‍ട്ട്.
ഇരുവരും സെനിക ഹെലികോപ്‌ടറിൽ രാജ്യം വിട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. അതേസമയം ഇരുവരും ഫിൻലന്‍ഡിലേക്ക് പോയതായും മറ്റൊരു റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതി ആക്രമിച്ചതിനെ തുടർന്നാണ് ഇരുവരും പലായനം ചെയ്‌തത്.
പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടായിരുന്നു നിലവിലെ പ്രതിഷേധം. ധാക്കയിലേക്ക് ലോങ് മാർച്ച് നടത്താന്‍ പ്രതിഷേധക്കാർ ജനങ്ങളോട് ആഹ്വാനം ചെയ്‌തിരുന്നു. അവാമി ലീഗ് പ്രവർത്തകരും പ്രതിഷേധക്കാരുമായി ഉണ്ടായ സംഘർഷത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടിരുന്നു.
നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് രാജ്യത്ത് ഇന്‍റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കൂടാതെ ആഭ്യന്തര മന്ത്രാലയം രാജ്യത്ത് അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശ് കരസേനാ മേധാവി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം, ബംഗ്ലാദേശിലെ തൊഴില്‍ സംവരണം പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിൽ 200-ൽ അധികം പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് സുപ്രീം കോടതി ഇടപെട്ട് സംവരണത്തിൽ മാറ്റം വരുത്തിയിരുന്നു.
തുടര്‍ന്ന് ക്രമസമാധാനം പുനഃസ്ഥാപിച്ചിരുന്നെങ്കിലും പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാരിനെതിരെ വീണ്ടും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
Also Read: ബംഗ്ലാദേശില്‍ പ്രക്ഷോഭം രൂക്ഷം; കൊല്ലപ്പെട്ടവരുടെ എണ്ണം 100 ആയി,ധാക്കയിലേക്ക് ലോങ് മാര്‍ച്ച്