സിഡ്‌നി: കേരളത്തില്‍ നിന്നടക്കം വിദേശത്തേക്ക് പഠനത്തിനും ജോലിക്കുമായി കുടിയേറാന്‍ കാത്തിരിക്കുന്ന യുവാക്കളുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്‌ത്തുന്ന ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി ഓസ്‌ട്രേലിയ. അടുത്ത വർഷം മുതൽ വിദേശ വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്താൻ ഓസ്‌ട്രേലിയ തീരുമാനിച്ചതായി സർക്കാർ അറിയിച്ചു
കുടിയേറ്റം രാജ്യത്ത് വലിയ രാഷ്‌ട്രീയ കൊടുങ്കാറ്റ് ആണ് ഇളക്കി വിട്ടിരിക്കുന്നത്. കോടിക്കണക്കിന് ഡോളറിന്‍റെ വ്യവസായമാണ് കുടിയേറ്റ മേഖലയില്‍ നടക്കുന്നത്. ഉന്നത വിദ്യാഭ്യാസം, തൊഴിലധിഷ്‌ഠിത പരിശീലനം എന്നിവയ്ക്കായുള്ള പുതിയ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണം 2025-ൽ 270,000 ആയി പരിമിതപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
"ചില സർവ്വകലാശാലകളിൽ അടുത്ത വർഷത്തേക്കാൾ ഈ വർഷം കൂടുതൽ വിദ്യാർത്ഥികളുണ്ടാകുമെന്നാണ് ഇതിനർത്ഥം. മറ്റുള്ളവയിൽ കുറവുണ്ടാകും," നിയമനിർമ്മാണം ആവശ്യമായ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് കൊണ്ട് ക്ലെയർ പറഞ്ഞു. 2023-ൽ ഓസ്‌ട്രേലിയൻ സർവ്വകലാശാലകളിലേക്കും തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കും വിദേശ വിദ്യാർത്ഥികളുടെ മൂല്യം ഓസ്‌ട്രേലിയൻ ഡോളര്‍ 4200 കോടി (US$2800 കോടി ) കവിഞ്ഞതായി ഔദ്യോഗിക രേഖകള്‍ കാണിക്കുന്നു.
2023 ജൂൺ 30 വരെയുള്ള സാമ്പത്തിക വർഷത്തിൽ ഓസ്‌ട്രേലിയൻ അധികൃതർ 577,000-ലധികം അന്താരാഷ്‌ട്ര വിദ്യാർത്ഥി വിസകൾ അനുവദിച്ചു. കോവിഡ്-19 മഹാമാരിക്ക് മുമ്പുള്ള അതേ എണ്ണം അന്തർദ്ദേശീയ വിദ്യാർത്ഥികളെ അടുത്ത വർഷത്തെ കോഴ്‌സുകളില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ക്ലെയർ പറഞ്ഞു.
2025ല്‍ ഇത് സർവ്വകലാശാലകളിലേക്ക് 145,000 പുതിയ വിദേശ വിദ്യാർത്ഥികളും മറ്റ് ഉന്നത വിദ്യാഭ്യാസ ദാതാക്കൾക്ക് 30,000 ഉം തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി 95,000 ആകുമെന്നും സർക്കാർ വ്യക്തമാക്കി. വിസ ചട്ടങ്ങള്‍ പാലിക്കാത്തതിന്‍റെ അപകടസാധ്യത കുറവാണെന്ന് കരുതുന്ന വിദ്യാർത്ഥികൾക്ക് മുൻഗണന നൽകുന്ന സമീപകാല നയം മാറ്റുക എന്നതാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. മറ്റ് സ്ഥാപനങ്ങൾക്കുള്ള വിസകൾ ഗണ്യമായി മന്ദഗതിയിലാക്കുമ്പോൾ മികച്ച റാങ്കുള്ള സർവ്വകലാശാലകൾക്ക് അനുകൂലമായ ഒരു സംവിധാനമാകും സ്വീകരിക്കുക.
അതേസമയം സര്‍ക്കാരിന്‍റെ പുതിയ നയങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് ഇതിനകം തന്നെ വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു. “കുടിയേറ്റ സംഖ്യകൾ നിയന്ത്രിക്കാനുള്ള സർക്കാരിന്‍റെ അവകാശം ഞങ്ങൾ അംഗീകരിക്കുന്നു, എന്നാൽ ഇത് ഏതെങ്കിലും ഒരു മേഖലയുടെ ചെലവിൽ ചെയ്യരുത്, പ്രത്യേകിച്ച് വിദ്യാഭ്യാസം പോലെ സാമ്പത്തികമായി പ്രാധാന്യമുള്ള ഒന്ന്,” യൂണിവേഴ്‌സിറ്റി ഓസ്‌ട്രേലിയ ചെയർമാൻ ഡേവിഡ് ലോയ്‌ഡ് പറഞ്ഞു.